ഫെഫ്ക പിരിച്ച് വിടണം, ബി. ഉണ്ണികൃഷണന് തന്നോട് പക: വിനയന്‍
കൊച്ചി: സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്കയും മറ്റ് രണ്ട് സംഘടനകളും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയ പശ്ചാത്തലത്തില്‍ സംഘടനയ്ക്കും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്.
ഫെഫ്ക പിരിച്ച് വിടണമെന്നും ബി. ഉണ്ണികൃഷണന് തന്നോടുളള പകയാണെന്നും അദ്ദേഹം ഒന്നിനും കൊള്ളാത്തവനാണെന്ന് ഇതോടെ വ്യക്തമായെന്നും വിനയന്‍ പ്രതികരിച്ചു.
അതേസമയം, വ്യക്തിപരമായ പ്രശ്‌നമല്ലെന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്. ”തൊഴിലാളി സംഘടനകള്‍ കോമ്പറ്റീഷന്‍ കമ്പനിയുടെ അധികാര പരിധിയില്‍ വരുന്നില്ല. നിയമപരമായ പ്രശ്‌നമാണ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്”- ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
വിലക്കിന് എതിരായ വിനയന്റെ പരാതി പരിഗണിച്ച കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, 2017 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ‘അമ്മ’യ്ക്ക് ക്ക് 4 ലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും ചുമത്തിയിരുന്നു. ഈ പിഴ 2020 മാര്‍ച്ചില്‍ നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവച്ചിരുന്നു. പിഴ ശിക്ഷയും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ചോദ്യം ചെയ്തിരുന്നു.
തെളിവുകള്‍ പരിഗണിക്കാതെയാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പടിവിച്ചത് എന്നാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ വാദം. വിനയന്റെ വിലക്ക് നീക്കിയ ഉത്തരവുകള്‍ക്ക് എതിരെ ‘അമ്മ’ ഇത് വരെയും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടില്ല. വിനയന് പിഴ തുക ആയ നാല് ലക്ഷം രൂപ നല്‍കി തുടര്‍ നിയമ നടപടികള്‍ ഒഴിവാക്കാന്‍ ആണ് ‘അമ്മ’ ശ്രമിക്കുന്നത് എന്നാണ് സൂചന.അതേസമയം, ഫെഫ്ക മാഫിയ സംഘമെന്ന തിലകന്റെ അഭിപ്രായം ശരിയെന്ന് വീണ്ടും തെളിയുന്നുവെന്ന് വിനയന്‍ പ്രതികരിച്ചു. തന്റെ പിന്നാലെ ഇങ്ങനെ വരുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. കൊവിഡ് കാലത്ത് ഇത്തരം പ്രതികാരമനോഭാവം അത്ഭുതപ്പെടുത്തുന്നുവെന്നും വിനയന്‍ പറഞ്ഞിരുന്നു.
നടന്‍ ദിലീപ് തന്റെ ചിത്രത്തില്‍ നിന്ന് സംവിധായകന്‍ തുളസിദാസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് വിനയനും ചലച്ചിത്ര സംഘടനകളും തമ്മിലുള്ള തര്‍ക്കത്തിന്റെ തുടക്കം. തര്‍ക്കം രൂക്ഷമായതോടെ വിനയന്റെ ചിത്രങ്ങളുമായി സഹകരിക്കുന്നതില്‍ നിന്ന് നടീനടന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും സംഘടനകള്‍ നിര്‍ബന്ധിച്ച് പിന്തിരിപ്പിച്ചെന്നായിരുന്നു ആരോപണം. വിനയന്റെ സിനിമകളുമായി സഹകരിച്ചവര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.