ബാബരി മസ്ജിദ് വിധി ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്തത്, ആഞ്ഞടിച്ച് കോൺഗ്രസ്
ബാബ്‌റി മസ്ജിദ് കേസിൽ ബിജെപി നേതാക്കളെയെല്ലാം കുറ്റവിമുക്തരാക്കിയ ലക്‌നൗ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് .വിധി സുപ്രീം കോടതി വിധിന്യായത്തിനും ഭരണഘടനയുടെ അന്തസത്തയ്ക്കും എതിരാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി .
പള്ളി പൊളിച്ചത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി തന്നെ വിധി പ്രസ്താവിച്ചിട്ടുള്ളതാണ് .എന്നാൽ ഈ വിധി സുപ്രീം കോടതി വിധിയെ തന്നെ നിരാകരിക്കുന്നു .കേന്ദ്രവും ഉത്തര്പ്രദേശ് സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ പോകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു .
പള്ളി പൊളിച്ചത് ആസൂത്രിതമായല്ല എന്നും കുറ്റാരോപിതർക്കെതിരെ തെളിവില്ലെന്നും സിബിഐ കോടതി പറഞ്ഞിരുന്നു .ബിജെപി സ്ഥാപക അംഗങ്ങളിൽ ഒരാളായ എൽ കെ അദ്വാനി ,മുരളി മനോഹർ ജോഷി ,ഉമാ ഭാരതി ,കല്യാൺ സിങ് എന്നിങ്ങനെയുള്ള നേതാക്കളെ പൂണ്ണമായും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ളതാണ് വിധി .
സിബിഐ സമർപ്പിച്ച വീഡിയോയുടെ ആധികാരികത തെളിയിക്കാൻ ആയിട്ടില്ലെന്നും ശബ്ദം മോശമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു .സാമൂഹിക വിരുദ്ധർ പള്ളി പൊളിക്കാൻ നോക്കിയപ്പോൾ കുറ്റാരോപിതർ തടയാൻ ശ്രമിച്ചു എന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു .
രാമജന്മ ഭൂമി എന്ന് വാദിക്കുന്നിടത്ത് ക്ഷേത്രം പണിയാൻ അനുമതി നൽകി കൊണ്ടുള്ള സുപ്രീം കോടതിയുടെ നവംബറിലെ വിധിയിൽ പള്ളി പൊളിച്ചത് രാജ്യത്തെ നിയമങ്ങൾക്ക് എതിരാണെന്നും അനധികൃതമാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി .
“പക്ഷെ എല്ലാ കുറ്റാരോപിതരെയും കുറ്റവിമുക്തരാക്കി .പ്രത്യേക കോടതിയുടെ വിധി സുപ്രീം കോടതി വിധിയുടെ അന്തസത്തക്ക് എതിരാണെന്നത് കൃത്യമാണെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു .രാജ്യത്തെ സാമുദായിക അന്തരീക്ഷം തകർക്കാൻ ബിജെപിയും ആർഎസ്എസും ആഴത്തിലുള്ള ഗൂഢാലോചന നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു .”രാജ്യത്തിൻറെ ഭരണഘടനാ മൂല്യങ്ങൾക്കെതിരെ നടന്ന ഗൂഢാലോചനയിൽ അന്ന് ഉത്തർപ്രദേശിൽ നിലവിൽ ഉണ്ടായിരുന്ന സർക്കാർ പങ്കാളിയായിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു .
അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ് ഗൂഢാലോചന കേസിൽ കുറ്റാരോപിതൻ ആണ് .പള്ളിപൊളിക്കലിനെ തുടർന്ന് രാജ്യത്താകെ ഉണ്ടായ കലാപങ്ങളിൽ കൊല്ലപ്പെട്ടത് 3000 പേരാണ് .ഇതിനെ തുടർന്നു കല്യാൺ സിങ് സർക്കാർ പിരിച്ചുവിടപ്പെട്ടു .ആ കല്യാൺ സിങ്ങിനെയാണ് ഇന്ന് കോടതി തെളിവില്ലെന്ന് പറഞ്ഞ് കുറ്റവിമുക്തനാക്കിയിരിക്കുന്നതെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടി .
“പൊതു ആരാധന സ്ഥലത്തെ ഗൂഢാലോചന നടത്തി പൊളിച്ചു “എന്നാണ് പതിനഞ്ചാം നൂറ്റാണ്ടു മുതലുള്ള ബാബ്‌റി മസ്ജിദ് പൊളിച്ചതിനെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് വിശേഷിപ്പിച്ചത് .ആരാധനാലയത്തിന്റെ നിയമവിരുദ്ധമായ തകർക്കലിന് പകരമായി മുസ്ലീങ്ങൾക്ക് പള്ളി നിർമ്മിക്കാൻ അത്ര തന്നെ ഭൂമി അനുവദിക്കാൻ സുപ്രീം കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു .