ചരിത്ര തീരുമാനം; വേതനം തുല്യമാക്കി ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍
റിയോ ഡി ജനീറോ: ഇന്ന് ലോകത്ത് എല്ലാ മേഖലകളിലും സ്ത്രീ സാന്നിധ്യം കാണാം. സ്ത്രീയും പുരുഷനും തമ്മില്‍ യാതൊരു വേര്‍തിരിവുകളും ഇല്ലെന്ന് പറഞ്ഞ് വെക്കുമ്പോഴും ആ സത്യം നിലനില്‍ക്കുന്നു എന്നതിന് ഒരു ഉദാഹരണമായിരുന്നു ബ്രസീലില്‍ പുരുഷ, വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്കിടയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ നിലനിന്ന വേര്‍തിരിവ്. എന്നാല്‍ ഇപ്പോഴിതാ ഈ വേര്‍തിരിവ് മാറ്റിയിരിക്കുകയാണ് ബ്രസീല്‍.
പുരുഷ താരങ്ങള്‍ക്കു നല്‍കുന്ന അതേ പ്രതിഫലവും സൗകര്യങ്ങളും വനിതാ ടീമിനും നല്‍കുമെന്നാണ് കോണ്‍ഫെഡറേഷന്റെ പ്രഖ്യാപനം. ന്യൂസീലന്‍ഡ്, നോര്‍വേ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്കു പിന്നാലെയാണ് പുരുഷ, വനിതാ താരങ്ങള്‍ക്ക് തുല്യ പ്രതിഫലം നല്‍കാന്‍ ബ്രസീലും മുന്നോട്ടുവരുന്നത്.
പുരുഷ താരങ്ങള്‍ക്കും വനിതാ താരങ്ങള്‍ക്കുമുള്ള പ്രൈസ് മണിയും അലവന്‍സുകളും തുല്യമാക്കിയിട്ടുണ്ട്. അതായത് ഇനിമുതല്‍ ബ്രസീലിലെ പുരുഷ, വനിതാ താരങ്ങള്‍ക്ക് തുല്യ പ്രതിഫലം ലഭിക്കും’ ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (സിബിഎഫ്) പ്രസിഡന്റ് റൊജേരിയോ കബോക്ലോ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ത്തന്നെ ദേശീയ വനിതാ ടീം മാനേജരെ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര വനിതാ ഫുട്‌ബോളില്‍ നിലവില്‍ എട്ടാം റാങ്കിലാണ് ബ്രസീല്‍ വനിതകള്‍.