കെ.എം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെ നോട്ടീസ്
കണ്ണൂര്‍: അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിയുടെ ഭാര്യ ആശയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെ നോട്ടീസ്. വേങ്ങേരി വില്ലേജിലെ ഭൂമിയില്‍ അനധികൃതമായി വീട് വെച്ചസാഹചര്യത്തിലാണ് നോട്ടീസ്. ഡിസംബര്‍ 17ന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ചട്ടവിരുദ്ധമായി വീട് നിര്‍മിച്ച ഭൂമിയില്‍ കോര്‍പറേഷന്‍ സര്‍വ്വേ നടത്തിയാണ് കയ്യേറ്റം കണ്ടെത്തിയത്. 3200 ചതുരശ്രയടിക്കാണ് കോര്‍പ്പറേഷനില്‍നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് കോര്‍പ്പറേഷന്‍ നടത്തിയ അളവെടുപ്പില്‍ വ്യക്തമായത്. 2016-ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്പര്‍ ലഭിച്ചിരുന്നില്ല. മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ആശയുടെ പേരിലാണ് ഭൂമി. അതിനാല്‍ ഇക്കാര്യത്തില്‍ ആശ വിശദീകരണം നല്‍കണം.ഈ ഭൂമിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് എംകെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട്ടെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വച്ചാണ് മൊഴിയെടുത്തത്. കെ എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേര്‍ന്നാണെന്നുള്ള പരാതിയുടെ ഭാഗമായിട്ടാണ് മൊഴിയെടുത്തത്.
അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 2014 ല്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. കോഴവാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നാണ് വിജിലന്‍സ് എഫ്ഐആര്‍. സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധനിച്ചതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും എഫ്ഐആറില്‍ പറയുന്നു.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമണെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്നുമാണ് ആദ്യ ഘട്ടം മുതല്‍ കെ എം ഷാജിയുടെ നിലപാട്.