പാലാ സീറ്റ് ജോസിന് തന്നെ; ധാരണയ്ക്ക് പിന്നില്‍ മുഖ്യമന്ത്രി
ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രഖ്യാപനത്തോടെ മൊത്തം 12 നിയമസഭാ സീറ്റുകളാണ് എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കുന്നത്.ഇതില്‍ 5 എണ്ണം കോട്ടയം ജില്ലയിലാണ് .പാലായും കാഞ്ഞിരപ്പള്ളിയും ഇതില്‍ ഉള്‍പ്പെടും .തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ച എല്ലാ സീറ്റുകളും കേരള കോണ്‍ഗ്രസിന് നല്‍കാമെന്നും എല്‍ഡിഎഫ് വാഗ്ദാനമുണ്ട് .
38 വര്‍ഷത്തെ യുഡിഎഫ് ബന്ധം വിച്ഛേദിച്ച് ജോസ് കെ.മാണി എല്‍ഡിഎഫിലേക്ക് പോകുന്നത് സിപിഎം നേതൃത്വവുമായി കൃത്യമായുണ്ടാക്കിയ ധാരണയെ തുടര്‍ന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് കേരള കോണ്‍ഗ്രസ് (എം)മായുള്ള ധാരണയ്ക്ക് ചുക്കാന്‍ പിടിച്ചത്.
മൂന്ന് ധാരണകളാണ് ഇതുപ്രകാരം നിലനില്‍ക്കുന്നത്. ഒന്നാമതായി
കെ.എം .മാണിയുടെ സ്വന്തം പാല കേരള കോണ്‍ഗ്രസിന് (എം)ന് നിലനിര്‍ത്താം, രണ്ടാമതായി പാലായുള്‍പ്പടെ ആറു സീറ്റുകള്‍, മൂന്നാമതായി ജോസ് കെ.മാണി ഒഴിയുന്ന രാജ്യസഭാ സീറ്റ് സിപിഎം ഏറ്റെടുക്കും.
മാണി സി.കാപ്പന് സമ്മതിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ,പാലാ ജോസ് കെ.മാണിക്ക് നല്‍കേണ്ടി വരുമെന്നും പകരം മറ്റൊരു സീറ്റ് നല്‍കാമെന്നും മാണി സി. കാപ്പനോട് സിപിഎം സൂചിപ്പിച്ചു കഴിഞ്ഞു. സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് കെ.മാണിക്ക് വിട്ടു നല്കാന് സിപിഐയോട് സിപിഎം അഭ്യര്‍ഥിക്കാനും പകരം സിപിഐക്ക് വിജയസാധ്യതയുള്ള സീറ്റ് നല്‍കാനും ധാരണയായിട്ടുണ്ട്. റോഷി അഗസ്റ്റിന് നിലവില്‍ എംഎല്‍യായ ഇടുക്കി, സ്കറിയ തോമസ് കഴിഞ്ഞ തവണ മല്‍സരിച്ച കടുത്തുരുത്തി, സിപിഎമ്മിന് വലിയ സ്വാധീനമില്ലാത്ത തൊടുപുഴ എന്നീ സീറ്റുകള്‍ നല്‍കാമെന്നാണു ധാരണ. പാലായെ ചൊല്ലി എന്‍സിപിയില്‍ പിളര്‍പ്പുണ്ടായാല്‍ കുട്ടനാട് കൂടി കേരള കോണ്‍ഗ്രസിനു (എം) വിട്ടുനല്‍കും.
നിലവിലെ ധാരണകള്‍ക്ക് അപ്പുറത്തേക്കു രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് വിട്ടുവീഴ്ച വേണ്ടി വന്നാല്‍ സഹകരിക്കുമെന്ന് ജോസ് കെ.മാണി സിപിഎം നേതൃത്വത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്. എന്‍സിപിയില്‍ പിളര്‍പ്പുണ്ടാകുമെന്നും എ.കെ. ശശീന്ദ്രന് ഒഴികെയുള്ളവര്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫിലേക്ക് പോകുമെന്നാണ് സിപിഎം വിലയിരുത്തല്‍. പരമ്പരാഗത കേരള കോണ്‍ഗ്രസ് (എം) വോട്ടുകളും ക്രൈസ്തവ വോട്ടുകളും നേടിയെടുക്കാന്‍ ജോസ് കെ.മാണിക്ക് കഴിയുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷ.