‘ഡിവോഴ്‌സ്’ സിനിമ ഷൂട്ടിങ് സെറ്റില്‍ കോവിഡ്; ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര വികസന കോര്‍പറേഷന്റെ ആസ്ഥാന ഓഫിസും അടച്ചു, നടന്‍ പി.ശ്രീകുമാറിനും രോഗം
സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപകമാവുകയാണ്. ഈ സാഹര്യത്തില്‍ സിനിമ മേഖലയും വളരെ പ്രതിസന്ധിയിലാണ്. ഇപ്പോഴിതാ ഷൂട്ടിങ് സംഘത്തില്‍പെട്ടവര്‍ക്കു കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര വികസന കോര്‍പറേഷന്റെ ആസ്ഥാന ഓഫിസും അടച്ചു.
‘ഡിവോഴ്‌സ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു കോവിഡ് ബാധയുണ്ടായത്.
ഈ സിനിമയില്‍ അഭിനയിച്ച നടന്‍ പി.ശ്രീകുമാര്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നയാളിനും സ്റ്റില്‍ ഫൊട്ടോഗ്രഫര്‍ക്കും കോവിഡ് ഉള്ളതായി പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ചിത്രാഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കി ഒരാഴ്ചത്തേക്ക് അടച്ചിട്ടു. ഷൂട്ടിങ് സംഘത്തിലുള്ളവര്‍ ക്വാറന്റീനിലാണ്.
സിനിമയുമായി ബന്ധപ്പെട്ടവര്‍ ചലച്ചിത്ര വികസന കോര്‍പറേഷന്റെ കലാഭവന്‍ ഓഫീസില്‍ എത്താറുള്ളതിനാല്‍ അവിടവും അണുവിമുക്തമാക്കി അടച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണു കഴിഞ്ഞ ദിവസം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത്.
സ്ഥിതി മാറിയാല്‍ ചിത്രീകരണം പുനരാരംഭിക്കുമെന്നു ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ അറിയിച്ചു.
വനിതാ ചലച്ചിത്ര സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയിലെ ആദ്യ സിനിമയാണ് ഡിവോഴ്‌സ്.