ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിടാന്‍ പറ്റില്ലെന്ന് കോടതി
പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ഇപ്പോള്‍ വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാവില്ലെന്ന് കോടതി നിര്‍ദേശം. ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയില്‍ വിടാനുള്ള ആരോഗ്യസ്ഥിതിയില്ലെന്ന് മനസിലാക്കിയ ശേഷമാണ് കോടതി ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇബ്രാഹിം കുഞ്ഞിന്റെ വൈദ്യ പരിശോധന ഫലം കോടതി നിരീക്ഷിച്ചിരുന്നു. വിജിലന്‍സിന്റെ കസ്റ്റ്ഡി അപേക്ഷ പരിശോധിച്ചപ്പോഴാണ് ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മെഡിക്കല്‍ സംഘമാണ് ഇബ്രാഹിം കുഞ്ഞിനെ പരിശോധിച്ചത്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ ഇപ്പോള്‍ കസ്റ്റഡിയില്‍ വിടാന്‍ പറ്റില്ല എന്ന തീരുമാനത്തില്‍ കോടതി എത്തിച്ചേര്‍ന്നത്.