പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചിട്ടുണ്ട്.
മേൽപ്പാലം അഴിമതിയിൽ തനിക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കാനുള്ള തെളിവുകൾ ഇല്ല, ഒന്നര കൊല്ലമായി അന്വേഷണം നടക്കുന്ന കേസിൽ ഇനി സാക്ഷികളെ സ്വാധീനിക്കാനോ കേസ് അട്ടിമറിക്കാനോ സാധ്യതയില്ലെന്നും ഇബ്രാഹിംകുഞ്ഞിന്‍റെ ഹർജിയിൽ പറയുന്നു.ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിക്കാരന്‍റെ വാദം.
കരാറുകാരായ ആർ ഡി എസ് കമ്പനിക്ക് അഡ്വാൻസ് തുക നൽകിയത് നടപടിക്രമങ്ങൾ പാലിച്ച് ആണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഇതേ തുടർന്നാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്.