LIFETRENDING

കോഴി മുട്ടയിൽ നിന്നോ ?അതോ ..മുട്ട കോഴിയിൽ നിന്നോ ?ഉത്തരം ബാലചന്ദ്ര മേനോൻ പറയും

തന്റെ സിനിമാ ജീവിത ഏടുകളിലെ ചില സംഭവങ്ങൾ പങ്കുവെക്കുകയാണ് ചലച്ചിത്രകാരൻ ബാലചന്ദ്ര മേനോൻ ഫേസ്ബുക് പോസ്റ്റിലൂടെ.

ബാലചന്ദ്ര മേനോന്റെ ഫേസ്ബുക് പോസ്റ്റ് –

കോഴി മുട്ടയിൽ നിന്നോ ?
അതോ ..
.മുട്ട കോഴിയിൽ നിന്നോ ?

രണ്ടും എന്റെ കാര്യത്തിൽ ശരിയായിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം . അങ്ങിനെ സമർത്ഥിക്കാൻ മതിയായ കാരണവുമുണ്ട്

എന്നെ വായനക്കാർക്ക് പ്രിയപ്പെട്ടവനാക്കിയതിന്റെ പിന്നിൽ മംഗളം വാരികയ്ക്ക് ഒരു പ്രധാന പങ്കുണ്ട് .

1987
എന്റെ സിനിമാ ജീവിതത്തെ ആധാരമാക്കി ആത്മകഥാപരമായ ഒരു ആവിഷ്ക്കാരം , മംഗളം വാരികയുടെ ക്ഷണപ്രകാരമാണ് ഞാൻ തയ്യാറാക്കുന്നത് .’ അമ്മയാണെ സത്യം’ എന്നതിന് പേരുമിട്ടു . ആഴ്ചയിൽ ഒരിക്കൽ എന്ന നിലയിൽ എന്റെ ജീവിതാനുഭവങ്ങൾ മലയാളികളുള്ളിടത്തെല്ലാം ചർച്ചാവിഷയമായി .ആഴ്ചകളോളം വായനക്കാർ അഭിരമിച്ചപ്പോൾ മംഗളത്തിന്റെ സർക്കുലേഷനും കുത്തനെ കൂടി .പിന്നീട് പുസ്തകരൂപത്തിൽ അമ്മയാണെ സത്യം പുറത്തിറക്കിയത് ഡിസി ബുക്ക്സ് ആണ് . വിശ്രുത സാഹിത്യകാരി ശ്രീമതി മാധവിക്കുട്ടി മലയാള സിനിമയിലെ മുത്തശ്ശി ശ്രീമതി ആറന്മുളപൊന്നമ്മക്കു ആദ്യപ്രതി സമ്മാനിച്ചു കൊണ്ട് പുസ്തക പ്രകാശനം നിർവ്വഹിച്ചു .’അമ്മയാണെ സത്യം ‘ എന്ന പ്രയോഗം എന്റെ വകയിൽ പെട്ട ഒരു ബന്ധുവായി മാറി എന്ന് പറയാം …
തീർന്നില്ല ….

1993

ആനി എന്ന പുതുമുഖ നായികയെ അവതരിപ്പിച്ചു കൊണ്ട് ഞാൻ ഒരു സിനിമ തയ്യാറാക്കിയപ്പോൾ എന്ത് കൊണ്ടോ ‘ അമ്മയാണെ സത്യം ‘ എന്ന് പേരിട്ടു …അങ്ങിനെ ഒരു ഹിറ്റ് പുസ്തകത്തിന്റെ പേരിൽ ഒരു സിനിമ ജനിച്ചു …
അതായത് , കോഴി മുട്ടയിൽ നിന്നും ഉണ്ടായി !
ഇനീം തീർന്നില്ല .

1982

ഞാൻ ” ഇത്തിരി നേരം ഒത്തിരി കാര്യം ‘ എന്ന ഒരു സിനിമ സംവിധാനം ചെയ്തു . ബുദ്ധിക്കു പൂർണ്ണ വളർച്ചയില്ലാത്ത ജിജോ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചു ഒരു മെന്റൽ സനറ്റോറിയത്തെ (mental sanatorium ) ആധാരമാക്കിയുള്ള ഈ ചിത്രം അന്നത്തെ കാലത്തു 50 ദിവസം പ്രദർശനവിജയം നേടിയ ഒരു ഹിറ്റ്‌ ചിത്രമായിരുന്നു …

2013

എന്റെ 37 ചിത്രങ്ങളുടെയും പിന്നാമ്പുറ കഥകൾ സമാഹരിച്ചു ഞാൻ പിന്നീട് ഒരു പുസ്തകം പുറത്തിറക്കി .സമൂഹത്തിലെ വിവിധ ശ്രേണികളിൽ നിന്നുമുള്ള 37 പ്രതിഭകളുടെ എന്റെ സിനിമയെ പറ്റി എഴുതിയ കുറിപ്പുകളായിരുന്നു ആ പുസ്തകത്തിന്റെ സവിശേഷത .
ആ പുസ്തകത്തിന് എന്തുകൊണ്ടോ ഞാൻ പേരിട്ടത് ‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്നായിരുന്നു .
അങ്ങിനെ ഒരു ഹിറ്റ്‌ സിനിമയുടെ പേരിൽ ഒരു പുസ്തകം ജനിച്ചു അതായത് , മുട്ട കോഴിയിൽ നിന്നും ഉണ്ടായി !

ഇനി സത്യം പറഞ്ഞാട്ടെ …ഞാൻ പറയുന്നതു വരെ നിങ്ങൾ ആരെങ്കിലും ഇക്കാര്യം ആലോചിച്ചിരുന്നോ ? എനിക്കുറപ്പാ.. .ഇല്ല അതാണെന്റെ കുഴപ്പം . എനിക്ക് വേണ്ടി പറയാൻ ആരുമില്ല ..അതുകൊണ്ട് , ഞാൻ എന്റെ കാര്യം പറയുമ്പോൾ ‘തള്ളുകയാ’ ണെന്നു മാത്രം പറയരുത്.ഏറ്റല്ലോ ….

that’s ALL your honour!

Back to top button
error: