മണിലാലിന്റെ കൊലപാതകം; ജനവികാരം ഉയരണം: സിപിഐ(എം)

കൊല്ലം മണ്‍റോതുരുത്തില്‍ സിപിഐ(എം) പ്രവര്‍ത്തകനായ മണിലാലിനെ കൊലപ്പെടുത്തിയ ബിജെപിക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് സിപിഐ(എം)സംസ്ഥാന സെക്രട്ടറിയേറ്റ്.

ബിജെപി സംസ്ഥാന പ്രസിഡന്റില്‍ നിന്നും നേരിട്ട് അംഗത്വമെടുത്തയാളാണ് ഈ നിഷ്ഠൂരമായ കൊലപാതകം നടത്തിയത്. കഴിഞ്ഞ നാല് മാസത്തിനുളളില്‍ കൊല ചെയ്യപ്പെടുന്ന അഞ്ചാമത്തെ സിപിഐഎം പ്രവര്‍ത്തകനാണ് മണിലാല്‍. കായംകുളത്തെ സിയാദ്, വെഞ്ഞാറമൂട്ടിലെ ഹഖ്മുഹമ്മദ്, മിഥിലാജ് എന്നിവരെ ആഗസ്റ്റില്‍ വെട്ടിക്കൊന്നത് കോണ്‍ഗ്രസുകാരാണ്. ഇതിനുശേഷം കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് സിപിഐഎം തൃശ്ശൂര്‍ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹിയുമായ സനൂപ് ആര്‍എസ്എസ് കൊലക്കത്തിക്ക് ഇരയായത്.

കൊലപാതക പരമ്പര നടത്തി പ്രകോപനം സൃഷ്ടിക്കാനുളള ബിജെപി-കോണ്‍ഗ്രസ് ശ്രമത്തെ സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാന്‍ കഴിയണം. തിരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ പോലും രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാനുളള ഇക്കൂട്ടരുടെ ശ്രമം ജനാധിപത്യത്തോടുളള വെല്ലുവിളികൂടിയാണ്.

കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറി ആധുനിക സമൂഹത്തിന് അപമാനമായ ബിജെപിക്കും കോണ്‍ഗ്രസിനും തക്കതായ മറുപടി ഈ തിരഞ്ഞെടുപ്പില്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും സിപിഐ(എം) സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *