നടി റിയ ചക്രബർത്തിക്ക് ജാമ്യം
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട
ലഹരിമരുന്നു കേസില്‍ നടി റിയ ചക്രബർത്തിക്ക് ജാമ്യം. ഒരു ലക്ഷം രൂപയുടെ വ്യക്തിപരമായ ബോണ്ടിന്മേൽ ആണ് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. വാദം കേള്‍ക്കല്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. അതേസമയം റിയയുടെ സഹോദരന്‍ ഷോവിക്കിന്റെ ജാമ്യഹര്‍ജി കോടതി തള്ളി.
അതേസമയം കേസ് അന്വേഷണം വഴിതിരിക്കാൻ സുശാന്ത് സിംഗിന്റെ ബന്ധുക്കൾ ശ്രമിക്കുന്നു എന്ന ആരോപണവുമായി റിയയുടെ അഭിഭാഷകൻ രംഗത്ത് വന്നു .ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് തീരുമാനം .
സിബിഐ അന്വേഷണവും എയിംസ് വിദഗ്ധരുടെ കണ്ടെത്തലും ചോദ്യം ചെയ്യുന്ന നിലപാട് സുശാന്തിന്റെ കുടുംബവും അഭിഭാഷകരും അവസാനിപ്പിക്കണമെന്ന് റിയയുടെ അഭിഭാഷകൻ അഡ്വ .സതീഷ് മനീഷിൻഡെ ആവശ്യപ്പെട്ടു .
സെപ്റ്റംബര്‍ നാലിന് അറസ്റ്റിലായ ഷോവിക് നവിമുംബൈ തലോജ ജയിലിലാണ്. സുശാന്തിന്റെ മരണം കൊലപാതകമല്ലെന്ന് എയിംസ് ഫൊറന്‍സിക് സംഘവും, ലഹരിക്കേസും നടന്റെ മരണവും തമ്മില്‍ വലിയ ബന്ധമില്ലെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും വ്യക്തമാക്കിയിരിക്കെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു റിയയുടെ കുടുംബം.
ലഹരിക്കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 20 വരെ നീട്ടിയിരുന്നു. സുശാന്തിന് ലഹരിമരുന്നു ലഭ്യമാക്കാന്‍ ഇടപെട്ടെന്ന കുറ്റത്തിന് സെപ്റ്റംബര്‍ 9നായിരുന്നു റിയ അറസ്റ്റിലായത്.
ജൂണ്‍ 14നാണ് മുംബൈയിലെ അപ്പാര്‍ട്മെന്റില്‍ സുശാന്തിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. റിയ സുശാന്തിനെ മാനസികമായി തളര്‍ത്തിയെന്നും നടന്റെ പണം അപഹരിച്ചെന്നും മരണത്തില്‍ പങ്കുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. മുംബൈ പൊലീസ് അന്വേഷിച്ചിരുന്ന കേസ് ഇപ്പോള്‍ സിബിഐയാണ് അന്വേഷിക്കുന്നത്.