പെരിയ ഇരട്ടക്കൊലയിലെ തെളിവുകൾ പലതും നഷ്ടപ്പെട്ടു, കൊലപാതകം നടന്ന പ്രദേശങ്ങള്‍ക്കും രൂപമാറ്റം; സി.ബി.ഐക്ക് മുന്നിൽ കടമ്പകളേറെ…
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ തെളിവുശേഖരണത്തിന് സി.ബി.ഐക്ക് മുന്നില്‍ കടമ്പകളേറെ. 2019 ഫെബ്രുവരി 17 രാത്രിയാണ് കൃപേഷ്, ശരത് ലാൽ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കൊല്ലപ്പെട്ടത്. ആദ്യം ലോക്കല്‍ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും കേസില്‍ അന്വേഷണം നടത്തി.
സി.പി.എം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്, ഉദുമ ഏരിയാസെക്രട്ടറി കെ. മണികണ്ഠന്, മുന്‍ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരന്, സജി സി. ജോര്‍ജ്, കെ.എം സുരേഷ്, അനില്‍കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്, സുബീഷ്, മുരളി, രഞ്ജിത്, പ്രദീപ്, മണി എന്നിവരെ പ്രതികളാക്കി ആയിരം പേജുള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചത്. 229 സാക്ഷികളുടെയും 12 വാഹനങ്ങള്‍ ഉള്‍പ്പെടെ 125ലേറെ തൊണ്ടിമുതലുകളുടെയും വിവരങ്ങള്‍, അമ്പതിലേറെ രേഖകള്‍ മുതലായവയും കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുത് നല്‍കുന്നതാണ് കുറ്റപത്രമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ടവരുടെ കുടുംബം നടത്തിയ നിയമപോരാട്ടം ഒടുവില്‍ ഫലം കണ്ടു.
ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിവിധി കഴിഞ്ഞ ദിവസം സുപ്രീംകോടതി ശരിവെക്കുകയും സര്‍ക്കാരിന്റെ അപ്പീല്‍ തള്ളുകയും ചെയ്തതോടെ അന്വേഷണം ഉടന്‍ തന്നെയുണ്ടാകും. ഇരട്ടക്കൊലപാതകം നടന്ന് ഒരു വര്‍ഷവും 10 മാസവും കഴിഞ്ഞാണ് സി.ബി.ഐ അന്വേഷണം യാഥാർത്ഥ്യമാകുന്നത്.
കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഡാലോചന നടന്നുവെന്നാണ് കുടുംബവും കോണ്‍ഗ്രസ് നേതൃത്വവും ആരോപിക്കുന്നത്. ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്ന പ്രമുഖ സി.പി.എം നേതാക്കള്‍ക്കെതിരെയുള്ള അന്വേഷണത്തിനാണ് സി.ബി.ഐ പ്രാധാന്യം നല്‍കുന്നത്. ഗൂഡാലോചനക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്ന 30ലധികം പേരുടെ ഫോണ്‍ നമ്പറുകള്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം സി.ബി.ഐക്ക് നേരത്തെ കൈമാറിയിരുന്നു. ഫോണ്‍കോളുകളുടെ പട്ടിക സൈബര്‍ സെല്ലില്‍ ശേഖരിക്കാനാകുന്ന സമയപരിധി പരമാവധി ഒരുവര്‍ഷമാണ്. ഇത് അഞ്ചുവര്ഷമാക്കണമെന്ന് സി.ബി.ഐ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷ ഇതുവരെ അക്കാര്യം നടപ്പിലായിട്ടില്ല. കേസില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയ ഒട്ടേറെ സ്ഥലങ്ങള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സ്ഥലങ്ങള്‍ക്കെല്ലാം രൂപമാറ്റം വന്നത് സി.ബി.ഐയുടെ തെളിവെടുപ്പിനെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.
മുമ്പ് തെളിവെടുപ്പ് നടന്ന റോഡരികുകളുടെ വീതി കൂട്ടുകയും കാടുകള്‍ വെട്ടിത്തെളിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആദ്യം കണ്ടെത്തിയ കണക്കുകളുമായി ഇപ്പോഴത്തെ തെളിവെടുപ്പ് പൊരുത്തപ്പെടാത്ത അവസ്ഥ ഇതോടെയുണ്ടാകും. കുറ്റപത്രത്തിലെ പോരായ്മകള്‍ അതാത് സ്ഥലങ്ങളിലെ സാഹചര്യതെളിവുകള്‍ നിരത്തിയാണ് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വേണ്ടി അഭിഭാഷകന് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും ധരിപ്പിച്ചിരുന്നത്. ഇതെല്ലാം കൃത്യമായി അടയാളപ്പെടുത്തുക എന്നത് സി.ബി.ഐക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച വാളിന്റെ മൂര്‍ച്ച സംഭന്ധിച്ചും കൊല്ലപ്പെട്ടവരുടെ മുറിവിന്റെ ആഴവും അടക്കമുള്ളവയിലും പൊരുത്തക്കേടുകള്‍ നിലനില്ക്കുന്നു.