കേരള കോൺഗ്രസ് ബി ജില്ലാ ഘടകങ്ങൾ ഇടതുമുന്നണിയുമായി ഇടയുന്നു ,ഇടത് മുന്നണിയിൽ തുടരണോ എന്ന് നേതൃത്വം ആലോചിക്കണമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി

കേരള കോൺഗ്രസ് ബി ഇടതുമുന്നണിയിൽ തുടരണോ എന്ന് നേതൃത്വം ആലോചിക്കണമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി .ഇടതുമുന്നണിയിൽ നിന്ന് അവഹേളനം മാത്രമാണ് ലഭിച്ചതെന്ന് പാലക്കാട് ജില്ലാ പ്രസിഡണ്ട് മോൻസി തോമസ് വാർത്താകുറിപ്പിൽ പറഞ്ഞു .

പോലീസിനെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത് .കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കൂടിയായ മുൻമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ വസതിയിൽ നിന്ന് സൂര്യോദയത്തിന് മുമ്പ് പി എ പ്രദീപിനെ അറസ്റ്റ് ചെയ്തിട്ടും കലിയടങ്ങാത്ത പോലീസ് പട്ടാപ്പകൽ എംഎൽഎയുടെ വീട് റെയ്ഡ് ചെയ്തത് പാർട്ടിയെ പൊതു സമൂഹത്തിൽ അവഹേളിക്കുന്നതിന് തുല്യമാണ് .

ഭരണം ലഭിച്ചിട്ടും മന്ത്രിസഭയിലോ സർക്കാർ സമിതികളിലോ വേണ്ട പ്രാധാന്യം പാർട്ടിയ്ക്ക് ലഭിച്ചിട്ടില്ല ,കൂടാതെ അവഹേളനവും .

തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം ഇടതുമുന്നണിയിൽ നിന്ന് ലഭിച്ചില്ല .മാത്രവുമല്ല ,ലഭിച്ച സീറ്റുകളിൽ റിബലുകളെ നിർത്തിയത് പാർട്ടിയെ തകർക്കാനുള്ള ബോധപൂർവമായുള്ള നീക്കത്തിന്റെ ഭാഗമാണ് .ഈ അവഹേളനം സഹിച്ച് കേരള കോൺഗ്രസ് ബി ഇടതുമുന്നണിയിൽ തുടരണോ എന്ന് നേതൃത്വം ആലോചിക്കണം .സമാന നിലപാടാണ് പാർട്ടിയിൽ ഭൂരിഭാഗം പ്രവർത്തകർക്കുമുള്ളത് – മോൻസി തോമസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *