NEWS

കെ സുരേന്ദ്രന്റെ പോക്കിൽ സംസ്ഥാന ആർഎസ്എസിന് അതൃപ്തി ,അമിത് ഷായെ ഇടപെടീക്കാൻ നീക്കം

സംസ്ഥാന ബിജെപി പൊട്ടിത്തെറിയുടെ വക്കിൽ .പാർട്ടിയുടെ പോക്കിൽ ആർഎസ്എസിന് കടുത്ത അസംതൃപ്തി .

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആക്കരുത് എന്നായിരുന്നു സംസ്ഥാന ആർഎസ്എസിന്റെ ആദ്യം മുതലുള്ള നിലപാട് .കഴിഞ്ഞ തവണ ശ്രീധരൻ പിള്ള അധ്യക്ഷനാകുന്നതിനു പകരം സുരേന്ദ്രൻ അധ്യക്ഷൻ ആകേണ്ടതായിരുന്നു .എന്നാൽ സംസ്ഥാന ആർഎസ്എസിന്റെ സമ്മർദ്ദം മൂലം അന്നത്തെ ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയും ആർഎസ്എസ് നോമിനിയുമായ രാംലാൽ നേരിട്ടിടപെട്ടാണ് ശ്രീധരൻ പിള്ളയെ അധ്യക്ഷൻ ആക്കിയത് .അന്നുമുതൽ സുരേന്ദ്രനും ആർഎസ്എസുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ പാതയാണ് തെരഞ്ഞെടുത്തത് .

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായ ശേഷം പാർട്ടി പുനഃസംഘടനയിൽ ആർഎസ്എസിനോട് കൂടിയാലോചന പോലും വേണ്ടെന്നു തീരുമാനിച്ചു .ആർഎസ്എസുമായി അടുപ്പമുള്ളവരൊക്കെ ഒതുക്കപ്പെട്ടു .ദേശീയ കൗൺസിൽ അംഗങ്ങളായവർ പോലും സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്ന് മാറ്റപ്പെട്ടു .

പാർട്ടിയിലെ ഒരു വിഭാഗം മുഴുവൻ മാറിനിൽക്കുമ്പോൾ പ്രശ്നത്തിൽ ഇടപെടാൻ പോലും പറ്റാത്ത അത്ര നിസഹായതയിൽ ആണ് ആർഎസ്എസ് സംസ്ഥാന നേതൃത്വം .ഈ സാഹചര്യത്തിലാണ് ശോഭ സുരേന്ദ്രനും ജെ ആർ പദ്മകുമാറുമൊക്കെ നേതൃത്വം നൽകുന്ന ഒരു പുതിയ ഗ്രൂപ്പ് ഉരുത്തുരിഞ്ഞ് വരുന്നത് .സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിൽ 70 ഓളം മണ്ഡലം പ്രസിഡന്റുമാർ പുതുതായി നിയമിക്കപ്പെട്ടവരാണ് .പ്രാദേശിക തലത്തിൽ നല്ല ബന്ധങ്ങൾ ഉള്ള പഴയ നേതാക്കളെ ഒഴിവാക്കിയാണ് പുതിയ നിയമനം എന്നാണ് ആക്ഷേപം .

പ്രാദേശിക തലത്തിൽ അതൃപ്തിയുള്ളവരെ കൂടി തങ്ങളോടൊപ്പം നിർത്താനുള്ള പ്രവർത്തനത്തിലാണ് പുതിയ ഗ്രൂപ് .ജില്ലാതലത്തിലേക്കും മണ്ഡലം തലത്തിലേക്കും പുതിയ ഗ്രൂപ്പിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ അന്ന് തീരുമാനം .മുൻ ട്രെഷറർ ആയ കൊല്ലം സ്വദേശി ശ്യാംകുമാറിനെ ആണ് പ്രവർത്തനങ്ങളുടെ ഏകോപനം നടത്താൻ വേണ്ടി പുതിയ ഗ്രൂപ് തീരുമാനിച്ചിട്ടുള്ളത് .

ഈ സാഹചര്യത്തിൽ വിഷയത്തിൽ അമിത് ഷായെ ഇടപെടീക്കാൻ ഉള്ള നീക്കങ്ങൾ നടക്കുന്നുണ്ട് എന്നാണ് വിവരം .ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കിൽ സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി ഉറപ്പാണ് എന്നാണ് ആർഎസ്എസിന്റെ നിഗമനം .ഇത് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ സംസ്ഥാന ആർഎസ്എസിന്റെ ശ്രമം .

Back to top button
error: