NEWS

എല്ലാവിധ യാത്രാ സൗകര്യങ്ങളും സമ്മേളിക്കുന്ന നഗരമായി കൊച്ചി മാറും -മുഖ്യമന്ത്രി

ന്ത്യയില്‍ത്തന്നെ എല്ലാവിധ യാത്രാസൗകര്യങ്ങളും സമ്മേളിക്കുന്ന ഒരു നഗരമായി കൊച്ചി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി മെട്രോ നിര്‍മ്മാണത്തോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പ്രാഥമിക പ്രവര്‍ത്തികളുടെ ഭാഗമായുള്ള നാലുവരി ചമ്പക്കര പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി മെട്രോ മഹാരാജാസ് കോളേജ് മുതല്‍ പേട്ട വരെ നീട്ടുന്നതിന്‍റെ ഭാഗമായാണ് ചമ്പക്കര കായലിന് കുറുകെ പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്.

ചമ്പക്കര പാലത്തിന്‍റെ ആദ്യഘട്ട നിര്‍മാണം കഴിഞ്ഞവര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. അന്ന് രണ്ടുവരി പാതയാണ് പൂര്‍ത്തിയായത്. ഇപ്പോള്‍ അവസാനഘട്ട നിര്‍മാണവും പൂര്‍ത്തിയായതോടെ പാലം പൂര്‍ണ അര്‍ഥത്തില്‍ ഗതാഗതയോഗ്യമായി. 245 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. വേലിയേറ്റ സമയത്ത് തടസ്സങ്ങളില്ലാത്ത രീതിയില്‍ ജലയാത്ര സജ്ജമാകുംവിധമാണ് പാലം നിര്‍മിച്ചിരിക്കുന്നത്. 50 കോടി രൂപ ചെലവിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്.

കൊച്ചി മെട്രോയുടെ ഭാഗമായി ഡി.എം.ആര്‍.സി നിര്‍മിക്കുന്ന നാലാമത്തെ പാലമാണിത്. നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കൊച്ചി മെട്രോ ഗതാഗതമാര്‍ഗം മാത്രമല്ല, ജീവിതരേഖ കൂടിയാണ്. ഇന്‍ഫോ പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്ന രണ്ടാംഘട്ടം യാഥാര്‍ഥ്യമാവുന്നതോടെ കൊച്ചി മെട്രോയുടെ മുഖച്ഛായ തന്നെ മാറും.

പൊതുജനങ്ങള്‍ക്ക് സംയോജിത ഗതാഗതത്തിന്‍റെ പുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്ന നവീനമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കെ.എം.ആര്‍.എല്ലിന് സാധിക്കുന്നുണ്ട്. കൊച്ചി വാട്ടര്‍ മെട്രോ അത്തരത്തിലൊന്നാണ്. പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്ന വാട്ടര്‍ മെട്രോ അടുത്തവര്‍ഷം ആദ്യം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേമ്പനാട് കായലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങളുടെ പുരോഗതിക്കും ഇത് മുതല്‍ക്കൂട്ടാകും.

യന്ത്രേതര യാത്രയ്ക്കുള്ള മാസ്റ്റര്‍പ്ലാനും കൊച്ചി മെട്രോ തയാറാക്കുന്നുണ്ട്. മെട്രോ ഇടനാഴിയുടെ ഇരുവശവുമുള്ള രണ്ടുകിലോമീറ്റര്‍ ദൂരം ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഒരുക്കലാണ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി നഗരത്തില്‍ മെച്ചപ്പെട്ട കാല്‍നടപ്പാതകള്‍, സൈക്കിള്‍ സവാരിക്കനുകൂലമായ ഇടങ്ങള്‍, ഓട്ടോമാറ്റിക് സൈക്കിള്‍ പാര്‍ക്കിംഗ് എന്നിവ ഏര്‍പ്പെടുത്തുകയാണ്. ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഫസ്റ്റ് ആന്‍റ് ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കാന്‍ സാധിക്കും. കൊച്ചി നഗരത്തെ ഹരിത ഗതാഗതത്തിന് സി.എന്‍.ജി ഇന്ധനം ഉപയോഗിച്ച് ആരംഭിച്ച അനുബന്ധ ടാക്സി, ഓട്ടോ, ബസ് സര്‍വീസ് എന്നിവയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ഇത്തരത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് കൊച്ചിയിലെ കനാലുകളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി നടത്തുന്ന ഇന്‍റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം പദ്ധതിയുടെ നടത്തിപ്പ് സര്‍ക്കാര്‍ കെ.എം.ആര്‍.എല്ലിനെ ഏല്‍പ്പിച്ചത്. 1400 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ അതിവേഗത്തിലാണ്. ഇടപ്പള്ളി കനാല്‍, ചിലവന്നൂര്‍ കനാല്‍, തേവര പേരണ്ടൂര്‍ കനാല്‍, തേവര കനാല്‍, മാര്‍ക്കറ്റ് കനാല്‍, കോന്തുരുത്തി കനാല്‍ എന്നിവയുടെ പുനരുജ്ജീവനമാണ് പദ്ധതിയിലൂടെ സാധ്യമാകുന്നത്. കനാല്‍ ശുചീകരണം, പദ്ധതി ബാധിത പ്രദേശത്തുള്ളവരുടെ പുനരധിവാസം, തീരസംരക്ഷണം, കനാലധിഷ്ഠിത വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പോയകാല പ്രൗഡി വീണ്ടെടുക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: