അമിത്ഷായെ ചോദ്യം ചെയ്ത് കർഷകർ, എന്തിന് 13 സംഘടനകളെ മാത്രം ചർച്ചയ്ക്ക് വിളിച്ചു?അമ്പരപ്പിൽ കേന്ദ്രം

അമിത് ഷാ നേരിട്ട് കളത്തിൽ ഇറങ്ങിയിട്ടും കർഷകരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ 13 കർഷക സംഘടനാ നേതാക്കളും ആയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ രാത്രി ചർച്ച നടത്തിയത്. വിവാദമായ 3 കാർഷിക നിയമങ്ങൾ പിൻവലിക്കാനാവില്ലെന്ന് വ്യക്തമാക്കിയ അമിത് ഷാ പ്രക്ഷോഭം പിൻവലിക്കണമെന്ന് കർഷകരോട് ആവശ്യപ്പെട്ടു. എന്നാൽ നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം പിൻവലിക്കില്ല എന്നുപറഞ്ഞ് കർഷകർ അർദ്ധരാത്രിയോടെ യോഗം വിട്ട് ഇറങ്ങി.

ഇന്ന് കൃഷി മന്ത്രിയുമായുള്ള ചർച്ച കർഷകർ ബഹിഷ്കരിക്കുകയാണ്. ഇതോടെ അമിത്ഷായുടെ ചർച്ച വെളുക്കാൻ തേച്ചത് പാണ്ടായത് പോലെയായി. പ്രാദേശിക,സ്വകാര്യ ചന്തകൾക്ക് തുല്യപ്രാധാന്യം നൽകുന്ന രീതിയിൽ ഭേദഗതി ആകാമെന്നാണ് അമിത്ഷായുടെ അഭിപ്രായം. എന്നാൽ കർഷകർ ഇത് തള്ളി. നിയമങ്ങൾ സംബന്ധിച്ച് സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ രേഖാമൂലം കൈമാറാമെന്ന് അമിത്ഷാ അറിയിച്ചു. സർക്കാർ നിലപാട് അറിഞ്ഞതിനു ശേഷം മാത്രമേ കേന്ദ്ര കൃഷിമന്ത്രിയുമായി തങ്ങൾ ചർച്ചയ്ക്ക് ഉള്ളൂവെന്ന് കർഷകരും വ്യക്തമാക്കി.

നഷ്ടപരിഹാരത്തിന് കേന്ദ്രം ആത്മാർത്ഥമായി ആഗ്രഹിക്കുന്നില്ലെന്ന് കർഷകർ കുറ്റപ്പെടുത്തി. നിരവധി കർഷക സംഘടനകൾ ഉള്ളപ്പോൾ പതിമൂന്നോളം കർഷക സംഘടനകളെ മാത്രം ചർച്ചയ്ക്ക് വിളിച്ചതിന് കർഷകർ ചോദ്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *