ബിഹാറിൽ വൻ രാഷ്ട്രീയ പരീക്ഷണം ,കനയ്യ കുമാർ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തും
ബിഹാറിൽ ആർ ജെ ഡി – കോൺഗ്രസ് മഹാസഖ്യത്തിൽ ഇടതു പാർട്ടികൾ അണിചേരുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്റ്റാർ ക്യാമ്പയിനർ കനയ്യ കുമാർ ആകുമെന്നുറപ്പായി .ആർ ജെ ഡി – കോൺഗ്രസ്സ് – സിപിഐ എംഎൽ -സിപിഐ -സിപിഎം കക്ഷികളുടെ മുന്നണിയാവും എൻഡിഎ മുന്നണിയെ നേരിടുക .
ക്ഷണിച്ചാൽ കനയ്യ കുമാർ പ്രചാരണം നടത്തുക ഇടതു പാർട്ടികൾക്ക് വേണ്ടി മാത്രമല്ലെന്ന് സി പി ഐ വ്യക്തമാക്കി കഴിഞ്ഞു .സി പി ഐ നാഷണൽ കൗൺസിൽ അംഗമാണ് കന്നയ്യ കുമാർ .
2019 ൽ തന്നെ മഹാസഖ്യത്തിനു ശ്രമങ്ങൾ നടന്നിരുന്നു .എന്നാൽ കനയ്യ കുമാറിനെതിരെ ആർ ജെ ഡി സ്ഥാനാർത്ഥിയെ നിർത്തിയതോടെ ആ സാധ്യത ഇല്ലാതായി .ത്രികോണ മത്സരത്തിൽ ബിജെപി ജയിക്കുകയും ചെയ്തു .
സഖ്യം നിലവിൽ വരാതിരിക്കാനുള്ള പ്രധാന കാരണം ജെ എൻ യു വിഷയത്തിന് ശേഷം കനയ്യ കുമാറിന് ലഭിച്ച ജനസമ്മിതി ആയിരുന്നു .ആർ ജെ ഡിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിന് കനയ്യ കുമാർ ഭീഷണി ആകുമോ എന്നായിരുന്നു ഭയം .
എന്നാൽ ഇത്തവണ ഇടതു പാർട്ടികൾ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചു കഴിഞ്ഞു .ധാരണ പ്രകാരം ആർ ജെ ഡി തങ്ങളുടെ കൈവശമുള്ള സീറ്റുകളിൽ ഒരു ഭാഗം സിപിഐ എംഎല്ലിനും മുകേഷ് സഹാനിയുടെ വികാശീൽ ഇൻസാൻ പാർട്ടിക്കും നൽകും .അതേസമയം കോൺഗ്രസ്സ് സിപിഐ ,സിപിഐഎം ,ആർ എൽ എസ് പി പാർട്ടികൾക്ക് സീറ്റുകൾ പകുത്തു നൽകും .
സീറ്റുകളുടെ എണ്ണം നിശ്ചയിക്കാൻ പോകുന്നതേ ഉള്ളൂ .എന്നാൽ ഇത്തവണ ഇടതു പാർട്ടികളുടെ പിന്തുണ മഹാസാഖ്യത്തിനു നിർണായകം ആണെന്നാണ് വിലയിരുത്തൽ .”ഏതെങ്കിലും ഒരു ജാതിയെ പ്രീണിപ്പിച്ച് മുന്നോട്ട് പോകുന്ന പ്രവണതയിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിന്തിരിയുകയാണ് .കാരണം അത് മറ്റു ജാതികളെ മുഴുവൻ ശത്രുക്കളാക്കും .ഇടതു പാർട്ടികൾക്ക് ജാതി- മത പരിഗണനകൾക്കപ്പുറം അടിസ്ഥാന വോട്ട് ഉണ്ട് .ഇത് മഹാസഖ്യത്തിനു ഗുണം ചെയ്യും .”ഒരു ആർ ജെ ഡി നേതാവ് പറഞ്ഞു .
എൻ ഡി എ ഇതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ മഹാസഖ്യവും ഇടതു പാർട്ടികളും വളരെ ശ്രദ്ധയോടെയാണ് കരുക്കൾ നീക്കുന്നത് .2005 മുതൽ ബീഹാർ ഭരിക്കുന്നത് നിതീഷ് കുമാർ ആണ് .ആർ ജെ ഡി സർക്കാരിനുണ്ടായ ഭരണ വിരുദ്ധ വികാരവും മതേതര വോട്ടുകൾ ഭിന്നിച്ചതുമാണ് എൻ ഡി എ അധികാരത്തിൽ എത്താനും തുടരാനും കാരണം .
ഇതുവരെ അധികാരത്തിൽ ഏറിയിട്ടില്ലെങ്കിലും 1952 മുതൽ ഇടതു പാർട്ടികൾക്ക് ബിഹാറിൽ ഉറച്ച വോട്ട് ഉണ്ട് .മൂന്ന് തവണ മുഖ്യ പ്രതിപക്ഷമാകാനും ഇടതുപക്ഷത്തിന് കഴിഞ്ഞു .ഇപ്പോൾ സിപിഐ എംഎല്ലിന് മാത്രമാണ് ബീഹാർ അസംബ്ലിയിൽ പ്രാതിനിധ്യം ഉള്ളൂ .മൂന്നു എംഎൽഎമാർ ആണ് പാര്ടിക്കുള്ളത് .