NEWSTRENDING

വിജിലന്‍സ് അന്വേഷണം സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

പ്രതിപക്ഷത്തുള്ള സകല നേതാക്കളെയും കള്ളക്കേസില്‍ കുടുക്കി അഴിക്കുള്ളിലാക്കാമെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും വിചാരിക്കെണ്ടെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓലപ്പാമ്പ് കാട്ടി തങ്ങളെ പേടിപ്പിക്കാന്‍ നോക്കണ്ടെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. തനിക്കെതിരെ ഉയര്‍ത്തിക്കൊണ്ട് വന്ന ബിജു രമേശിന്റെ ആരോപണം ഏജന്‍സികള്‍ മുന്‍പ് അന്വേഷിച്ച് തള്ളിയതാണെന്നും റിപ്പോര്‍ട്ട് കോടതിക്ക് മുന്‍പിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസ് ഒതുക്കി തീര്‍ക്കാന്‍ ബിജു രമേശിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്്ദാനം ചെയ്തു എന്ന ആരോപണത്തില്‍ എന്തുകൊണ്ട് അന്വേഷണം ഉണ്ടാകുന്നില്ലെന്നും കോണ്‍ഗ്രസ്സ് ചോദിക്കുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മുന്നോട്ട് പോയാല്‍ കോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങളെപ്പറ്റിയാണ് കോണ്‍ഗ്രസ്സ് പാളയത്തിലെ ഇപ്പോഴത്തെ ആലോചന.

സ്വര്‍ണക്കള്ളക്കടത്ത് കേസും, മയക്കു മരുന്ന് കേസും അട്ടിമറിക്കാനുള്ള വ്യഗ്രതയാണ് സര്‍ക്കാരിനെക്കൊണ്ട് ഇപ്പോള്‍ ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്, സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് കളിക്കുന്ന കളിക്ക് നിയമസഭയേയും ഉപയോഗിക്കുകയാണ്. അന്വേഷണത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ പലതരത്തില്‍ കളിച്ചിരുന്നു. സ്വ്പനയ്ക്ക് ബാംഗ്ലൂര്‍ക്ക് കടക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തു, സിബിഐ അന്വേഷണം ആരംഭിച്ചപ്പോള്‍ അത് തടയാന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു, പ്രോട്ടോക്കോള്‍ ഓഫീസിലെ തീപിടുത്തം, ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോയി, സ്വപ്‌നയുടെ ശബ്ദ സന്ദേശം പുറത്ത് വിട്ടു, ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിനിടയില്‍ ബാലാവകാശ കമ്മീഷനെ ഇറക്കിയുള്ള നാടകം ഉള്‍്്പ്പടെ സര്‍ക്കാരും പാര്‍ട്ടിയും പല തരത്തില്‍ കേസിനെ വഴി മാറ്റി വിടാന്‍ ശ്രമിച്ചിരുന്നു. ഇതിനെല്ലാം പിന്നില്‍ മുഖ്യമന്ത്രിയും, അദ്ദേഹത്തിന്റെ ഓഫീസിലെ ഗൂഡസംഘവുമാണ്. രമേശ് ചെന്നിത്തല തുറന്നടിച്ചു.

Back to top button
error: