NEWS

കള്ളപ്പണ ഇടപാടിന് തെളിവ്‌; സ്വര്‍ണക്കടത്ത് കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. ഇവരുടെ കള്ളപ്പണ ഇടപാടിന് തെളിവു ലഭിച്ചു എന്നു ചൂണ്ടിക്കാണിച്ചാണ് 303 പേജുള്ള ഭാഗിക കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

സ്വപ്ന സുരേഷ് ഉള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ ഈ നടപടി. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികള്‍ പിഎംഎല്‍എ സെക്ഷന്‍ മൂന്ന് പ്രകാരം കുറ്റക്കാരാണെന്നും വിചാരണ നടത്തി ശിക്ഷിക്കുന്നതിന് തുടര്‍ നടപടികളിലേയ്ക്ക് കടക്കണമെന്നുമാണ് കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Signature-ad

കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയാല്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കും അതിനാലാണ് ഇഡി ഭാഗിക കുറ്റപത്രം ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ആറ് പേരെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് പ്രതികളാക്കിയിട്ടുള്ളത്.

Back to top button
error: