TRENDING

കാമുകന് പ്രായം 25, കാമുകിക്ക് 55

പ്രണയം ലഹരിയാണ്. മദ്യത്തേക്കാള്‍ കടുത്ത ലഹരി. പ്രണയ ലഹരിയില്‍ മനുഷ്യന്‍ എന്തൊക്കെ വികൃതികളാണ് ചെയ്തുകൂട്ടുന്നതെന്ന് പ്രവചിക്കുക വയ്യ.

Signature-ad

മദ്യലഹരിക്ക് വൈദ്യശാസ്ത്രം ചില ചികിത്സകള്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും, പ്രണയലഹരിക്ക് മരുന്നൊന്നും കണ്ടെത്തിയിട്ടില്ല. ആധുനിക കാലത്തെ പല പ്രണയങ്ങളും അങ്കുരിക്കുന്നത് നവമാധ്യമങ്ങളിലൂടെയാണ്. ഫെയ്സ് ബുക്കിലെ സൗഹൃദമാണ് തുടക്കം. തുടക്കത്തിലെ തന്നെ അതിലെ പ്രൊഫൈല്‍ പിക്ച്ചർ കണ്ട് പരസ്പരം നിര്‍വൃതിയടയുന്നു ഇരുവരും. സൗഹൃദം പടിപടിയായി വളര്‍ന്ന് മെസ്സഞ്ചറിലും, വാട്ട്‌സാപ്പിലും കൂടി തളിര്‍ത്ത് വളരുന്നു. കാലാന്തരത്തില്‍ ഒന്നുനേരില്‍ കാണാന്‍ ഇരുവര്‍ക്കും മോഹം. അവിടെയാണ് കഥയുടെ ക്ലൈമാക്‌സ്.

ഇനി പറയുന്നത് കെട്ടുകഥയല്ല. സംഭവിച്ച കാര്യമാണ്. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയം തലയ്ക്ക് പിടിച്ച് നേരിട്ടൊന്ന് കണ്ടെല്ലെങ്കില്‍ ഉരുകി മരിക്കുമെന്ന് ഭയന്നുപോയ ഒരു കാമുകന്റെ കഥയാണു പറയുന്നത്. കാമുകന് 25 വയസ്സാണ് പ്രായം. കക്ഷി സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂര്‍ സ്വദേശി. കാമുകി ഉത്തരകേരളത്തിന്റെ തിലകക്കുറിയായ ബേക്കലിനടുത്ത് കുമ്പള സ്വദേശി. പ്രണയം അങ്കുരിച്ചിട്ട് കാലം കുറച്ചായി. മൊബൈല്‍ ഫോണിലൂടെ തേനൂറുന്ന വാക്കും വാചകങ്ങളുമായി അത് വളര്‍ന്നു.

സൗരഭ്യം ചൊരിയുന്ന സംഭാഷണങ്ങളിലൂടെ ആ കാമുകീകാമുകന്മാരുടെ എത്രയോ രാപ്പകലുകള്‍ കടന്നുപോയി. പക്ഷേ എന്തുകൊണ്ടോ ഒരിക്കല്‍ പോലും അവൾ വീഡിയോ കോളില്‍ വന്നില്ല. കാമുകൻ നിർബന്ധിക്കുമ്പോഴൊക്കെ ഓരോ ഒഴികഴിവുകൾ പറഞ്ഞ് അവൾ രക്ഷപെട്ടു. പക്ഷേ തൻ്റെ കാമുകിയുടെ ഏതാവശ്വവും നിവർത്തിച്ചു കൊടുക്കാൻ അവൻ സദാ സന്നദ്ധനായിരുന്നു. അതു മനസ്സിലാക്കി അവൾ ഓരോരോ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടിരുന്നു.

കാമുകന്‍ പലവട്ടം ലോഭമില്ലാതെ പണം അയച്ചുകൊടുത്തു. എങ്കിലും തൻ്റെ ഹൃദയേശ്വരിയെ ഒന്നു നേരിൽ കാണാനുള്ള ഉൽക്കടമായ അഭിവാഞ്ച അവൻ്റെ ഉള്ളിൽക്കിടന്നു തിളച്ചു. ‘അക്കരയിക്കരെ നിന്നാലെങ്ങനെ ആശ തീരും’ എന്ന് കേട്ടിട്ടില്ലേ , കാമുകിയെ നേരിട്ടുകാണാതെ ഇരിക്കപ്പൊറുതിയില്ലാതെയായി കാമുകന്. നേരിൽ ചെന്നു കാണാന്‍ തന്നെ തീരുമാനിച്ചു അവൻ.

ഒരാഴ്ച മുമ്പാണ് സംഭവം. ഇരുവരും ദിവസവും സമയവും ഫിക്‌സ് ചെയ്തു. പിന്നെ ഉറക്കമില്ലാത്ത രാവുകളായിരുന്നു. കാമുകന്‍ തന്റെ ആത്മസുഹൃത്തിനേയും കൂട്ടി ഒരു ബൈക്കില്‍ തൃശ്ശൂരില്‍ നിന്നും കാസര്‍ഗോട്ടേക്ക് പുറപ്പെട്ടു. കൈയ്യില്‍ വിലപ്പെട്ട ഒട്ടേറെ സമ്മാനങ്ങളും കരുതിയിരുന്നു. അഞ്ചു ജില്ലകളും 800 ഓളം കിലോമീറ്റര്‍ ദൂരവും പിന്നിട്ടുവേണം അവിടെയെത്താന്‍. എട്ടു മണിക്കൂറിലേറെ നീളുന്ന യാത്ര. ബേക്കല്‍ കോട്ടയ്ക്കടുത്ത് കാമുകി കാത്തുനില്‍പ്പുണ്ടായിരുന്നു. നേരില്‍ കണ്ടതോടെ യാത്രാ ക്ഷീണമൊക്കെ മറന്ന് സമ്മാനങ്ങളുമായി കാമുകന്‍ അവള്‍ക്കരികിലേക്ക് ഓടിയെത്തി. സമ്മാനങ്ങള്‍ കൈമാറി. കുശലങ്ങള്‍ പറഞ്ഞു. സംഭാഷണത്തിനിടയില്‍ മുഖാവരണമൊന്ന് മാറ്റാന്‍ കാമുകന്‍ ആവശ്യപ്പെട്ടു. കാമുകി പക്ഷേ വഴങ്ങിയില്ല. ശാഠ്യം വര്‍ധിച്ചപ്പോള്‍ നിവൃത്തിയില്ലാതെ കാമുകി മുഖാവരണം നീക്കി. യുവാവ് ഞെട്ടിപ്പോയി. 22 വയസ്സെന്നാണ് പറഞ്ഞത്. പക്ഷേ നേരില്‍ കണ്ടപ്പോള്‍ 55 വയസ്സ് പ്രായം മതിക്കുന്ന ഒരു മുത്തശ്ശി. തന്റെ അമ്മയേക്കാള്‍ പ്രായമുണ്ടെന്ന് തോന്നി ആ സ്ത്രീക്ക്.

താന്‍ കബിളിപ്പിക്കപ്പെടുകയായിരുന്നു എന്ന് കാമുകന് ബോധ്യമായി. കൊണ്ടുവന്ന സമ്മാനങ്ങള്‍ അയാള്‍ പിടിച്ചു വാങ്ങി. പലപ്പോഴായി അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തിട്ടുളള പണം തിരിച്ചുനല്‍കണമെന്നായി അവന്റെ ആവശ്യം. പക്ഷേ സ്ത്രീയും വിട്ടുകൊടുക്കാന്‍ കൂട്ടാക്കിയില്ല. വാഗ്വാദമായി തര്‍ക്കങ്ങളായി ബഹളമായി. ഒടുവില്‍ അപമാനിതനായ യുവാവ് കൈയിലിരുന്ന കത്തിയെടുത്ത് സ്ത്രീക്ക് നേരെ വീശി. പ്രാണഭയത്തോടെ സ്ത്രീ അലറക്കരഞ്ഞപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തി. കാമുകിയേയും കാമുകനേയും തടഞ്ഞുവെച്ച് വിവരം പോലീസില്‍ അറിയിച്ചു. ബേക്കല്‍ എസ്.ഐ അജിത്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി. ഇരുവരേയും കൈയോടെ തൂക്കിയെടുത്ത് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ചോദ്യം ചെയ്യലിനിടയിലാണ് കഥയുടെ ചുരുള്‍ അഴിയുന്നത്.

കുമ്പളയിലെ വാടക ക്വോര്‍ട്ടേഴ്‌സിലെ താമസക്കാരിയാണ് സ്ത്രീ. തനിക്ക് പരാതിയില്ലെന്ന് അവര്‍ പോലീസിനെ അറിയിച്ചു. ഒടുവില്‍ പകര്‍ച്ചവ്യാധി നിയമമനുസരിച്ച് കേസ് എടുത്ത ശേഷം കാമുകനെ തൃശ്ശൂരിലേക്കും കാമുകിയെ വനിത പോലീസിനെക്കൂട്ടി കുമ്പളയിലെ ക്വാര്‍ട്ടേഴ്‌സിലേക്കും അയച്ചു.

ഇതിനു സമാനമായ ഒരു സംഭവം കുറച്ചുകാലം മുമ്പ് ഇടുക്കിയിലെ കട്ടപ്പനയിലും നടന്നു. അതും ഫെയ്‌സ്ബുക്ക് പ്രണയം തന്നെ. മൂന്ന് വര്‍ഷം നീണ്ട പ്രണയം. കാമുകീകാമുകന്മാര്‍ നേരിട്ട് കാണാന്‍ തീരുമാനിച്ചു. കട്ടപ്പന ബസ് സ്റ്റാന്‍ഡായിരുന്നു സംഗമവേദി. കാമുകന്‍ തിരുവനന്തപുരം ജില്ലക്കാരനാണ്. കാമുകി കട്ടപ്പനയിലെ സമീപഗ്രാമക്കാരിയും . ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇരുവരും കണ്ട്മുട്ടി. കാമുകനെ നേരിട്ടുകണ്ട കൗമാരക്കാരിയായ കാമുകി ബോധരഹിതയായി നിലംപതിച്ചു. മുടിയാകെ ഡൈ തേച്ച് കറുപ്പിച്ച ഒരു അമ്പതുകാരന്‍. നാട്ടുകാര്‍ ഇരുവരേയും തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഭാര്യയും പ്രായപൂര്‍ത്തിയായ മകളുമുളള കാമുകന്‍ അഴിക്കുളളിലായി. കാമുകി കണ്ണീരോടെ വീട്ടിലേക്കു മടങ്ങി.

ഫെയ്‌സ്ബുക്ക് പ്രണയവും അതേ തുടർന്നുള്ള ചതിയുമൊന്നും പുതിയ കഥകളല്ല. പക്ഷേ യുവതലമുറയ്ക്ക് ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ പാഠമാകണ്ടേ…?

Back to top button
error: