ഇന്റര്‍നെറ്റും ലാപ്‌ടോപ്പും ഉപയോഗിച്ചു, ചപ്പാത്തിക്കടയില്‍ ജോലി; ഭീകര്‍ പിടിയിലായത് എന്‍ഐഎയുടേയും ഐബിയുടേയും സമയോചിത ഇടപെടല്‍
കൊച്ചി: എന്‍ഐഎയുടെ പിടിയിലായ അല്‍ ഖായിദ ഭീകരരെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ നിമിഷവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നിര്‍മാണ തൊഴിലാളികളാണെന്ന വ്യാജേന താമസിച്ചിരുന്ന അവര്‍ കൊച്ചി നാവിക അക്കാഡമിയും ഷിപ്പിയാര്‍ഡും തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായാണ് പുറത്ത് വരുന്ന വിവരം.
ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളില്‍ ആക്രമണം നടത്തി സാധാരണക്കാരായ ജനങ്ങളെ കൊലപ്പെടുത്തുന്നതിനാണ് ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് എന്‍ഐഎ അറിയിച്ചത്. ഇവരുടെ കയ്യില്‍നിന്ന് വിവിധ രേഖകള്‍, മൊബൈല്‍ ഫോണുകള്‍, ലഘുലേഖകള്‍, നാടന്‍ തോക്കുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളായി എത്തി കൊച്ചിയിലെ പലമേഖലകളിലായിരുന്നു ജോലി ചെയ്തിരുന്നത്. ചപ്പാത്തികടയിലും വീട് നിര്‍മ്മാണ ജോലികള്‍ക്കും ഏര്‍പ്പെട്ടിരുന്നു.
കൊച്ചിയല്‍ ഏലൂരിനടുത്ത് പാതാളത്ത് പിടികൂടിയ അല്‍ ഖായിദ ഭീകരന്‍ എന്ന് സംശയിക്കുന്ന മുര്‍ഷിദ് ഹസന്‍ ലാപ്‌ടോപ് ഉപയോഗിച്ചിരുന്നതായി കൂടെ താമസിച്ചിരുന്ന യുവാവ് വെളിപ്പെടുത്തി. കെട്ടിടനിര്‍മാണത്തിനായി പോയിരുന്ന ഇയാള്‍ സ്മാര്‍ട്‌ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ചിരുന്നു. മിക്ക ദിവസവും ഇയാള്‍ ജോലിക്ക് പോകാറില്ലായിരുന്നു എന്നും ഇടയ്ക്ക് ചായക്കടയിലും പണിക്ക് പോയിരുന്നു എന്നും യുവാവ് പറയുന്നു.
പാതാളത്തെ വീട് കെട്ടിട നിര്‍മാണത്തിനും മറ്റു പ്രാദേശിക ജോലികള്‍ക്കും തൊഴിലാളികളെ വിതരണം ചെയ്യുന്നയാള്‍ വാടകയ്‌ക്കെടുത്തിരുന്നതാണ്. ഇവിടെ അഞ്ചു പേരാണ് താമസിച്ചിരുന്നത്. അതേസമയം, പ്രതി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ ഇവിടെ ഒരു പലചരക്ക് കട നടത്തി വരുന്നയാളാണ്. ഇയാള്‍ക്ക് കാര്യമായ രാഷ്ട്രീയമോ മതപരമോ ആയ സംഘടനാ ബന്ധങ്ങളൊന്നും ഉള്ള ആളല്ല എന്നാണ് വ്യക്തമാകുന്നത്. കൊച്ചിയില്‍ പിടിയിലായ പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം. ഇവര്‍ ഏതെല്ലാം രീതികളിലാണ് ബന്ധപ്പെട്ടിരുന്നത് എന്നോ ഇടപാടുകള്‍ എന്തായിരുന്നു എന്നോ ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് വരികയാണ്.
ഒരാഴ്ച മുന്‍പാണ് തീവ്രവാദികളുടെ സാന്നിധ്യത്തെപ്പറ്റി എന്‍ഐഎ, ഡിജിപിക്ക് വിവരം കൈമാറിയതും സഹായം ആവശ്യപ്പെട്ടതും. ഡിജിപി ഇന്റലിജന്‍സ് മേധാവിക്കു വിവരം കൈമാറി. തീവ്രവാദ വിരുദ്ധസേനാ മേധാവിയെയും വിവരം അറിയിച്ചു. തുടര്‍ന്ന് ഡല്‍ഹിയില്‍നിന്ന് എന്‍ഐഎ ഉദ്യോഗസ്ഥരെത്തിയശേഷം ആലുവ റൂറല്‍ പൊലീസും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും തീവ്രവാദ വിരുദ്ധസേനയിലെ ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി. എന്‍ഐഎ നല്‍കിയ വിവരങ്ങളനുസരിച്ച് സ്ഥലത്തെക്കുറിച്ച് കേരള പൊലീസ് വിവരങ്ങള്‍ കൈമാറി. പ്രതികളെ അറസ്റ്റു ചെയ്യുന്ന സംഘത്തോടൊപ്പം കേരള പൊലീസും ഉണ്ടായിരുന്നു. വീട് വളഞ്ഞാണ് 3 പേരെയും അറസ്റ്റു ചെയ്തത്.