ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗത്തിന് കാരണം ഇതാണ്; നിര്‍ണായക തെളിവുമായി എയിംസ്
ആന്ധ്രാപ്രദേശിലെ അജ്ഞാതരോഗത്തിനെ കുറിച്ച് നിര്‍ണായക തെളിവുകളുമായി ഡല്‍ഹി എയിംസ്.
രോഗം ബാധിച്ചവരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ നിന്ന് ലെഡിന്റെയും നിക്കലിന്റെയും അംശം കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തുപേര്‍ സാമ്പിള്‍ പരിശോധിച്ചതില്‍ നിന്നാണ് ലെഡ്, നിക്കല്‍ എന്നീ സാന്ദ്രത കൂടിയ ലോഹങ്ങളുടെ അംശം രക്തത്തിലുണ്ടെന്ന നിഗമനത്തിലേക്ക് എയിംസ് എത്തിയത്. ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
കുടിവെളളത്തിലൂടെയോ പാലിലൂടെയോ ആളുകളുടെ ഉളളില്‍ എത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം. റിപ്പോര്‍ട്ടിന് പിന്നാലെ മുഖ്യമന്ത്രി വൈഎസ് ജഗന്‍ റെഡ്ഡി പ്രദേശത്തുളളവരെ അടിയന്തരമായി പരിശോധനയ്ക്ക് വിധേയമാകാന്‍ നിര്‍ദേശം നല്‍കി.
അതേസമയം, ഇതുവരെ 461 പേര്‍ രോഗമുക്തി നേടി ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി. ബാക്കിയുളളവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുളളതായി അധികൃതര്‍ അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും പ്രതിനിധികള്‍ ഏലൂരുവിലെത്തി സ്ഥിതി വിലയിരുത്തി.
കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശിലെ ഏലൂരുവില്‍ രോഗികള്‍ അപസാമാരം, ഛര്‍ദ്ദി, വയറിളക്കം , പെട്ടെന്ന് ബോധരഹിതരാവുക തുടങ്ങിയ ലക്ഷ്ണങ്ങളോടെ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.