പി.എസ്.സി നിയമന ശുപാര്‍ശ ലഭിച്ചിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ പ്രത്യക്ഷ സമര പാതയിലേക്ക്
പി.എസ്.സി നിയമന ശുപാര്‍ശ ലഭിച്ചിട്ടും സ്‌കൂള്‍ തുറക്കാത്തതിനാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത 1632 പേര്‍ക്ക് 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പെടുത്തി നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. അതിന്റെ ഭാഗമായി നിയമനം നല്‍കിയവരുടെ പേര് വിവരങ്ങള്‍ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിയമനം നല്‍കി എന്ന നിലയില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പേര് പ്രസിദ്ധീകരിച്ചിട്ടുള്ള അധ്യാപക ഉദ്യോഗാര്‍ത്ഥികളില്‍ ഒരാള്‍ക്ക് പോലും നിയമനം ലഭിച്ചിട്ടില്ല.
നവംബര്‍ 5ന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ 4962 പേര്‍ക്ക് നിയമനം നല്‍കിയെന്നും അതില്‍ ഹയര്‍ സെക്കന്ററിയില്‍ 92 പേര്‍ക്ക് നിയമനം ലഭിച്ചതായും സൂചിപ്പിച്ചു. നിയമനം നല്‍കാതെ തെറ്റായ കണക്ക് അവതരിപ്പിച്ച് പൊതുജനത്തിന് മുമ്പാകെ നിയമനം നല്‍കിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ 2020 ജനുവരി മുതല്‍ പി.എസ്.സി നിയമന ശുപാര്‍ശ കൈപ്പറ്റിയ എല്‍.പി.സ്‌കൂള്‍തലം മുതല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ തലം വരെ (എല്‍.പി.എസ്.എ,യു.പി.എസ്.എ, എച്ച്.എസ്.ടി,എച്ച്.എസ്.എസ് .ടി) യുള്ള 1600 ല്‍ പരം ഉദ്യോഗാര്‍ത്ഥികളുണ്ട്.
ജനുവരിയിലും ഫിബ്രുവരിയിലും നിയമന ശുപാര്‍ശ ലഭിച്ചവരോട് കെ.ഇ.ആര്‍ റൂള്‍ പ്രകാരം വെക്കേഷന്‍ കഴിഞ്ഞ് ജൂണ്‍ 1 ന് നിയമിക്കും എന്നായിരുന്നു ബന്ധപ്പെട്ട അധികാരികള്‍ മറുപടി നല്‍കിയിരുന്നത്. എന്നാല്‍ തിരുവനന്തപുരം, വയനാട് തുടങ്ങിയ ചില ജില്ലകളില്‍( മറ്റ് പല ജില്ലകളിലും മുമ്പെ നിയമനം ലഭിച്ച ഉദ്യോഗാര്ഥി കള്‍ നിലനില്‍ക്കെ) ഫെബ്രുവരി മാസങ്ങളില്‍ നിയമനം നല്‍കിയിട്ടുമുണ്ട്. [TVM, 2020 ജനുവരി 28ന് UPSA അഡൈ്വസ് ആയ 31പേര്‍ക്ക് 2020ഫെബ്രുവരി 18ന് നിയമനം നല്‍കി. Wynd, 2020 ജനുവരി 22ലെ UPSA അഡൈ്വസ് ന് 2020 ഫെബ്രുവരി 10ന് നിയമനം നല്‍കി.
സ്‌കൂള്‍ ഔദ്യോഗികമായി തുറക്കാത്തതിനാല്‍ വെക്കേഷന്‍ കഴിഞ്ഞതായി കണക്കാക്കാന്‍ കഴിയില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്. എന്നാല്‍ വിക്ടേഴ്‌സ് ചാനല്‍ മുഖേന ഓണ്‍ലൈന്‍ ക്ലാസും അതാത് സ്‌കൂള്‍ മുഖേന ഫോളോ അപ്പും കൃത്യമായി നടക്കുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ മതിയായ അധ്യപകരില്ലാതെ കഷ്ടപ്പെടുകയാണ്. ചില സ്‌കൂളുകളില്‍ ഹയര്‍ സെക്കന്റിയില്‍ ചില വിഷയങ്ങള്‍ക്ക് ഒരു അധ്യാപകന്‍ പോലുമില്ലാത്ത സ്ഥിതിയും നിലവിലുണ്ട്.എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഈയൊരു ബുദ്ധിമുട്ടില്ല.
പി.എസ്.സി നിയമന ശുപാര്‍ശ കിട്ടിയതോടെ ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ഉണ്ടായിരുന്ന തൊഴിലും ഉപേക്ഷിച്ചിരുന്നു. കൂടാതെ കൊറോണ കാരണം മറ്റ് തൊഴില്‍ ലഭിക്കാതെ പലരും കടം വാങ്ങിയും മറ്റുമാണ് ജീവിതം തള്ളിനീക്കുന്നത്.സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അര്‍ഹതപ്പെട്ട ജോലിയില്‍ പ്രവേശിക്കാന്‍ അവസരം നിഷേധിച്ചതിനെതിരെ ഡിസംബര്‍ 9 മുതല്‍ സമരപരിപാടി നടത്താനും തീരുമാനിച്ചതായി അറിയിക്കുന്നു. അഡൈ്വസ് ലഭിച്ചിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളുടെ കൂട്ടായ്മ പ്രതാപ്, ലിജോ.