ചിരുവിന്റെ മകന്‍ ‘ചിന്തു’; കുഞ്ഞിന്റെ വിളിപ്പേര് വെളിപ്പെടുത്തി മേഘ്‌നയുടെ അച്ഛന്‍

ചിരഞ്ജീവി സര്‍ജയുടെ അകാല മരണം ഉണ്ടാക്കിയ വേദനയില്‍ നിന്നുളള മോചനമായിരുന്നു ജൂനിയര്‍ ചിരുവിന്റെ വരവ്. മേഘ്‌നയ്ക്ക് ഇനി കൂട്ടായി ആ കണ്മണി പിറന്നതോടെ സര്‍ജ കുടുംബത്തില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സന്തോഷമാണ്. ഏറെ സന്തോഷത്തോടെ ആരാധകരും കുഞ്ഞിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ കുഞ്ഞിന്റെ വിളിപ്പേര് വെളിപ്പെടുത്തിയിരിക്കുകയാണ് മേഘ്‌നയുടെ അച്ഛന്‍ സുന്ദര്‍രാജ്. അവനെ ചിന്തു എന്ന് വിളിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്, ചിരുവിന്റെ മകന്‍ ചിന്തു. അവന്‍ ഞങ്ങളുടെ ചിന്തകളും വേവലാതികളും അകറ്റുന്നവനാണ്, അതുകൊണ്ടാണ് ചിന്തു എന്ന പേര് ഞാന്‍ തിരഞ്ഞെടുത്തത്. ഞങ്ങള്‍ ഒരുപാട് സന്തോഷത്തിലാണ് ഇപ്പോള്‍, ഉടനെ തന്നെ ഗംഭീരമായ പേരിടല്‍ ചടങ്ങും നടത്തും. അതിനുശേഷം ഔദ്യോഗികമായ പേര് വെളിപ്പെടുത്തും’. അദ്ദേഹം പറയുന്നു.

‘എന്റെ പേരക്കുട്ടിയുടെ ജനനം ദൈവത്തില്‍ വിശ്വസിക്കാന്‍ വീണ്ടും ഞങ്ങളെ പ്രേരിപ്പിച്ചു. അവനെ നോക്കുമ്പോഴെല്ലാം ഞങ്ങള്‍ക്ക് ചിരുവിനെയാണ് കാണാനാവുന്നത്. ആ മൂക്ക് പോലും ചിരുവിന്റേതാണ്. കുടുംബത്തില്‍ എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന ഒരാളായാണ് അവന്റെ വരവിനെ ഞങ്ങള്‍ നോക്കി കാണുന്നത്.’ സുന്ദര്‍ രാജ് പറഞ്ഞു.

മേഘ്‌നയുടെ വീട്ടിലാണ് താരവും കുഞ്ഞും ഇപ്പോഴുളളത്. മേഘ്‌ന വളരെ ശക്തയാണെന്നും തന്റെ മകളെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും പറഞ്ഞ സുന്ദര്‍രാജ് മേഘ്‌നയാണ് തങ്ങളുടെ കുടുംബത്തിന്റെയും ശക്തിയെന്നും പറയുന്നു.

വലിയ ആഘോഷമായാണ് മേഘനയുടെ ബേബി ഷവര്‍ ചടങ്ങുകള്‍ സര്‍ജ കുടുംബം നടത്തിയത്. മേഘ്നയുടെയും ചിരുവിന്റെയും വിവാഹ റിസപ്ഷനെ പുനരവതരിപ്പിക്കുന്ന രീതിയിലാണ് അനിയന്‍ ധ്രുവ് വേദി ഒരുക്കിയിരുന്നത്.ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തില്‍ പ്രിയപ്പെട്ട ചിരുവിന്റെ അഭാവം ഉണ്ടാവാതിരിക്കാനായി വേദിയില്‍ മേഘ്നയുടെ അരികിലായി ചിരഞ്ജീവി സര്‍ജയുടെ വലിയൊരു കട്ടൗട്ടും സ്ഥാപിച്ചിരുന്നു.

എല്ലാത്തിനും മുന്‍കൈ എടുത്ത് മുന്നില്‍ നിന്നത് ചിരുവിന്റെ അനിയന്‍ ധ്രുവ് ആയിരുന്നു. ചേട്ടനും അനിയനും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ധ്രുവയും ചിരുവും. ഇപ്പോഴും ചിരുവിന്റെ വേര്‍പാടില്‍ നിന്നു ധ്രുവ മുക്തനായിട്ടില്ല എന്നിരുന്നാലും ചിരുവിന്റെ അസാന്നിധ്യത്തില്‍ മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നല്‍കി എപ്പോഴും ധ്രുവ ഒപ്പമുണ്ട്. കുഞ്ഞതിഥിക്കായി ധ്രുവ് 10ലക്ഷത്തിന്റെ വെളളിത്തൊട്ടില്‍ വാങ്ങിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ഇക്കഴിഞ്ഞ ജൂണിലായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം. ഹൃദയസ്തംഭനമായിരുന്നു മരണ കാരണം. അന്ന് നാല് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ചിരഞ്ജീവിയും മേഘ്‌നയും ജീവിതത്തില്‍ ഒന്നിച്ചത്. ആട്ടഗര എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് പ്രണയത്തിന്റെ തുടക്കം.

പിന്നീട് 2018 ഏപ്രില്‍ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് വിവാഹം. പിന്നീട് മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകള്‍ നടന്നിരുന്നു. മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമായിരുന്നു മേഘ്‌ന രാജ്. രണ്ടാം വിവാഹവാര്‍ഷികത്തിന് ശേഷമായിരുന്നു മേഘ്‌ന ഗര്‍ഭിണിയാണെന്ന വിവരം എല്ലാവരും അറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *