NEWSVIDEO

കണ്ണൂർ :നിയമസഭയുടെ യഥാർത്ഥ സെമിഫൈനൽ -“പഞ്ചായത്തങ്കം “

നമസ്കാരം ,newsthen – ന്റെ പഞ്ചായത്തങ്കം എന്ന പരിപാടിയിലേയ്ക്ക് സ്വാഗതം .ഓരോ ജില്ലയിലേയിലും തദ്ദേശ ഭരണ ചരിത്രവും നിലവിലെ രാഷ്ട്രീയ സ്ഥിതിയുമൊക്കെ വിലയിരുത്തുന്ന പരിപാടി ആണ് പഞ്ചായത്തങ്കം.

Signature-ad

ഇത്തവണ കണ്ണൂരാണ് പഞ്ചായത്തങ്കം എന്ന പരിപാടിയിൽ .ആദ്യം പൊതു ചിത്രം നോക്കാം .കണ്ണൂർ ജില്ലാ പഞ്ചായത്തിൽ ആകെ 24 ഡിവിഷനുകൾ ആണുള്ളത് .ഇതിൽ എൽഡിഎഫിന്റെ പക്കൽ 15 ഡിവിഷനുകൾ ഉണ്ട് .യുഡിഎഫിന് 9 എണ്ണവും .കണ്ണൂർ കോർപറേഷനിൽ മൊത്തം 55 ഡിവിഷനുകൾ ആണുള്ളത് .യുഡിഎഫിനും എൽഡിഎഫിനും 27 അംഗങ്ങൾ ആണുള്ളത് .കോൺഗ്രസ് വിമതൻ ഒരു സീറ്റിലും .ബ്ലോക്ക് പഞ്ചായത്തുകൾ 11 എണ്ണമാണ് ഉള്ളത് .11 ഉം എൽഡിഎഫിന്റെ പക്കലാണ് .71 ഗ്രാമ പഞ്ചായത്തുകളിൽ 52 എണ്ണവും എൽഡിഎഫിന്റെ പക്കലാണ് ഉള്ളത് .19 പഞ്ചായത്തുകൾ യുഡിഎഫിനോട് ചേർന്ന് നിൽക്കുന്നു .

ഒരു സീറ്റിന്റെ മേൽക്കൈയിൽ ഇപ്പോൾ കണ്ണൂർ കോർപറേഷൻ ഭരിക്കുന്നത് യുഡിഎഫ് ആണ് .നാല് കൊല്ലം ഭരിച്ചത് എൽഡിഎഫും .പ്രതിപക്ഷമില്ലാത്ത നിരവധി പഞ്ചായത്തുകൾ ഉള്ള ജില്ലയാണ് കണ്ണൂർ .ഇവിടങ്ങളിൽ ഒരു മത്സരമെങ്കിലും കാഴ്ചവെക്കുക എന്ന കടമ്പയാണ് യുഡിഎഫിന് മുമ്പിൽ ഉള്ളത് .ആന്തൂർ നഗരസഭയാണ് ഇതിൽ ശ്രദ്ധേയം .പ്രവാസി വ്യവസായിയുടെ ആത്മഹത്യയോടെ വാർത്താകേന്ദ്രം ആയ ആന്തൂർ യുഡിഎഫിന് ചില്ലറ തലവേദന അല്ല സൃഷ്ടിക്കുന്നത് .മൊത്തം 28 വാർഡുള്ള നഗരസഭയിൽ ഇത്തവണ 6 വാർഡുകളിൽ എൽഡിഎഫിന് എതിരില്ല .മലപ്പട്ടം പഞ്ചായത്തിലെ 5 വാർഡുകളിലും തളിപ്പറമ്പ നഗരസഭയിലെ ഒരു വാർഡിലും  കാങ്കോൽ -ആലപ്പടമ്പ പഞ്ചായത്തിലെ 2 വാർഡുകളിലും കോട്ടയം മലബാറിൽ ഒരു വാർഡിലും എൽഡിഎഫിന് എതിരല്ല .

കണ്ണൂർ കോർപറേഷൻ ആണ് ശ്രദ്ധാകേന്ദ്രം .55 ഡിവിഷനുകളിൽ എൽഡിഎഫും യുഡിഎഫും 27 വീതം നേടി ഒപ്പത്തിനൊപ്പം എത്തി .കോൺഗ്രസ് വിമതൻ പി കെ രാഗേഷിന്റെ പിന്തുണയോടെ എൽഡിഎഫ് ഭരണം പിടിച്ചു .രാഗേഷിനെ ഡെപ്യൂട്ടി മേയർ ആക്കി .എന്നാൽ കാലാവധി അവസാനിക്കുന്നതിന് മുമ്പേ രാഗേഷ് ചുവടു മാറ്റി ചവിട്ടിയതോടെ ഭരണം യുഡിഎഫിനായി .

യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേക്കേറിയ എൽജെഡിയ്ക്ക് ശക്തി തെളിയിക്കേണ്ട തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണത്തേത് .എൽജെഡിയ്ക്ക് ഇത്തവണ ആവശ്യപ്പെട്ട സീറ്റുകൾ സിപിഎം നൽകിയിട്ടുണ്ട് .എൽജെഡിയ്ക്ക് പഞ്ചായത്ത് പ്രസിഡന്റുള്ള കുന്നോത്ത്പറമ്പ് പഞ്ചായത്തിൽ എട്ടു സീറ്റിൽ ആണ് പാർട്ടി മത്സരിക്കുന്നത് .

കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനും കണ്ണൂരിലെ മലയോര മേഖലയിൽ ശക്തി തെളിയിക്കേണ്ടതുണ്ട് .ആലക്കോട് ഡിവിഷനിൽ കഴിഞ്ഞ തവണ കോൺഗ്രസ് ജയിച്ചത് ആയിരത്തിലേറെ വോട്ടുകൾക്കാണ് .ഇത്രയും വോട്ടുകൾ അവിടുണ്ട് എന്ന് അവകാശപ്പെടുന്ന ജോസ് വിഭാഗത്തെ തന്നെയാണ് അവിടെ എൽഡിഎഫ് സ്ഥാനാർഥി ആക്കിയിരിക്കുന്നത് .അഞ്ച് ഇടങ്ങളിൽ ഭരണമാറ്റമാണ് കേരള കോൺഗ്രസ് എമ്മിന്റെ വാഗ്ദാനം .ആറളം ,ചെറുപുഴ ,കൊട്ടിയൂർ ,അയ്യൻകുന്ന് ,ഉദയഗിരി പഞ്ചായത്തുകളിലും ശ്രീകണ്ഠപുരം നഗരസഭയിലുമാണ് ഭരണമാറ്റ വാഗ്ദാനം .

കണ്ണൂരിൽ പിന്നാക്കം പോകുന്നത് സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ് .പ്രത്യേകിച്ചും കണ്ണൂർ നേതാക്കൾ ആരോപണവും അന്വേഷണവും നേരിടുന്ന ഈ ഘട്ടത്തിൽ .കണ്ണൂരിൽ സിപിഐഎമ്മിനെ തോൽപ്പിക്കാനായാൽ ബാക്കിയിടത്ത് എളുപ്പമാണെന്ന് യുഡിഎഫ് കരുതുന്നു .ചില പോക്കറ്റുകളിൽ ശക്തി തെളിയിച്ച് സാന്നിധ്യം അറിയിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത് .എന്തായാലും മുന്നണികൾക്ക് പ്രസ്റ്റീജ് പോരാട്ടമാണ് കണ്ണൂരിലേത് .
 

Back to top button
error: