NEWS

തേജ് ബഹാദൂറിന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി

പ്രധാനമന്ത്രി നരേന്ദ്രമോധിയുടെ വാരണാസിയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.എഫ് ഓഫീസര്‍ തേജ് ബഹാദൂര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്. പ്രധാനമന്ത്രിക്കെതിര വാരാണാസിയില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന ബഹാദൂറിന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ചിലരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തന്റെ പത്രിക കമ്മീഷന്‍ തള്ളിയതെന്ന് ബഹാദൂര്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് കോടതി ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. മോദിക്കെതിരെ മത്സരിക്കാന്‍ സമാജ് വാദി പാര്‍ട്ടിയാണ് ബഹാദൂറിന് ടിക്കറ്റ് നല്‍കിയിരുന്നത്. സൈന്യത്തില്‍ നിന്നും പുറത്താക്കിയതിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിക്കാത്തതുകൊണ്ടും ഉത്തരത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയുമാണ് ബഹാദൂറിന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. സൈന്യത്തിലെ പ്രശ്‌നങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്ക് വെച്ചതിന്റെ പേരിലാണ് തേജ് ബഹാദൂറിനെ പുറത്താക്കിയത്. അതില്‍ പ്രതിഷേധിച്ചാണ് നരേന്ദ്രമോദിക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്.

Back to top button
error: