പെണ്‍സുഹൃത്തിന്റെ വീട്ടില്‍ യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്, യുവതി അറസ്റ്റില്‍
കൊല്ലം: യുവാവിനെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ദിനേശിന്റെ തലക്ക് ഏറ്റ മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥആനത്തില്‍ സംഭവം കൊലപാതകമെന്ന് പോലീസ്. കഴിഞ്ഞ ദിവസം പെണ്‍സുഹൃത്ത് രശ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിലത്ത് തള്ളിയിട്ട് തലക്ക് പരിക്ക് ഏല്‍പ്പിച്ചു എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അടിയേറ്റ സ്ഥലത്ത് നിന്നും അടുക്കളവരെ യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോയ പാടുകളും ഉണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പെണ്‍സുഹൃത്ത് രശ്മിയുടെ വീട്ടിലേക്ക് ഓട്ടോറിക്ഷ ഡ്രൈവര്‍ കൂടിയായ ദിനേശ് ഒരു സുഹൃത്തുമായി എത്തിയത്. വീട്ടില്‍ വച്ച് ദിനേശും സുഹൃത്തും തമ്മില്‍ വഴക്ക് ഉണ്ടായി എന്നും പിടിച്ച് മാറ്റുന്നതിനിടയില്‍ നിലത്ത് വീണ് പരിക്കേറ്റ് മരിച്ചുവെന്നുമായിരുന്നു യുവതി മൊഴി നല്‍കിയത്. എന്നാല്‍ അതില്‍ വൈരുദ്ധ്യം തോന്നിയ പോലീസ് മൊഴി മുഖവിലയ്‌ക്കെടുത്തില്ല.
ദിനേശിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഫോറന്‍സിക് വിദഗ്ദര്‍ ഉള്‍പ്പടെ രശ്മിയുടെ വീട്ടില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു.