മലയാളത്തിന്റെ മഹാകവി അക്കിത്തം വിട പറഞ്ഞു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7.55.നായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതിയില്‍ ആശങ്ക ഉളളതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു.
സെപ്റ്റംബര്‍ 24നാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. ജി.ശങ്കക്കുറുപ്പ്, എസ്.കെ പൊറ്റക്കാട്, തകഴി ശിവശങ്കരപ്പിളള,എം.ടി വാസുദേവന്‍ നായര്‍, ഒ.എന്‍.വി കുറുപ്പ് എന്നിവര്‍ക്കുശേഷം ആറാമതു ജ്ഞാനപീഠ പുരസ്‌കാരം നേടിയ മലയാളിയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായ അക്കിത്തം അച്യുതന്‍ നമ്പൂതിരി.
സംസ്ഥാന സര്‍ക്കാര്‍ 2008 എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി അക്കിത്തത്തെ ആദരിച്ചു. 2012ല്‍ വയലാര്‍ അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം മലയാള കവിതയിലെ ആധുനികതയുടെ മുഖമായാണ് വിലയിരുത്തപ്പെടുന്നത്. 1926 മാര്‍ച്ച് 18ന് പാലക്കാട് ജില്ലയിലെ കുമാരനെല്ലൂരില്‍ അമേറ്റൂര്‍ അക്കിത്തത്ത് മനയിലാണ് കവിയുടെ ജനനം.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദര്‍ശനം, പണ്ടത്തെ മേല്‍ശാന്തി, മാനസ പൂജ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, വെണ്ണക്കല്ലിന്റെ കഥ, മനസാക്ഷിയുടെ പൂക്കള്‍, കളിക്കൊട്ടിലില്‍, നിമിഷ ക്ഷേത്രം, അമൃതഗാഥിക, ആലഞ്ഞാട്ടമ്മ എന്നിവയാണ് പ്രധാന കൃതികള്‍.
അരനൂറ്റാണ്ടിലേറെ കാലമായി അക്കിത്തവുമായി ആത്മബന്ധം സൂക്ഷിച്ച കവിയും പത്രാധിപരുമായ പി.ഐ.ശങ്കരനാരായണന്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു.