സെക്രട്ടേറിയറ്റ് തീപ്പിടുത്തം :സത്യം പറയുന്നവരെ ഐ ജി ഭീഷണിപ്പെടുത്തിയെന്ന് രമേശ് ചെന്നിത്തല
സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫിസിലുണ്ടായ തീപിടിത്തത്തിലെ ഫോറൻസിക് കണ്ടെത്തൽ സർക്കാർ അട്ടിമറിക്കുകയാണ്. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് കണ്ടെത്തിയവരെ ഐജി ഭീഷണിപ്പെടുത്തി. ഫോറന്‍സിക് ഡയറക്ടർ നേരത്തെ വിരമിക്കുന്നതും ഈ ഭീഷണി കാരണമാണെന്നാണ് മനസിലാക്കുന്നത്. കെമിക്കൽ റിപ്പോർട്ട് കോടതിയിൽ നല്‍കരുതെന്നാണ് ഫോറൻസിക് ലാബിന് ലഭിച്ച നിർദേശം.
സർക്കാരിന്റെ വാദം പൂർണമായി പൊളിയുന്ന വേളയിലാണ് ഫോറൻസിക് വകുപ്പിന്റെ തലപ്പത്ത് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്ത് നൽകിയത്. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ്.
ഫോറൻസിക് സയന്റിസ്റ്റുകളെ മാറ്റി പോലീസ് ഉദ്യാഗസ്ഥരെ ഫോറൻസിക് വകുപ്പിന്റെ തലപ്പത്ത് നിയമിക്കുന്നത് അസ്വാഭാവികവും, ഇതുവരെ നടക്കാത്ത കാര്യവുമാണ്. നിഷ്പക്ഷവും നീതിപക്ഷവുമായ നീതിനിർവഹണം നടപ്പാക്കാനും തെളിവ് എടുക്കാനും കഴിയത്തക്ക സംവിധാനമാണ് ഫോറൻസിക് വകുപ്പിൽ നിലവിലുള്ളത്. പ്രൊമോഷൻ വഴി പരിചയസമ്പന്നനായ ഒരു ഫോറൻസിക് സയന്റിസ്റ് നേടേണ്ട സ്ഥാനം ഒരു പോലീസ് ഉദ്യോഗസ്ഥന് നൽകുന്നത് എല്ലാ കേസുകളിലും ഭാവിയില്‍ പൊലീസിനെ വെള്ളപൂശുന്നതിനാണ്. ഫോറൻസിക് വകുപ്പിന്റെ സ്വതന്ത്ര സ്വഭാവമാണ് ഇതുവഴി നഷ്ടപ്പെടുക. ഡിജിപിയുടെ ആവശ്യം സർക്കാർ തള്ളിക്കളയണം.