NEWS

ബംഗാൾ ഉൾക്കടലിലെ ന്യൂന മർദം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സർക്കാർ സംവിധാനങ്ങളോട് തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിരിക്കുകയാണ്.

ഡിസംബർ 1 മുതൽ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് നവംബർ 30 അർദ്ധരാത്രിയോടെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ നവംബർ 30 അർദ്ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ്. ഇന്ന് (29/11/2020) കടലിൽ പോകുന്നവർ നാളെ (30/11/2020) അർദ്ധരാത്രിയോടെ തീരത്ത് നിർബന്ധമായും തിരിച്ചെത്തേണ്ടതാണ്.

ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള നേരിയ സാധ്യതയുള്ളതിനാൽ ഈ മുന്നറിയിപ്പുകൾ കർശനമായി പാലിക്കേണ്ടതാണ്.

ഡിസംബർ 1 മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. ന്യൂനമർദത്തിന്റെ സ്വാധീനം കേരളത്തിലും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ തെക്കൻ കേരളത്തിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

നിലവിൽ കാലവസ്ഥ മോഡലുകളുടെ സൂചന അനുസരിച്ച് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് അതീവ ജാഗ്രത ആവശ്യമുള്ളത്. എന്നിരുന്നാലും തിരുവനന്തപുരം മുതൽ എറണാകുളം വരെ ജാഗ്രത പാലിക്കണമെന്നും ഇനിയുള്ള മുന്നറിയിപ്പുകൾ ശ്രദ്ധയോടെ വീക്ഷിക്കണമെന്നും നിർദേശിക്കുന്നു.

ശക്തമായ കാറ്റിന് സാധ്യത പ്രതീക്ഷിക്കുന്നതിനാൽ ശക്തമായ മേൽക്കൂരയില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മുകളിൽ ഷീറ്റ് പാകിയവരും അവ അടിയന്തരമായി ബലപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്. കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ ഡിസംബർ 2 നോട്‌ കൂടി തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ തയ്യാറെടുക്കുവാൻ റവന്യൂ, തദ്ദേശ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ 1077 എന്ന നമ്പറിൽ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

അതിതീവ്ര മഴ സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും നഗരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. കനത്ത മഴ മലയോര മേഖലയെയും ബാധിച്ചേക്കാം എന്നത് കൊണ്ട് തന്നെ തെക്കൻ കേരളത്തിലെ മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സർക്കാർ സംവിധാനങ്ങൾ ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിച്ചു വരികയാണ്. പൊതുജനങ്ങളുടെ പൂർണ്ണ സഹകരണം അഭ്യർത്ഥിക്കുന്നു.

Back to top button
error: