നടിയെ ആക്രമിച്ച കേസില്‍ സാക്ഷിക്ക് നേരെ ഭീഷണി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നതായി സാക്ഷി പരാതി നല്‍കിയതായാണ് പുറത്ത് വരുന്ന വിവരം.

പ്രോസിക്യൂഷന്‍ സാക്ഷി വിപിന്‍ ലാലാണ് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നേരത്തേ, കോടതിയിലും പോലീസിലും നല്‍കിയ മൊഴി തിരുത്തണമെന്നും വിചാരണവേളയില്‍ പ്രതിക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് ഭീഷണിപ്പെടുത്തുന്നതായാണ് സാക്ഷിയുടെ പരാതി. ഫോണ്‍വഴിയും കത്തുകള്‍ അയച്ചുമാണ് ഭീഷണി.

വിപിന്‍ ലാലിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസ് എടുത്തു. ആരെയും പ്രതിയാക്കാതെയാണ് കേസ് എടുത്തിട്ടുള്ളത്. ഭീഷണിപ്പെടുത്തില്‍, വ്യാജ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം സഹതടവുകാരനായിരുന്നു പരാതിക്കാരനായ വിപിന്‍ ലാല്‍. മാത്രമല്ല കേസിലെ പല സംഭവങ്ങളും പ്രതികള്‍ ഇയാളുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാളുടെ രഹസ്യമൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കേസില്‍ ഇടവേള ബാബു, ബിന്ദുപണിക്കര്‍, സിദ്ദിഖ്, ഭാമ എന്നിവര്‍ കൂറ് മാറിയിരുന്നു.

2017 ഫെബ്രുവരി 18 നാണു കേസിന് ആസ്പദമായ സംഭവം .2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി .85 ദിവസത്തെ ജയില്‍വാസത്തിനു ശേഷം കര്‍ശന ഉപാധികളോടെ ആണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത് .കേസില്‍ 50 സാക്ഷികളെ ഇതുവരെ വിസ്തരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *