NEWS

ഹര്‍സിമ്രതിന്റെ രാജി ബിജെപിക്ക് പ്രഹരമോ?

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ശിരോമണി അകാലിദള്‍ നേതാവും കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദലി കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചത്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കു മേലുള്ള നിയന്ത്രണങ്ങള്‍ നീക്കി, കര്‍ഷകര്‍ക്കു കൂടുതല്‍ വിപണന സാധ്യതകള്‍ ലഭ്യമാക്കുമെന്ന അവകാശവാദത്തോടെ കാര്‍ഷിക ഉല്‍പന്ന വ്യാപാര, വാണിജ്യ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെയായിരുന്നു ആ നാടകീയ രാജി.

തെരഞ്ഞെടുപ്പ് വരാനിരിക്കെ പ്രഖ്യാപിച്ച ഈ രാജി ബിജെപിയെ പ്രഹരത്തിലാക്കിയിരിക്കുകയാണ്. രാജിവെച്ചെങ്കിലും മുന്നണിയില്‍ തുടരുമെന്ന് ഹര്‍സിമ്രതിന്റെ ഭര്‍ത്താവ് പറഞ്ഞെങ്കിലും കാര്‍ഷിക മേഖലയില്‍ എടുത്ത തീരുമാനങ്ങള്‍ മോദിസര്‍ക്കാര്‍ പുനപരിശോധിക്കേണ്ട അവസ്ഥയില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. മുന്നണിയേക്കാള്‍ കര്‍ഷക്കാള്‍ വലുത് കര്‍ഷകരാണെന്ന അകാലിദള്‍ നയം വ്യക്തമാക്കുമ്പോള്‍ ബിജെപിക്ക് അതൊരു ഇരട്ടപ്രഹരമാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

ജൂണ്‍ അഞ്ചിന് കേന്ദ്രം പ്രഖ്യാപിച്ച മൂന്ന് ഓഡിനന്‍സുകള്‍ക്കെതിരെയാണ് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തോട് അനുബന്ധിച്ച് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കുകയും ഹരിയാനയിലെ കര്‍ഷകര്‍ ദേശീയ പാതയടക്കം ഉപരോധിക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷക സംഘടന പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി അറിയിക്കുകയും ചെയ്തിരുന്നു.

ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ഓഡിനന്‍സ് 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ഓഡിനന്‍സ്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഓഡിനന്‍സ് എന്നിവയാണ് ആ മൂന്ന് ഓഡിനന്‍സുകള്‍. ഇതില്‍ പ്രതിഷേധക്കാര്‍ പ്രധാനമായും ഉന്നയിക്കുന്നത് ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ഓഡിന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. നിലവില്‍ ലൈസന്‍സുള്ള വ്യാപാരികള്‍ക്ക് മാത്രമേ കര്‍ഷകരില്‍ നിന്നും വിളകള്‍ സംഭരിക്കാനുള്ള അവകാശമുളളൂ.

ഈ വ്യവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. കാര്‍ഷിക ബില്ല് പ്രാബല്യത്തില്‍ വന്നാല്‍ വിലനിയന്ത്രണം പൂര്‍ണമായും ഇല്ലാതാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മനസിലാക്കുന്നതിന് ഇന്ത്യന്‍ കാര്‍ഷിക വ്യവസ്ഥയെക്കുറിച്ച് കൂടി മനസിലാക്കേണ്ടതുണ്ട് നിരവധി വിതരണ ശൃംഖലകള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ കാര്‍ഷിക വ്യവസ്ഥ. നേരത്തെ കര്‍ഷകര്‍ക്ക് സുഖമമായി തങ്ങളുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനുള്ള അവസരങ്ങള്‍ ഇല്ലായിരുന്നു.

ഒരു രാജ്യം ഒരു വിപണി എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് ഈ ഓഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ ആഘോഷിച്ചത്. കര്‍ഷകര്‍ക്ക് പ്രസ്തുത ഓഡിന്‍സ് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്നായിരുന്നു മറ്റൊരു അവകാശവാദം. പുതിയ ഓഡിന്‍സ് നടപ്പാകുന്നതോട് കൂടി വില നിയന്ത്രണം, കര്‍ഷകരുടെ സപ്പോര്‍ട്ട് സിസ്റ്റം,പച്ചക്കറി ചന്ത തുടങ്ങിയവ ദുര്‍ബലമാക്കപ്പെടും. ഫലത്തില്‍ വലിയ കോര്‍പ്പറേറ്റുകള്‍ക്ക് അനായാസം കര്‍ഷകരെ നിയന്ത്രിക്കാന്‍ സാധിക്കും. രാജ്യത്തെ 85 ശതമാനം വരുന്ന ചെറുകിട കര്‍ഷകര്‍ക്കും ഇത് വലിയ തിരിച്ചടിയായിരിക്കും

കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ കര്‍ഷകര്‍ക്ക് ആര്‍ക്കുവേണമെങ്കിലും വിളകള്‍ വില്‍ക്കാം. ഏത് കമ്പനിയാണോ കൂടുതല്‍ ഉത്പന്നങ്ങല്‍ വാങ്ങുന്നത് ആ കമ്പനിയുമായി വില നിശ്ചയിക്കാം. കര്‍ഷകനും വ്യവസായ സ്ഥാപനവുമായി നേരിട്ടാണ് ബന്ധം. സര്‍ക്കാര്‍ ഇടപെടലുകളില്ല. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബില്‍ പ്രകാരം ഒരു പാന്‍ കാര്‍ഡുള്ള എത് ട്രെയിഡര്‍ക്കും കര്‍ഷകരില്‍ നിന്നും നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങാം. ഇതിന്റെ തന്നെ ഭാഗമായാണ് കര്‍ഷകനില്‍ നിന്ന് ഉത്പന്നങ്ങള്‍ സംഭരിക്കുകയും ശേഖരിച്ചുവെക്കുന്നതിനും പുതിയ നിയമഭേദഗതി കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഉത്പന്നങ്ങളുടെ വില നിയന്ത്രണം ഇതോടെ സ്വാകാര്യ കമ്പനികളുടെ കൈകളിലാകുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.

ഈ ഓഡിനന്‍സ് പ്രാബല്യത്തില്‍ വരുന്നതോട് കൂടി കാര്‍ഷിക വിപണിയിലെ വിശ്വാസ്യതയാണ് തകരാന്‍ പോകുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ നിയമപ്രകാരം കര്‍ഷകര്‍ക്കും ട്രെയ്ഡേഴ്സിനു സര്‍ക്കാരിന് ടാക്സ് നല്‍കേണ്ടതില്ല. ഈ നികുതി ഇളവിന്റെ ആനുകൂല്യം കര്‍ഷകര്‍ക്കും ട്രേയ്ഡേഴ്സിനും ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു. പക്ഷേ നികുതി ഇളവ് നല്‍കുന്നുവെന്ന മറവില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് കര്‍ഷകര്‍ പറയുന്നത്.

കാര്‍ഷിക മേഖലയിലെ വലിയ പരിഷ്‌കരണമാണെന്നു ബിജെപി അവകാശപ്പെടുന്ന ബില്ലുകളെച്ചൊല്ലിയാണു കേന്ദ്രമന്ത്രി രാജിവച്ചത് എന്നതു ശ്രദ്ധേയമാണ്. ബില്ലില്‍ പ്രതിഷേധിച്ചു പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ സമരത്തിലാണ്. തുടക്കത്തില്‍ പുതിയ നിയമങ്ങളെ പിന്തുണച്ച ശിരോമണി അകാലിദള്‍, സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന രാഷ്ട്രീയമായ പ്രതിച്ഛായാ നഷ്ടം ഓര്‍ത്താണു കേന്ദ്രമന്ത്രിസഭയില്‍നിന്നു മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായം അറിയിച്ചെങ്കിലും ബിജെപി ഉറച്ചുനിന്നതോടെ ബില്ലുകള്‍ക്കുള്ള പിന്തുണ പിന്‍വലിക്കാനും പാര്‍ലമെന്റില്‍ എതിര്‍ത്തു വോട്ടുചെയ്യാനും പാര്‍ട്ടി തീരുമാനിച്ചു. ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊരാളാണു ശിരോമണി അകാലിദള്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: