TRENDING

ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ മനസിലേക്ക് വന്നത് അനിയന്റെ മുഖമാണ്

കോവിഡ് പിടിമുറിക്കയപ്പോള്‍ ഒരുപാട് പേരുടെ ജീവിതം കൂടിയാണ്
ഒരു നിമിഷം കൊണ്ട് ഇല്ലാതായത്. ലോകത്താകമാനം മനുഷ്യര്‍ ശാരീരകമായും മാനസികമായും തളര്‍ന്നു പോയ ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട് കടന്നു വന്നത്. സാമ്പത്തികമായും ശാരീരികമായും മാനസികമായും മനുഷ്യര്‍ കൊറോണയുടെ മുന്‍പില്‍ മുട്ട് മടക്കി. ഇപ്പോള്‍ അത്തരത്തില്‍ കോവിഡും ലോക്ഡൗണും പിടിമുറിക്കിയപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് എടുത്തെറിയപ്പെട്ടൊരാള്‍ താന്‍ തിരികെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് തിരിച്ചു വന്ന കഥ പറയുകയാണ്.

മലയാള മണ്ണില്‍ ബാലതാരമായും നായികയായും ഒക്കെ തിളങ്ങിയ പ്രീയപ്പെട്ട സനുഷയാണ് താന്‍ അനുഭവിച്ച മാനസിക പിരിമുറുക്കത്തെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുന്നത്.

സനുഷയുടെ വാക്കുകള്‍ ഇങ്ങനെയാണ്
കോവിഡ് കാലം വ്യക്തിപരമായും തൊഴില്‍ പരമായും ഞാനേറ്റവും ബുദ്ധിമുട്ടിയ സമയമായിരുന്നു. ഈ സമയത്താവും എന്റെ ചിരി എന്നില്‍ നിന്നും മാഞ്ഞ് പോയത്. എന്റെ ഉള്ളില്‍ നിറഞ്ഞ് നിന്നിരുന്ന ഇരുട്ടും ഭയവും ആരോട് പറയണമെന്നറിയില്ലായിരുന്നു. പക്ഷേ ആ അനുഭവങ്ങളും എന്നെ വളര്‍ത്തുകയായിരുന്നു. ഡിപ്രഷന്‍, പാനിക് അറ്റാക്ക് ഇതെല്ലാം ഞാന്‍ അനുഭവിച്ച സമയമായിരുന്നു അത്. ആരോടും സംസാരിക്കാതെ, ഒന്നും ചെയ്യാതെ കഴിഞ്ഞ നാളുകള്‍. ഒരു ഘട്ടത്തില്‍ എന്തെങ്കിലും തെറ്റ് ചെയ്തു പോകുമോ എന്ന് തോന്നിപ്പോയ നിമിഷങ്ങല്‍. എങ്ങോട്ടെങ്കിലും ഓടി രക്ഷപെടുക മാത്രമായിരുന്നു ഈ സിറ്റുവേഷനില്‍ നിന്നും രക്ഷപെടാന്‍ എനിക്ക് മുന്‍പിലുണ്ടായിരുന്ന മാര്‍ഗം. അങ്ങനെയാണ് ഞാന്‍ വയനാട്ടിലേക്ക് പോയത്. ഇപ്പോള്‍ കാണുന്ന ചിരിച്ച മുഖവുമായി നില്‍ക്കുന്ന ഫോട്ടോകളില്‍ പലതും അവിടം എനിക്ക് സമ്മാനിച്ചതാണ്. വീട്ടില്‍ പറയാനോ ഒരു ഡോക്ടറെ കാണാനോ എനിക്ക് ഭയമായിരുന്നു. സൈക്യാട്രിസ്റ്റിനെ കാണുന്നത് ഭ്രാന്തുള്ളവര്‍ മാത്രമാണെന്ന് വിശ്വസിക്കുന്നവര്‍ക്കിടയിലാണ് നമ്മള്‍ ജീവിക്കുന്നത്. അതൊരു മോശം കാര്യമാണെന്ന് കരുതുന്നവരുടെ ഇടയിലൂടെ ഡോക്ടറിനരികിലേക്ക് പോവാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഞാന്‍ ആരുമറിയാതെ ഒറ്റയ്ക്ക് പോയി ഡോക്ടറെ കണ്ടു. അദ്ദേഹം മരുന്നും നല്‍കി. ഇനി കാര്യം വീട്ടില്‍ അവതരിപ്പിക്കാമെന്ന ഘട്ടത്തില്‍ കാര്യങ്ങളൊക്കെ വീട്ടില്‍ തുറന്നു പറഞ്ഞു. ചെറിയ പൊട്ടലും ചീറ്റവും ഉണ്ടായെങ്കിലും നിനക്ക് ഞങ്ങളില്ലേ എന്ന് പറഞ്ഞ് അവര്‍ ചേര്‍ത്തു നിര്‍ത്തി.

അനിയനാണ് എന്നെ തിരിച്ചു കൊണ്ടു വന്നതിലെ പ്രധാന ഘടകം. ഞാന്‍ പോയാല്‍ അവന്‍ ഒറ്റയ്ക്കാവില്ലേ എന്ന ചിന്തയാണ് ജീവിക്കണം എന്ന വാശി എന്നില്‍ നിറച്ചത്. തിരികെ വരാന്‍ പറ്റുന്നതൊക്കെ ഞാന്‍ ചെയ്തു. യോഗ, ഡാന്‍സ്, കാട്, യാത്രകള്‍ അങ്ങനെ പുതിയൊരു സനുഷയായി ഞാന്‍ സ്വയം ഉടച്ചു വാര്‍ത്തു കൊണ്ടിരുന്നു. ഇപ്പോള്‍ മെഡിക്കേഷന്‍ ഒക്കെ നിര്‍ത്തി. ജീവിതത്തെ വീണ്ടും സ്‌നേഹിക്കാന്‍ തുടങ്ങി. എന്നെക്കുറിച്ച് ഇപ്പോള്‍ എനിക്ക് അഭിമാനമുണ്ട്. വിട്ടുകൊടുക്കാതിരുന്നതിന്. എല്ലാവരോടും എനിക്കൊന്നേ പറയാനുള്ളു സഹായം തേടുന്നതില്‍ മടി കാണിക്കാതിരിക്കുക. സുഹൃത്തുക്കളോട് പറയാന്‍ പറ്റാത്തത് ഒരു ഡോക്ടറോട് നമുക്ക് പറയാന്‍ പറ്റും. എല്ലാവരും ഒപ്പമുണ്ട്. വെറും വാക്കുകളായി പറയുന്നതല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button