NEWS

ഞങ്ങൾ കുടിയാന്മാർ അല്ല ,പാർട്ടിയുടെ തുല്യാവകാശക്കാർ ,പുതിയ യുദ്ധമുഖം തുറന്ന് ആനന്ദ് ശർമ്മ

കോൺഗ്രസിൽ പുതിയ യുദ്ധമുഖം തുറന്ന് ആനന്ദ് ശർമ്മ .പരസ്യ പ്രതികരണം പാടില്ലെന്ന് നേതൃത്വം അന്ത്യശാസനം നൽകിയിട്ടും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആനന്ദ് ശർമ്മ ആഞ്ഞടിച്ചു .

Signature-ad

ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയ്ക്കും കോൺഗ്രസിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച വ്യക്തി എന്ന നിലയ്ക്കും ചിലതെല്ലാം പറയേണ്ടി വരുമെന്ന് ആനന്ദ് ശർമ്മ ആമുഖമായി പറഞ്ഞു .ഭയത്തിന്റെ ഒരു പൊതുവികാരം ഇന്ത്യയിലാകെ അലയടിക്കുന്നു .നീതി താമസിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യപ്പെടുന്നു .

2019 ലെ ലോക്സഭാ പരാജയത്തിന് ശേഷം പാർട്ടിയിൽ ഒരു തിരിഞ്ഞു നോട്ടം വേണമായിരുന്നു .പല പ്രമുഖ നേതാക്കളും പാർട്ടി വിട്ടു .ഈ പശ്ചാത്തലത്തിൽ കോൺഗ്രസിനെ പുനരുജ്ജീവിപിക്കുക എ ന്നത് അത്യാവശ്യമാണ് .അവസാന അഞ്ച് മാസം പാർട്ടി യോഗങ്ങൾ പോലുമില്ലായിരുന്നു .എന്നാൽ ഓൺലൈൻ യോഗങ്ങളിൽ രഹസ്യങ്ങൾ സംരക്ഷിക്കപ്പെടുമോ എന്ന ഭയം താനടക്കം ഉള്ളവർക്ക് ഉണ്ടായിരുന്നു .ഈ പശ്ചാത്തലത്തിലാണ് കത്തെഴുതുക എന്ന തീരുമാനത്തിലേക്ക് വന്നതെന്ന് ആനന്ദ് ശർമ്മ പറഞ്ഞു .

കത്തെഴുതിയ സമയം ശരിയല്ല എന്ന വിമർശനത്തിനും ആനന്ദ് ശർമ്മ മറുപടി പറഞ്ഞു .സോണിയ ഗാന്ധിയെ വേദനിപ്പിക്കുക തങ്ങളുടെ ലക്ഷ്യമല്ല .അങ്ങിനെ ഒരു ഉദ്ദേശവുമുണ്ടായിരുന്നില്ല .പിന്നെ എങ്ങിനെയാണ് ഈ സമയ പ്രശ്നം വന്നതെന്ന് ആനന്ദ് ശർമ്മ ചോദിച്ചു .ജൂലൈ 25 നാണ് എല്ലാവരും കത്തിൽ ഒപ്പിടുന്നത് .അപ്പോൾ സോണിയ ഗാന്ധി അസുഖബാധിത ആയിരുന്നു .സോണിയ ഗാന്ധിയുടെ അസുഖം ഭേദമായതിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 8 നാണ് കത്തയക്കുന്നത് .

ഞങ്ങൾക്ക് ഇതൊരു പരസ്യ ചർച്ച ആക്കാമായിരുന്നു .എന്നാൽ നേതൃത്വത്തിന് കത്തയക്കാൻ ആണ് ഞങ്ങൾ തീരുമാനിച്ചത് .കാരണം ഞങ്ങൾ കോൺഗ്രസുകാരാണ് .ഞങ്ങൾക്ക് ദുഖമുണ്ട് .ഷാ കമീഷന്റെ സമയത്ത് ഇന്ദിരാ ഗാന്ധിയെ ചതിച്ചവർ ഞങ്ങളെ അപമാനിച്ചു .സഞ്ജയ് ഗാന്ധിയെ വഞ്ചിച്ചവർ ആണവർ .ഞങ്ങൾ പോലീസിന്റെ ലാത്തികൾ നേരിട്ടപ്പോൾ അവർ പാർട്ടിയെ ചതിക്കുക ആയിരുന്നു .

ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്ന് ഞങ്ങൾ പറയാൻ കാരണങ്ങൾ ഉണ്ട് .പാർട്ടിക്കുള്ളിൽ വ്യക്തമായ ചർച്ച നടത്തി വേണം നയപരമായ തീരുമാനങ്ങൾ എടുക്കാൻ .പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ഇത് അത്യാവശ്യമാണ് .ബിജെപി നിശ്ചയിക്കുന്ന അജണ്ടകൾ അല്ല കോൺഗ്രസ്സ് ചർച്ച ചെയ്യേണ്ടത് .പിന്തിരിഞ്ഞോടുന്ന പാർട്ടിയല്ല കോൺഗ്രസ്സ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം .അവരെ സേവിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്സ് എന്ന് ചൂണ്ടിക്കാട്ടണം .

ഇത് ആരുടെയെങ്കിലും കുറ്റമായല്ല കാണുന്നത് .സംസ്ഥാനങ്ങളിൽ ശക്തിപ്പെട്ടാലേ ദേശീയ തലത്തിൽ ശക്തിയുണ്ടാവൂ .അതിനുള്ള നടപടികൾ ആണ് വേണ്ടത് .ഇന്ന് സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ്സ് അപ്രത്യക്ഷമാകുന്നു .

2019 ലെ തോൽവിക്ക് ശേഷം രാഹുൽ ഗാന്ധി തുടരണം എന്നും എന്നാൽ കോൺഗ്രസിന്റെ പരാജയം വിലയിരുത്താൻ ഒരു കമ്മിറ്റിയെ നിയോഗിക്കണം എന്നും പറഞ്ഞത് മൻമോഹൻ സിങാണ് .രാഹുൽ ഗാന്ധിയെ മാറ്റിനിർത്താൻ ആയിരുന്നില്ല ലക്‌ഷ്യം .രാഹുൽ തയ്യാർ ആവാത്തത് ആണ് പ്രശ്നം .രാഹുൽ രാജിവച്ച് മൂന്ന് മാസം മൊത്തം അനിശ്ചിതത്വം ആയിരുന്നു .അതിനുശേഷം ഞങ്ങൾ അടക്കമുള്ളവർ അഭ്യര്ഥിച്ചിട്ടാണ് സോണിയ ഗാന്ധി താൽക്കാലിക അധ്യക്ഷ ആയത് .സോണിയ ഗാന്ധിയുടെ ഒരു വര്ഷ കാലാവധി അവസാനിച്ചിട്ടും രാഹുൽ തീരുമാനം പറഞ്ഞില്ല .ഈ പശ്ചാത്തലത്തിൽ ആണ് ആശയക്കുഴപ്പം നീക്കി പാർട്ടിയെ ശക്തിപ്പെടുത്തണം എന്ന് കാട്ടി ഞങ്ങൾ നേതൃത്വത്തിന് കത്തയച്ചത്.ഞങ്ങൾ കുടിയാൻമാർ അല്ല പാർട്ടിയുടെ നേരവകാശികൾ ആണ് .അത് കൊണ്ടാണ് പാർട്ടിയുടെ നന്മ ലക്ഷ്യമാക്കി നേതൃത്വത്തിന് കത്തയച്ചത് -ആനന്ദ് ശർമ്മ വ്യക്തമാക്കി .

Back to top button
error: