അതിരാവിലെ കതക് തുറന്ന വീട്ടുകാര്‍ അതിഥിയെ കണ്ട് ഞെട്ടി; വീട്ടുവരാന്തയില്‍ ചീങ്കണ്ണി
തൃശ്ശൂർ: അതിരപ്പളളിയിലെ ഒരു വീട്ടുവരാന്തയില്‍ ചീങ്കണ്ണി. സാബു തച്ചേത്തിന്റെ വീട്ടിലാണ് ചീങ്കണ്ണി എത്തിയത്. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ചീങ്കണ്ണിയെ പിടികൂടി പുഴയിൽ വിട്ടു.
പുഴയുടെ അരികിലാണ് സാബുവിന്റെ വീട്.പുലർച്ചെ രണ്ടു മണി മുതൽ വീടിന്റെ വരാന്തയിൽ തട്ടലുംമുട്ടലും കേട്ടാണ് സാബുവിന്റെ ഭാര്യ വാതില്‍ തുറന്നത്.പൂർണ വളർച്ചയെത്തിയ ഭീമൻ ചീങ്കണ്ണിയായിരുന്നു അതിഥി.ചീങ്കണ്ണിയെ കണ്ട് ഭയന്ന് ഭർത്താവിനെയും മറ്റും വിളിച്ചുണർത്തി അതിനെ ഓടിച്ചുവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി അവരുടെ സഹായത്തോടെ ഓടിക്കാൻ ശ്രമിച്ചു. ഇതോടെ ചീങ്കണ്ണി സെറ്റിയുടെ അടിയിൽ കയറി ഒളിച്ചു.
അവിടെയുണ്ടായിരുന്ന പൈപ്പ് ഉപയോഗിച്ച് കുത്തി പുറത്തു ചാടിക്കാൻ നോക്കി. നടക്കാതെ വന്നതോടെ തീപ്പന്തമുണ്ടാക്കി പേടിപ്പിച്ചാണ് വീടിനു പുറത്തെത്തിച്ചത്. കുറച്ചു ദൂരം ഓടി തളർന്നു കിടന്ന ഇതിനെ നാട്ടുകാരുടെ സഹായത്തോടെ ഉദ്യോഗസ്ഥർ കയറുപയോഗിച്ച് കെട്ടിയശേഷം എടുത്ത് അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു താഴെ തുറന്നു വിട്ടു. രാവിലെ ആറുമണി മുതൽ മുതൽ എട്ടരവരെ നീണ്ട രക്ഷാ പ്രവർത്തനത്തിനു ശേഷമാണ് തുറന്നു വിടാനായത്.
സാബുവിന്റെ മകന്റെ രണ്ടു വയസ്സുള്ള കുഞ്ഞ് ഓടി നടക്കുന്ന വരാന്തയിൽ ചീങ്കണ്ണിയെത്തിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. വിനോദ സഞ്ചാരികളായി എത്തുന്നവർ വെള്ളച്ചാട്ടത്തിനു താഴെയുള്ള പ്രദേശത്ത് കുളിക്കാനിറങ്ങുന്നത് അപകടകരമാണെന്ന് പ്രദേശവാസികൾ മുന്നറിയിപ്പു നൽകുന്നുണ്ട്. മറ്റു പ്രദേശങ്ങളിൽനിന്നും യുവാക്കളെത്തി ഇവിടെ കുളിക്കാൻ ഇറങ്ങി വെള്ളത്തിൽ മുങ്ങി അപകടമുണ്ടാകുന്നതും പതിവാണ്.ഇതിനെതിരെ വനം ഉദ്യോസ്ഥരും പൊലീസും കടുത്ത മുന്നറിയിപ്പ് നൽകുന്നുണ്ട്.
വെള്ളച്ചാട്ടത്തിനു താഴെയുള്ള പ്രദേശം ചീങ്കണ്ണികളുടെ ആവാസമേഖലയാണ്. ഇവിടെ ചില സമയങ്ങളിൽ ചീങ്കണ്ണികൾ വെയിലിൽ കിടന്നത് വിനോദ സഞ്ചാരികൾക്കുള്ള കാഴ്ചയായിട്ടുണ്ട്. എന്നാൽ കരയിൽ ജനവാസ മേഖലയിലേയ്ക്ക് കയറി വരുന്നത് പതിവല്ല. രണ്ട് മാസം മുൻപ് ചീങ്കണ്ണി കരയ്ക്ക് കയറിയ സംഭവം വാർത്തയായിരുന്നു.