NEWS

സർക്കാരിനെതിരെ പോർമുഖം തുറന്ന് പ്രതിപക്ഷം

ന്ത്രി കെ ടി ജലീലിനെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതോടെ സര്‍ക്കാരിനെതിരെ പോര്‍മുഖം തുറന്ന് പ്രതിപക്ഷം രംഗത്തെത്തുകയാണ്. ധാര്‍മികതയുണ്ടെങ്കില്‍ ജലീല്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടി സമരരംഗത്തേക്കെന്ന് വ്യക്തമാക്കി.

ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ രാത്രിയില്‍ അദ്ദേഹത്തിന്റെ വസതിയിലേക്കും ഓഫിസിലേക്കും പ്രതിപക്ഷ സംഘടനകളുടെ സമര പരമ്പരയാണ് അരങ്ങേറിയത്. രാത്രി 9ന് തവനൂര്‍ നരിപ്പറമ്പിലെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലവും കത്തിച്ചു. 9.30ന് കെഎസ്‌യു , 10ന് എംഎസ്എഫ്, 10.30ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മന്ത്രിയുടെ വളാഞ്ചേരി കാവുംപുറത്തെ വസതിയിലേക്ക് നടത്തിയ പ്രകടനങ്ങള്‍ പൊലീസ് തടഞ്ഞു.

വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കെഎസ്യു നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് നടത്തിയ മാര്‍ച്ച് യൂത്ത് ലീഗ് കോട്ടക്കല്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.ടി. ഹമീദ് ഉദ്ഘാടനം ചെയ്തു.

മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കണമെന്നും അല്ലാത്ത പക്ഷം എല്‍ഡിഎഫ് സര്‍ക്കാരും സിപിഎം പാര്‍ട്ടിയും കള്ളക്കടത്തുകാരുടെ പോഷക സംഘടനയാണെന്ന് പറയേണ്ടി വരുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. സംസ്ഥാന മന്ത്രിമാര്‍ ഇത്രയും കാലം ഉയര്‍ത്തിപ്പിടിച്ച ഔന്നത്യം പണയം വച്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയും കള്ളക്കടത്തുകാര്‍ക്ക് കൂട്ടുനിന്ന മുഖ്യമന്ത്രിയും അവര്‍ക്ക് സംരക്ഷണം ഒരുക്കുന്ന പാര്‍ട്ടിയും കേരളത്തിന് നാണക്കേടാണ്. ഈ കള്ളക്കടത്ത് സംഘത്തിന്റെ ഭരണം ഇനി അംഗീകരിക്കില്ല. കെ.ടി. ജലീല്‍ മന്ത്രി സ്ഥാനത്ത് നിന്ന് ഇറങ്ങുന്നത് വരെ യൂത്ത് കോണ്‍ഗ്രസ് സമരത്തിന് നേതൃത്വം കൊടുക്കും എന്നും അദ്ദേഹം പറഞ്ഞു.

ഏതു അന്വേഷണത്തെയും നേരിടുമെന്ന് പരസ്യമായി പലവട്ടം പറഞ്ഞിരുന്ന കെ.ടി.ജലീല്‍ രഹസ്യമായി ചോദ്യം ചെയ്യലിന് ഹാജരായതോടെ സര്‍ക്കാര്‍ വെട്ടിലായി. സംസ്ഥാനചരിത്രത്തില്‍ ഒരുമന്ത്രിയേയും കേന്ദ്രഏജന്‍സി ചോദ്യംചെയ്തിട്ടില്ലെന്ന പറഞ്ഞ പ്രതിപക്ഷം തുടര്‍ച്ചയായി ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്ന മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവന്നാരോപിക്കുകയാണ്. മുഖ്യമന്ത്രിയുടെ രാജിയും മന്ത്രിയുടെ പുറത്താക്കലുമാണ് അനിവാര്യമാണെന്ന ബിജെപി ആവശ്യപ്പെട്ടു. ശിവശങ്കറിനെപോലെ ജലീലിനെയും മാറ്റണമന്നാണവശ്യം.

അതേസമയം, ഈ ഘട്ടത്തിലൊക്കെ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിച്ചുപോന്നു. നിലവില്‍ ചോദ്യംചെയ്യലിന്റെ പേരില്‍ മന്ത്രി രാജിവെക്കേണ്ട കാര്യമില്ലെന്നാണ് സി.പി.എമ്മിന്റെ നിലപാട്. കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍മാത്രം രാജി മതിയെന്നാണ് പാര്‍ട്ടി നയം.

ചോദ്യം ചെയ്യലിനെപ്പറ്റി മുഖ്യമന്ത്രിക്കുള്‍പ്പടെ അറിയാമായിരുന്നു. അന്വേഷണ ഏജന്‍സി എടുക്കുന്ന അടുത്ത ഘട്ടത്തെ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ വീക്ഷിക്കുന്നത്. എന്നാല്‍ കേസിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ആരേയും വിളിച്ചുവരുത്താമെന്ന നിലപാടിലാണ് ഇടതുമുന്നണി. മൊഴിയുടെ വിശദാംശങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് സര്‍ക്കാര്‍. ജലീലിനെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം സജീവമാകുമ്പോള്‍ മുഖ്യമന്ത്രി എടുക്കുന്ന നിലപാടാകും നിര്‍ണായകമാവുക.

സ്വര്‍ണക്കടത്ത് കേസിനിടെയാണ് യു.എ.ഇ.യില്‍നിന്ന് മതഗ്രന്ഥങ്ങള്‍ വന്നവിവരം പുറത്തുവരുന്നത്. വിവാദ പെട്ടികള്‍ വിദ്യാഭ്യാസവകുപ്പിന്റെ വാഹനത്തില്‍ കൊണ്ടുപോയത് ആരോപണത്തിന് തീപിടിക്കുന്നതിന് കാരണമായി. സ്വപ്നാ സുരേഷുമായുള്ള ഫോണ്‍വിളി വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ മന്ത്രി തീര്‍ത്തും പ്രതിരോധത്തിലായി. പെട്ടികളില്‍ വന്നത് മതഗ്രന്ഥങ്ങള്‍ തന്നെയാണോയെന്ന ചോദ്യവും ഉയര്‍ന്നു. ഇ.ഡി.യുടെ അന്വേഷണംകൂടിയായതോടെ മന്ത്രി സംശയനിഴലിലായി.

Back to top button
error: