Breaking NewsKeralaLead NewsNEWSNewsthen Special

ആശമാരെ തൊട്ടാല്‍ വിവരം അറിയുമെന്നു പറഞ്ഞ സുരേഷ് ഗോപി എവിടെ? ആശമാര്‍ക്ക് നക്കാപ്പിച്ച കൂട്ടാതെ കേന്ദ്ര ബജറ്റ്; സാംസ്‌കാരിക നായകര്‍ക്കും മിണ്ടാട്ടമില്ല; കേരളം കൂട്ടിയത് 2000 രൂപ

ന്യൂഡല്‍ഹി: രണ്ടു ഘട്ടങ്ങളിലായി രണ്ടായിരം രൂപ വര്‍ധിപ്പിച്ചിട്ടും ആശമാരുടെ ഓണറേറിയത്തില്‍ നയാ പൈസ വര്‍ധിപ്പിക്കാതെ കേന്ദ്ര ബജറ്റ്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ‘മണിമുറ്റത്താവണിപ്പന്തല്‍’ പാടി സ്വീകരിച്ച എസ്.യു.സി.ഐ. പ്രവര്‍ത്തകരോ ഇക്കാര്യത്തില്‍ സമരരംഗത്ത് എത്തിയ നേതാവ് എസ്. മിനിയടക്കമുള്ളവരോ സാംസ്‌കാരിക പ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് ആയിരം രൂപയും കഴിഞ്ഞ ബജറ്റില്‍ ആയിരം രൂപയും സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഒറ്റയടിക്ക് 25,000 രൂപയാക്കണമെന്ന ആവശ്യം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാതിരുന്നത്. ഇക്കാലയളവില്‍ പിന്തുണയുമായി ആശയമാരുടെ സമരപ്പന്തലില്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ അടക്കം രൂക്ഷ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരിനെതിരേ ഉയര്‍ത്തിയത്. അടുത്ത കേന്ദ്ര ബജറ്റില്‍ ആശമാര്‍ക്ക് ഓണറേറിയം വര്‍ധനയുണ്ടാകുമെന്നും ഇവര്‍ ഉറപ്പു നല്‍കി. എന്നാല്‍, ഒന്നുമുണ്ടായില്ല.

Signature-ad

ഇതിനു പിന്നാലെയാണ് കേരളം മുഴുവന്‍ സമരവുമായി ആശമാര്‍ രംഗത്തുവന്നത്. ഓരോ ജില്ലയിലും പ്രമുഖ വ്യക്തിത്വങ്ങളാണ് ഇവര്‍ക്കു സ്വീകരണം നല്‍കിയത്. പുതിയ ബജറ്റിനു പിന്നാലെ ആശമാര്‍ക്കു പിന്തുണയുമായി വന്ന എഴുത്തുകാരി സാറ ജോസഫ് അടക്കം പ്രതികരിച്ചിട്ടില്ല. ആദ്യ ഘട്ടത്തില്‍ ആയിരം രൂപ വര്‍ധിപ്പിച്ചപ്പോഴും ഇവര്‍ കേന്ദ്രത്തോടായി ആവശ്യങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല. സംസ്ഥാന സര്‍ക്കാരിനു കാലാവധി കഴിയാന്‍ ഏതാനും മാസങ്ങളുണ്ടെന്നും അതിനിടെ ബാക്കി തുക കൂടി ഉയര്‍ത്തണമെന്നുമായിരുന്നു സമര നേതാവ് എസ്. മിനിയുടെ ആവശ്യം.

ആശമാരുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കേന്ദ്ര മാനദണ്ഡങ്ങള്‍ പുനപരിശോധിക്കാന്‍ പ്രധാനമന്ത്രിയോടു പറയുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. രണ്ടായിരം രൂപയാണു കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ആശമാര്‍ക്കു നല്‍കുന്നത്. കേരളത്തില്‍ ഇത് 13,000 രൂപമുതല്‍ 15,000 രൂപവരെയാണ്. എന്നാല്‍, ഇന്‍സെന്റീവ് 25,000 രൂപയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് ആശമാര്‍ സമരം ആരംഭിച്ചത്.

ഇതിനിടെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കവുമായി എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയും രംഗത്തു വന്നിരുന്നു. കേന്ദ്ര സര്‍ക്കാരിനോട് ഇന്‍സെന്റീവ് കൂട്ടിയോ എന്നു ചോദിച്ചപ്പോള്‍ കൂട്ടിയെന്നായിരുന്നു മറുപടി. ഇതിനു മറുചോദ്യം ഉന്നയിക്കാതെ സീറ്റില്‍ ഇരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതു സംബന്ധിച്ച ഉത്തരവധിന്റെ കോപ്പി എവിടെയെന്നു ചോദിക്കാതിരുന്നത് എന്ത് എന്ന പരിഹാസവും ഇടതുപക്ഷം ഉയര്‍ത്തി.

തുക വര്‍ധിപ്പിച്ചാല്‍ അത് ഉത്തരവാക്കി ഇറക്കണം. ഫണ്ട് എവിടുന്നു കിട്ടുമെന്നതും വ്യക്തമാക്കണം. ഇതിനൊന്നും കേന്ദ്രസര്‍ക്കാര്‍ കൃത്യമായ ഉത്തരം നല്‍കിയില്ല. ആശമാരുടെ പ്രതിഫലത്തില്‍ 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കേണ്ടത്. 3500 അനുവദിച്ചാല്‍തന്നെ സംസ്ഥാന വിഹിതമായി 2000 രൂപ കൂട്ടിച്ചേര്‍ത്ത് 5500 കൊടുത്താല്‍ മതി. നിലവിലെ കേന്ദ്ര വിഹിതമായ 2000 രൂപയ്‌ക്കൊപ്പം 1250 കൂട്ടിച്ചേര്‍ത്ത് 3250 രൂപയും നല്‍കിയാല്‍ മതി. കേരളത്തില്‍ മാത്രമാണു നിലവില്‍ 15,000 രൂപവരെ നല്‍കുന്നത്. നിലവില്‍ ഇത് 17,000 രൂപവരെയാകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: