NEWS

വിഴിഞ്ഞം നിര്‍മാണ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം ഉണ്ടാകണം: ഉമ്മന്‍ ചാണ്ടി

വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ച പൊളിഞ്ഞത് അങ്ങേയറ്റം ആശങ്കാജനകമെന്നും സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

നേരത്തെ നല്കിയ ഉറപ്പുകള്‍ പാലിക്കാതിരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ നാട്ടുകാര്‍ രേഖാമൂലമായ ഉറപ്പാണ് ആവശ്യപ്പെടുന്നത്. തുറമുഖ നിര്‍മാണത്തിന് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയുള്ള ഈ സമയത്ത് 18 ദിവസമായി തുടരുന്ന സമരത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ നഷ്ടത്തിന് പരിഹാരം കാണുകയും നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കി നിര്‍മാണ പ്രതിസന്ധി അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണം അനന്തമായി നീണ്ട് വലിയ സാമ്പത്തിക നഷട്ത്തിന് ഇടയാക്കും.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബൃഹത്തായ പുനരധിവാസ പാക്കേജ് നടപ്പാക്കിയശേഷമാണ് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയത്. പാക്കേജില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ വന്ന അര്‍ഹരായവരുടെ പ്രശ്‌നവും പദ്ധതി നിര്‍മാണം സംബന്ധിച്ച പ്രശ്‌നവും പരിഹരിക്കുന്നതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളില്‍ തുടര്‍ചര്‍ച്ചയോ പരാതി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളോ സര്‍ക്കാരിന്റ ഭാഗത്തുനിന്ന് ഉണ്ടാകാതെ വന്നതാണ് പ്രതിസന്ധിക്കു കാരണമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

വന്‍കിട പശ്ചാത്തല പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന് ലഭിക്കേണ്ട പ്രത്യേക പരിഗണനയോ, പപങ്കാളിയെക്കൊണ്ട് സമയബന്ധിതമായി തുറമുഖ പൂര്‍ത്തീകരണത്തിന് കാര്യമായ ശ്രമമോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ, തുറമുഖ കമ്പനിയുടെ ഭാഗത്തുനിന്നോ ഉണ്ടായില്ല. കേന്ദ്രപരിസ്ഥിതി അനുമതിയില്‍ നിര്‍ദേശിച്ചിട്ടുള്ള മത്സ്യബന്ധന തുറമുഖത്തിന്റെയും സീ ഫുഡ് പാര്‍ക്കിന്റെയും നിര്‍മാണം ഇതുവരെ ആരംഭിച്ചില്ല.

വന്‍കിട പദ്ധതി നടപ്പാക്കുമ്പോള്‍ നാടിന് പ്രയോജനം കിട്ടുമെങ്കിലും തദ്ദേശവാസികള്‍ക്ക് ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വിസ്മരിക്കുകയോ അവരുടെ ന്യായമായ ആവശ്യങ്ങളോട് പുറംതിരിയുകയോ ചെയ്യരുത്. പ്രാദേശിക പിന്തുണ ലഭിച്ചതുകൊണ്ടു മാത്രമാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണം യഥാസമയം ആരംഭിക്കാന്‍ കഴിഞ്ഞതെന്ന കാര്യം വിസ്മരിക്കരുതെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Back to top button
error: