റഷ്യയുടെ സ്പുട്‌നിക്-5 കോവിഡ് വാക്‌സിന്‍; ഫലപ്രദം, പ്രതീക്ഷയോടെ ലോകം
മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ സ്പുട്നിക് 5 സുരക്ഷിതമെന്ന് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ്. വാക്സിന്‍ പരീക്ഷിച്ച മനുഷ്യരില്‍ വിപരീതഫലങ്ങളൊന്നും കൂടാതെ തന്നെ ആന്റിബോഡി ഉത്പാദിപ്പിച്ചതായി ലാന്‍സെറ്റ് വെള്ളിയാഴ്ച പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവരുടെ ശരീരത്തിലും 21 ദിവസംകൊണ്ട് ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടു എന്ന് കണ്ടെത്തി. ഗുരുതരമായ വിപരീതഫലങ്ങളൊന്നും കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ വാക്സിന്‍ 76 പേരിലായിരുന്നു പരീക്ഷിച്ചത്. സ്പുടിനിക് 5 പ്രയോഗിച്ചവരിലെല്ലാം 21 ദിവസത്തിനുള്ളില്‍ ആന്റിബോഡി ഉത്പാദിക്കപ്പെട്ടു. ആര്‍ക്കും തന്നെ ശാരീരികപ്രശ്നങ്ങളോ വിപരീതഫലങ്ങളോ രൂപപ്പെട്ടിട്ടുമില്ല എന്ന് പഠനത്തില്‍ പറയുന്നു. 42 ദിവസമായി ഇവരെ നിരീക്ഷിച്ചുവരികയാണ്. ഈ ദിവസങ്ങളിലൊന്നും തന്നെ പാര്‍ശ്വഫലങ്ങളൊന്നും കാണിക്കാതിരുന്നത് വാക്സിന്‍ സുരക്ഷിതമാണെന്ന് അനുമാനിക്കുന്നതിനുള്ള സൂചനയാണെന്ന് ലാന്‍സെറ്റിന്റെ പ്രാഥമികതല റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ കൂടാതെ വാക്സിന്‍ 28 ദിവസത്തിനുള്ളില്‍ ടി സെല്‍ റെസ്പോണ്‍സും നല്‍കുന്നുണ്ടെന്നും ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ വാക്സിന് പൂര്‍ണ്ണമായ അംഗീകാരം നല്‍കുന്നതിന് മുന്‍പ് ദീര്‍ഘകാല അടിസ്ഥാനത്തിനുള്ള പ്ലാസിബോ താരതമ്യ പഠനമടക്കം നടത്തേണ്ടതുണ്ടെതെന്നും പഠനത്തില്‍ പറയുന്നു. അതേസമയം വാക്സിന്‍ ഫലപ്രദമെന്ന് പഠനഫലം വന്നെങ്കിലും കുറഞ്ഞ കാലയളവില്‍ വികസിപ്പിച്ച വാക്സിന്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഉറപ്പാക്കപ്പെടാത്തതിനാല്‍ ഇതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് വെള്ളിയാഴ്ച ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ”ഫലപ്രദവും സുരക്ഷിതമല്ലാത്തതുമായ ഒരു വാക്‌സിനും ലോകാരോഗ്യ സംഘടന അംഗീകരിക്കില്ല,” ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഒരു വെര്‍ച്വല്‍ ബ്രീഫിങ്ങില്‍ പറഞ്ഞു.
അടുത്ത വര്‍ഷം പകുതി വരെ കോവിഡ് -19 നെതിരെ ഒരു വാക്‌സിനും പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന വക്താവും വ്യക്തമാക്കിയിരുന്നു. ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ വാക്സിനായി കാത്തിരിക്കണമെന്ന് ലോകാരോഗ്യസംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളില്‍ 50 ശതമാനം പോലും ഉറപ്പുവരുത്താന്‍ ഇവയ്ക്കായിട്ടില്ലെന്നും ഹാരിസ് പറഞ്ഞു. ഗമേലയ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂ ഓഫ് എപ്പിഡെമിയോളജി റഷ്യന്‍ പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന് അംഗീകാരം നല്‍കിയതായി ഓഗസ്റ്റ് 11ന് റഷ്യ അറിയിച്ചിരുന്നു. പൊതു ഉപയോഗത്തിനായി അംഗീകരിച്ച ആദ്യത്തെ കൊറോണ വൈറസ് വാക്‌സിന്‍ ആണിത്.
അതേസമയം, സ്പുട്‌നിക് 5 വാക്സിന്‍ ആദ്യം സ്വീകരിച്ചവരില്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ മകളും ഉള്‍പ്പെട്ടിരുന്നു. ഇത് ലോകരാജ്യങ്ങളെ മുഴുവന്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണവുമായി വിവിധ രാജ്യങ്ങള്‍ മുന്നോട്ട് പോകുമ്പോഴാണ് ഫലപ്രദമെന്ന് അവകാശപ്പെട്ട് കൊണ്ട് റഷ്യ വാക്സിന്‍ കുത്തിവെപ്പ് നടത്തിയത്.
ലോകത്ത് ആദ്യമായി മോസ്‌കോ അയച്ച സാറ്റ്ലൈറ്റിനോട് സാദൃശ്യപ്പെടുത്തിയാണ് വാക്‌സിന് ഈ പേര് നല്‍കിയിരിക്കുന്നത്. വാക്സിന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാരും ഗവേഷകരും തയ്യാറായിട്ടില്ല. ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് റഷ്യ വാക്സിന്‍ വികസിപ്പിച്ചെടുത്തത്. അഡിനോവൈറസ് ആസ്പദമാക്കി നിര്‍മിച്ച നിര്‍ജീവ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്‌സിന്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റസ്ബര്‍ഗ് വ്യക്തമാക്കിയിരുന്നു. ലോകം മുഴുവന്‍ തേടുന്ന വിഷയമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ റഷ്യ തയ്യാറല്ല.
അതേസമയം,പരീക്ഷണം കഴിഞ്ഞതോടെ ഇരുപതിലധികം രാജ്യങ്ങള്‍ സ്പുട്നിക് വാക്സിന്‍ ആവശ്യപ്പെട്ടതായി രാജ്യത്തെ ആര്‍ഡിഎഫ് മേധാവി കിറില്‍ ദിമിട്രീവ് വ്യക്തമാക്കിയിരുന്നു. റഷ്യ – അമേരിക്ക രാജ്യങ്ങള്‍ തമ്മിലുള്ള പ്രത്യക്ഷവും പരോക്ഷവുമായി മത്സരങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാണ് സ്പുട്‌നിക് 5 എന്ന പേര്. 1957ല്‍ സോവിയറ്റ് യൂണിയന്‍ ലോകത്തിലെ ആദ്യത്തെ കൃത്യമ ഉപഗ്രഹമായ സ്പുട്നിക്-1 വിക്ഷേപിച്ചു. അമേരിക്കന്‍ ശക്തിയെ മറികടന്നാണ് അന്ന് സോവിയറ്റ് യൂണിയന്‍ ഈ നേട്ടമുണ്ടാക്കിയത്. ലോകരാജ്യങ്ങളെ ഞെട്ടിച്ചതായിരുന്നു ഈ സംഭവം. സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉണ്ടായത്. കോവിഡ് വാക്സിന്‍ പരീക്ഷണങ്ങളുമായി അമേരിക്ക മുന്നോട്ട് പോകുന്നതിനിടെയാണ് റഷ്യ വാക്സിന്‍ മനുഷ്യരില്‍ കുത്തിവെച്ചത്. യു എന്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്ക് മേലുള്ള വിജയം കൂടിയായിട്ടാണ് റഷ്യ കോവിഡ് വാക്സിന്‍ പരീക്ഷണ വിജയത്തെ വിലയിരുത്തുന്നത്.