ലഹരിമരുന്ന് കേസ്; 2 നടന്മാരും ഒരു കോണ്‍ഗ്രസ് നേതാവും ചോദ്യം ചെയ്യലിന് ഹാജരായി
ബെംഗളുരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ കന്നഡ താരദമ്പതികളായ ദിഗന്തിനേയും ഐതിന്ദ്രയേയും ചോദ്യം ചെയ്തതിന് പിന്നാലെ രണ്ടു നടന്മാരും ഒരു കോണ്‍ഗ്രസ് നേതാവും ചോദ്യം ചെയ്യലിന് ഹാജരായി.
നടന്മാരായ അകുല്‍ ബാലാജി, സന്തോഷ് കുമാര്‍ മുന്‍ വാര്‍ഡ് മെമ്പര്‍ ആര്‍വി യുവരാജ് എന്നിവരാണ് സിസിബിക്ക് മുന്നില്‍ ഹാജരായത്. നേരത്തെ അറസ്റ്റിലായ പ്രതികളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് നടപടി.
സിനിമാരംഗത്തുള്ളവരുടെ മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം കര്‍ണാടകത്തിലും സജീവ ചര്‍ച്ചയായിരുന്നു. ആഗസ്റ്റ് 26 നാണ് മലയാളികളായ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും മുന്‍ സീരിയല്‍ താരമായ അനിഖയും എന്‍സിബിയുടെ പിടിയിലായത്.
കോടികള്‍ വിലമതിക്കുന്ന ഈ എകസ്റ്റസി പില്ലുകളും, എല്‍എസ്ഡി സ്ട്രിപ്പുകളുമാണ് ഇവരില്‍നിന്നും കണ്ടെടുത്തിരുന്നു. ബെംഗളൂരുവിലെ വീട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ കന്നഡ നടി രാഗിണി ദ്വിവേദിയും അറസ്റ്റിലായിരുന്നു. രാഗിണിയടക്കം അഞ്ച് പ്രതികള്‍ നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് 14 ദിവസത്തേക്കാണ് നടി രാഗിണി ദ്വിവേദിയെ മാറ്റിയത്. സുരക്ഷ മുന്‍നിര്‍ത്തി പ്രത്യേക സെല്ലിലാണ് നടിയെ പാര്‍പ്പിച്ചിരിക്കുന്നത്.