NEWS

സാധ്വി റാം സിയാ ഭാരതി ,മധ്യപ്രദേശിൽ കോൺഗ്രസിൻറെ ഉമാഭാരതി

ധ്യപ്രദേശിലെ മൽഹാര നിയോജക മണ്ഡലം ദേശീയ ശ്രദ്ധ നേടുന്നത് അവിടുത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയെ കൊണ്ടാണ് .രാമകഥ പാടി വോട്ടുപിടിക്കുന്ന സ്ഥാനാർഥി .34 കാരിയായ സാധ്വി റാം സിയാ ഭാരതി ആണ് കോൺഗ്രസ് സ്ഥാനാർഥി .

Signature-ad

സംസ്ഥാനത്ത് കോൺഗ്രസ് ഒരു ഉമാ ഭാരതിയെ കണ്ടെത്തിയെന്നാണ് രാഷ്ട്രീയ വിദഗ്ധർ പറയുന്നത് .ലോധി വിഭാഗത്തിൽ നിന്നുള്ള നേതാവാണ് മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കൂടിയായ ഉമാ ഭാരതി .സാധ്വി റാം സിയാ ഭാരതിയും ലോധി സമുദായത്തിൽ നിന്നുള്ളയാളാണ് .

ഉമാഭാരതിയ്ക്കും സാധ്വി റാം സിയാ ഭാരതിയ്ക്കും പേരിലും സമുദായത്തിലും മാത്രമല്ല സാമ്യം .കഥകൾ വ്യാഖ്യാനിച്ച് പറയുന്ന കഥാവാചക് എന്നാണ് ഇവർ രണ്ടുപേരും അറിയപ്പെടുന്നത് .ഒരേ മണ്ഡലത്തിലാണ് ഇരുവരും സ്ഥാനാർത്ഥികൾ ആയതെന്നതും കൗതുകം .

വിജയ് രാജെ സിന്ധ്യ ആയിരുന്നു കഥാവാചക് ആയിരുന്ന ഉമാഭാരതിയെ രാഷ്ട്രീയത്തിൽ എത്തിച്ചത് .ജ്യോതിരാദിത്യ സിന്ധ്യ ആണ് കഥാവാചക് ആയ സാധ്വി റാം സിയാ ഭാരതിയെ കോൺഗ്രസിൽ എത്തിക്കുന്നത് .പിന്നീട് സിന്ധ്യ കോൺഗ്രസ് വിട്ടു .സാധ്വി റാം സിയാ ഭാരതി കോൺഗ്രസിനൊപ്പം നിന്നു .

കുട്ടികൾ ഇല്ലാതിരുന്ന അമ്മയുടെ സഹോദരി മൂന്നാം വയസിൽ സാധ്വി റാം സിയാ ഭാരതിയെ ദത്തെടുക്കുകയായിരുന്നു .മതഗ്രന്ഥങ്ങളിൽ ആയിരുന്നു സാധ്വി റാം സിയാ ഭാരതിയ്ക്ക് ചെറുപ്പം മുതൽ താല്പര്യം .എട്ടാം വയസിൽ സന്യാസിനിയായി .ഇപ്പോൾ സ്വന്തം ആശ്രമം സ്ഥാപിച്ച് അവിടെയാണ് താമസം .ഒരു അനുയായി വൃന്ദത്തെ തന്നെ ഇവർ വളർത്തിയെടുത്തിട്ടുണ്ടത്രെ .

2018 ലെ തെരഞ്ഞെടുപ്പിൽ മൽഹാര മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു ജയിച്ച പ്രദ്യുമാൻ സിങ് ലോധി ആണ് ബിജെപി സ്ഥാനാർഥി .ഉമാഭാരതിയുടെ അടുത്ത അനുയായി ആയാണ് ഇയാൾ അറിയപ്പെടുന്നത് .പ്രദ്യുമാൻ സിങ് ലോധിയ്ക്ക് വേണ്ടി ഉമാഭാരതി പ്രചാരണത്തിന് ഇറങ്ങുമെന്നും പറയുന്നു .
2018 ൽ സ്ഥാനാർഥി ആകും എന്ന് പ്രതീക്ഷിച്ച ആളാണ് സാധ്വി റാം സിയാ ഭാരതി .എന്നാൽ അതുണ്ടായില്ല .പക്ഷെ രണ്ടു മണ്ഡലങ്ങളിൽ ഇവർ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങി .രണ്ടിലും കോൺഗ്രസ് ജയിക്കുകയും ചെയ്തു .

മൽഹാരയിൽ ലോധി വിഭാഗക്കാരും യാദവ് വിഭാഗക്കാരുമാണ് കൂടുതൽ .ബിജെപിയും കോൺഗ്രസും ലോധി വിഭാഗത്തിൽ നിന്നാണ് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത് .അടുത്തിടെ പാർട്ടിയിൽ ചേർന്ന മുൻമന്ത്രി അഖണ്ഡ പ്രതാപ് സിങ് യാദവ് ആണ് ബിഎസ്പി സ്ഥാനാർഥി .ലോധി വോട്ടുകൾ വിഭജിക്കപ്പെടുമ്പോൾ യാദവ് വോട്ടുകൊണ്ട് ജയിച്ചു കയറാം എന്നാണ് ബിഎസ്പി കരുതുന്നത് .

കാവിവസ്ത്രധാരി എങ്ങിനെയാണ് കോൺഗ്രസിൽ എന്ന ചോദ്യത്തിന് സാധ്വി റാം സിയാ ഭാരതിയ്ക്ക് കൃത്യമായ ഉത്തരമുണ്ട് .തന്റെ മുത്തച്ഛൻ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നുവെന്നു സാധ്വി റാം സിയാ ഭാരതിപറയുന്നു .പിതാവും കോൺഗ്രസിനൊപ്പം ആയിരുന്നു .കാവി ധരിച്ച് കോൺഗ്രസിൽ പ്രവർത്തിക്കുന്നതിന് യാതൊരു തടസവും ഇല്ലെന്നും സാധ്വി റാം സിയാ ഭാരതിവ്യക്തമാക്കുന്നു .

ഈ മണ്ഡലത്തിലെ കോൺഗ്രസ് മുദ്രാവാക്യങ്ങളും ഭക്തിനിര്ഭരമാണ് .രാമനും ഹനുമാനുമൊക്കെ മുദ്രാവാക്യങ്ങളിൽ വന്നുപോകും .പുരാണങ്ങളിലെ നീച കഥാപാത്രങ്ങളോടാണ് സാധ്വി റാം സിയാ ഭാരതി ബിജെപി നേതാക്കളെ ഉപമിക്കുക .

ഇന്ത്യക്കാരെ പരസ്പരം പോരടിപ്പിക്കാൻ ദൈവത്തിന്റെ പേര് ഉപയോഗിക്കുന്നത് ഹിന്ദുത്വത്തിന് എതിരാണ് എന്നാണ് സാധ്വി റാം സിയാ ഭാരതി പറയുന്നത് .ഗോമാതാവിനു വേണ്ടി വാചകമടി മാത്രമാണ് ബിജെപി നടത്തുന്നതെന്നും 1000 ഗോശാലകൾ നിർമ്മിച്ചത് കോൺഗ്രസ് ആണെന്നും സാധ്വി റാം സിയാ ഭാരതി വോട്ടർമാരോട് പറയുന്നു .

മധ്യപ്രദേശ് രാഷ്ട്രീയത്തിലെ മൂന്നാമത്തെ സന്യാസിനി ആണ് സാധ്വി റാം സിയാ ഭാരതി.ഉമാ ഭാരതി ,സാധ്‌വി പ്രഗ്യ സിങ് താക്കൂർ എന്നിവരാണ് മറ്റു രണ്ടുപേർ .

Back to top button
error: