LIFENEWS

ഉർവശി ശാപം ഉപകാരം ,കിഫ്‌ബി വിവാദം ഗുണം ചെയ്‌തെന്ന് സിപിഐഎം

നിരവധി ആരോപണങ്ങളിലും വിവാദങ്ങളിലും നട്ടം തിരിയുകയാണ് സർക്കാർ .ഈ സമയത്താണ് മറ്റൊരു വിവാദമായി കിഫ്‌ബി വരുന്നത് .വിവാദങ്ങളെ വികസനം കൊണ്ട് നേരിടാമെന്ന സിപിഐഎം ചിന്തയ്ക്ക് ശക്തി പകരുന്നതായി ഇത് .കിഫ്‌ബി വഴിയുണ്ടായ വികസനം ചൂണ്ടിക്കാട്ടി ആയിരുന്നു സർക്കാരിന്റെ പ്രതിരോധം .ഇതോടെ തെരഞ്ഞെടുപ്പ് വേളയിൽ വികസനം ഒരു ചർച്ചയായി .ഇത് പാർട്ടിയ്ക്കും സർക്കാരിനും ഗുണകരമായെന്നാണ് സിപിഐഎം വിലയിരുത്തൽ .

കേന്ദ്ര ഏജൻസികളുടെ അന്വേഷണം സർക്കാരിന് തലവേദന ആണ് .മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കർ അഴിക്കുള്ളിലായത് വൻ തിരിച്ചടിയായി .എന്നാൽ കെ ഫോൺ അടക്കമുള്ള പദ്ധതികളിലേയ്ക്ക് അന്വേഷണം നീളുന്നു എന്ന സൂചന ലഭിച്ചതോടെ സർക്കാരിന് പിടിവള്ളിയായി .ജനോപകാരപ്രദമായ പദ്ധതികൾക്കെതിരെയുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ ഉപകരണമായി അന്വേഷണത്തെ ചിത്രീകരിക്കാൻ ഭരണപക്ഷത്തിനായി .

കേന്ദ്ര ഏജൻസികൾക്ക് രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന വികാരമാണ് താഴെ തട്ടിൽ എന്നാണ് സിപിഐഎം കമ്മിറ്റികൾ മേൽഘടകത്തിനു നൽകിയ റിപ്പോർട്ടിന്റെ ആകെത്തുക .ക്ഷേമ പെൻഷനും കോവിഡ് കാല റേഷനുമൊക്കെ സർക്കാരിന് അനുകൂലമായ ചിന്ത ഉണ്ടാക്കുന്നുണ്ട് .ആരോഗ്യ -വിദ്യാഭ്യാസ മേഖലയിൽ കിഫ്‌ബി ഉണ്ടാക്കിയ വ്യത്യാസം പ്രകടമാണ് എന്നതാണ് സർക്കാരിന് ആശ്വാസം .വികസന പ്രവർത്തനങ്ങളെ അട്ടിമറിയ്ക്കാൻ ആണ് വിവാദങ്ങൾ എന്ന വാദം ഏശി എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ .

വികസനം തന്നെയാവണം പ്രചാരണത്തിൽ മുമ്പിൽ എന്നാണ് താഴെ തട്ടിലുള്ള പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദേശം .മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം തെരഞ്ഞെടുപ്പ് കാലത്ത് നിർത്താൻ ആയിരുന്നു തീരുമാനമെങ്കിലും അത് തിരിച്ചടിയാവും എന്ന ചിന്തയിൽ പുനരാരംഭിച്ചിട്ടുണ്ട് .

Back to top button
error: