NEWS

ലഹരിക്കടത്ത് പാവകള്‍ക്കുളളില്‍; അനിഖയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

ബെംഗളൂരു: സിനിമ മേഖലയിലെ ലഹരി കടത്ത് ബന്ധത്തില്‍ അന്വേഷണം ഊര്‍ജിതമായ സാഹചര്യത്തില്‍ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍.

കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അനിഖ ലൈസര്‍ജിക് ആസിഡ് ഡൈഈതൈലമൈഡ് എന്ന ലഹരിവസ്തു ഇടപാടുകാര്‍ക്ക് എത്തിച്ചിരുന്നത് തപാല്‍ സ്റ്റാംപിനു പിന്നില്‍ തേച്ച് പാവകള്‍ക്കുള്ളില്‍ ഒളിപ്പിച്ചെന്നാണ് വെളിപ്പെടുത്തല്‍. പിന്നീട് ഈ പാവകള്‍ കുറിയറില്‍ അയയ്ക്കുകയായിരുന്നു. ഈ രീതില്‍ പാര്‍ട്ടികള്‍ക്കു വിതരണം ചെയ്തിരുന്ന സമ്മാനപ്പൊതികള്‍ എന്നു തോന്നിപ്പിക്കുന്ന പെട്ടികളിലായിരുന്നു ലഹരിക്കടത്ത്.

രാജ്യാന്തര കുറിയര്‍ സര്‍വീസ് വഴി ബിറ്റ്കോയിന്‍ നല്‍കി വിദേശത്തുനിന്നാണ് അനിഖ ലഹരിമരുന്ന് എത്തിച്ചിരുന്നത്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് അനിഖ നല്‍കിയിരിക്കുന്ന അഞ്ച് പേജ് മൊഴിയില്‍ കന്നഡയിലെ പ്രശസ്ത സിനിമാ താരങ്ങളുടെയും വിഐപിമാരുടെ മക്കളുടെയും പേരുണ്ട്. ഇവരില്‍ പലരും എന്‍സിബിയുടെ നിരീക്ഷണത്തിലാണെന്നാണു സൂചന. നടന്മാരെക്കാള്‍ കൂടുതല്‍ നടിമാരാണ് ലോക്ഡൗണില്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.

2000 മുതല്‍ 5000 രൂപ വരെ വാങ്ങി മെതലീന്‍ ഡയോക്സി മെത് ആംഫ്റ്റമൈന്‍ ഗുളികകള്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയിരുന്നതായി അനിഖ സമ്മതിച്ചു. ഇടപാടുകള്‍ക്കായി അനിഖ പല കോഡ് പദങ്ങളും ഉപയോഗിച്ചിരുന്നു. ബി-മണി എന്നായിരുന്നു അവരുടെ സോഷ്യല്‍ വെബ്സൈറ്റിന്റെ പേര്. അമീനംഖാന്‍ മുഹമ്മദ് എന്നയാള്‍ വഴിയായിരുന്നു പ്രധാന ഇടപാടുകള്‍. അനിഖയുടെ ഇടനിലക്കാരനായ ഡുഗോയ് ദുന്‍ജോ ഒളിവിലാണ്.

കഴിഞ്ഞ ദിവസമാണ് ലഹരി ഇടപാട് കേസില്‍ ടെലിവിഷന്‍ സീരിയല്‍ നടി ഡി.അനിഖയും കൂട്ടാളികളും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്.

നിരവധി വിഐപികളും സിനിമാ പ്രവര്‍ത്തകരും ഇവരുടെ ലഹരിക്കണ്ണിയില്‍ ഉണ്ടെന്നാണു പുറത്തുവരുന്ന വിവരം. മാത്രമല്ല സംഗീതജ്ഞര്‍ക്കും മുന്‍ നിര അഭിനേതാക്കള്‍ക്കും ഇവരുടെ കണ്ണിയാണെന്നും സംസ്ഥാനത്തെ വിഐപികളുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണെന്നും എന്‍സിബി ഡപ്യൂട്ടി ഡയറക്ടര്‍ കെ.പി.എസ്. മല്‍ഹോത്ര പറഞ്ഞിരുന്നു.

എക്സ്റ്റസി എന്നറിയപ്പെടുന്ന 145 എംഡിഎംഎ ഗുളികകളാണു കഴിഞ്ഞ ദിവസം കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പിടിച്ചെടുത്തത്. ഒരു എക്സ്റ്റസി ഗുളികയ്ക്ക് 1500 മുതല്‍ 2500 രൂപ വരെയാണു വില. 96 എംഡിഎംഎ ഗുളികകളും 180 എല്‍എസ്ഡി ബ്ലോട്ടുകളും ബെംഗളൂരുവിലെ നിക്കു ഹോംസില്‍നിന്നും കണ്ടുകെട്ടി. അനിഖയുടെ ദൊഡാഗുബ്ബിയിലുള്ള വീട്ടില്‍നിന്നു 270 എംഡിഎംഎ ഗുളികകളും പിടിച്ചെടുത്തു.

ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനില്‍ ബുക്ക് ചെയ്താണ് ലഹരിമരുന്നു നല്‍കിയിരുന്നത്. അനിഖയ്‌ക്കൊപ്പം പിടിയിലായ രവീന്ദ്രനും അനൂപും മലയാളികളാണെന്നാണ് അറിയുന്നത്.

ബെംഗളൂരുവില്‍ ചെറിയ സീരിയല്‍ റോളുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അനിഖ, സമ്പത്തുണ്ടാക്കാന്‍ ക്രമേണ അഭിനയം നിര്‍ത്തി ലഹിമരുന്ന് വിതരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് സിനിമ, ടിവി മേഖലയിലെ തന്റെ പരിചയം ഇതിനായി ഉപയോഗപ്പെടുത്തുകയായിരുന്നു.

Back to top button
error: