ആരോപണവിധേയനായ ഉന്നതൻ സ്പീക്കർ ശ്രീരാമകൃഷ്ണനോ? കെ സുരേന്ദ്രന്റെ ആരോപണത്തോട് മറുപടി പറയാതെ സിപിഐഎം
സ്വർണക്കടത്തിലെ ഒരു രാഷ്ട്രീയ ഉന്നതനെക്കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ കേരളത്തിൽ സജീവമായി ഉള്ളത്. ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നതൻ എന്ന് ഏവരും പറയുന്നുണ്ടെങ്കിലും ആ പേര് ഇതുവരെ പുറത്ത് വന്നിരുന്നില്ല. അത് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആണ് എന്ന ഗുരുതര ആരോപണം ഉന്നയിച്ചത് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആണ്. പേരുപറയാതെ ആരോപണം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവർത്തിച്ചു.
ഇത്തരമൊരു ആരോപണം ഖണ്ഡിക്കാൻ സി പി ഐ മ്മോ സ്പീക്കറോ ഇതുവരെ മുതിർന്നിട്ടില്ല എന്നതാണ് കൗതുകകരം. കോടതിയിൽ സ്വപ്നം നൽകിയ രഹസ്യമൊഴി സുരേന്ദ്രന് എങ്ങനെ ലഭിച്ചു എന്നതാണ് സിപിഐഎം നേതാക്കൾ ഉയർത്തുന്ന ചോദ്യം.
പാർട്ടി ഇപ്പോൾ സംശയിക്കുന്നത് മറ്റൊന്നാണ്. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള സൗഹൃദം മാത്രമാണ് സ്പീക്കർക്ക് സ്വപ്നയോട് ഉള്ളത് എന്നതാണ് പാർട്ടി കരുതുന്നത്. മാപ്പുസാക്ഷി ആകാനുള്ള വ്യഗ്രതയിൽ സ്വപ്ന ആരുടെയൊക്കെയോ പേര് പറയാനുള്ള ശ്രമത്തിലാണ് എന്നാണ് സിപിഎം വിലയിരുത്തുന്നത്.
കേന്ദ്ര ഏജൻസി രാഷ്ട്രീയം കളിക്കുന്നു എന്നുള്ളതാണ് സിപിഐഎം ഉയർത്തുന്ന ആരോപണം. അതായത് ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സിപിഐഎം കേന്ദ്ര ഏജൻസികളെ പ്രത്യക്ഷമായി വളരെ ശക്തമായി വിമർശിക്കുന്ന ഘട്ടത്തിലേയ്ക്ക് എത്തുമെന്നർത്ഥം.