NEWS

കര തൊടാനൊരുങ്ങി നിവാര്‍: തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത നിര്‍ദേശം

 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച തീരം തൊടുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. ഇതോടെ തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത നിര്‍ദേശത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും ഇപ്പോഴും പരക്കെ മഴ പെയ്യുന്നുണ്ട്. ചെന്നൈ നഗരത്തില്‍ ഇന്നു നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിവാര്‍ ചുഴലിക്കാറ്റ് കര തൊട്ടാല്‍ 50-65 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാഹചര്യം മനസിലാക്കി ജനങ്ങള്‍ പെരുമാറണമെന്നും സര്‍ക്കാര്‍ വേണ്ട നിര്‍ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ചെന്നൈ കോര്‍പ്പറേഷന്‍ അറിയിച്ചു.

കല്‍പ്പാക്കം ന്യൂക്ലിയര്‍ റിയാക്ടര്‍ ടൗണ്‍ഷിപ്പിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിവാര്‍ ചുഴലിക്കാറ്റ് കരയില്‍ നിന്നും പോവുന്നത് വരെ ആരും പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. യുദ്ധകാല അടിസ്ഥാനത്തില്‍ ദ്രുതഗതിയില്‍ കാര്യങ്ങളെ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. കടലില്‍ പോയ മത്സ്യത്തൊഴിലാളികളോട് അടിയന്തരമായി തിരിച്ചെത്തണമെന്ന് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. തമിഴ്‌നാടിനും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിക്കും പ്രധാനമന്ത്രി നരേന്ദ്രമോധി എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് പ്രഖ്യാപിച്ചു. നിവാര്‍ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ചിലയിടത്ത് ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നറിയിച്ചു

Back to top button
error: