NEWS

രാഹുൽ ഗാന്ധി തിരിച്ചു വരുന്നു , കോൺഗ്രസിൽ പിടി മുറുക്കി ടീം രാഹുൽ

കോൺഗ്രസിൽ യുവതുർക്കികൾ കളം പിടിക്കുന്നു .രാഹുൽ ഗാന്ധിയുടെ പിന്തുണയോടെയാണ് പുതുതലമുറ നേതാക്കൾ പാർട്ടിയിൽ പിടിമുറുക്കുന്നത് .രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷനാകുന്നതിന്റെ ആദ്യപടിയാണ് ഇതെന്നാണ് വിലയിരുത്തൽ .

23 നേതാക്കൾ നേതൃത്വത്തെ ചോദ്യം ചെയ്ത് കത്തയച്ചതിനു പിന്നാലെ പാർട്ടി നടത്തിയ ചില നിയമനങ്ങൾ കൃത്യമായ ചില സൂചനകൾ നൽകുന്നു .37 കാരനായ ഗൗരവ് ഗോഗോയ് കോൺഗ്രസിന്റെ ലോക്സഭാ ഉപനേതാവായതും 44 കാരനായ രവനീത് സിങ് ബിട്ടു പാർട്ടി വിപ്പായതും യാദൃശ്ചികമല്ല .ശശി തരൂർ ,മനീഷ് തിവാരി എന്നീ രണ്ടു മുതിർന്ന എംപിമാർ ഉള്ളപ്പോഴാണ് പുതുതലമുറയ്ക്ക് പ്രൊമോഷൻ .

രണ്ട്  പാര്ലമെന്ററി സമിതികൾ കോൺഗ്രസ് രുപീകരിച്ചിരുന്നു .ഇതിൽ ഗോഗോയ് ,ബിട്ടു ,ലോക്സഭാ നേതാവ് അധിർ  രഞ്ജൻ ചൗധരി ,ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് ,മാണിക്കം ടാഗോർ ,കെ സി വേണുഗോപാൽ ,ജയറാം രമേശ് .അഹമ്മ്ദ് പട്ടേൽ ,രാജ്യസഭാ നേതാവ് ഗുലാം നബി ആസാദ് ,ഉപ നേതാവ് ആനന്ദ് ശർമ്മ എന്നിവർ ഉൾപ്പെടുന്നു .

രാഹുൽ ഗാന്ധിയുടെ തിരിച്ചു വരവിനു യുവനേതാക്കൾ കളമൊരുക്കുന്നുവെന്നാണ് പാർട്ടിക്കുള്ളിലെ ചർച്ച .നിർണായക തീരുമാനങ്ങൾ അടക്കം എടുക്കുന്ന ഒരു ചെറു ഗ്രൂപ്പിൽ ഉൾപ്പെടുന്നവർ ടീം രാഹുൽ ആണ് .അതിൽ കെ സി വേണുഗോപാലും രാജീവ് സതവും ഒക്കെ പെടുന്നു .രാജ്യസഭാ എംപിമാരുടെ യോഗത്തിൽ യു പി എ രണ്ടിലെ മന്ത്രിമാർക്കെതിരെ രാജീവ് സതവ് ഉയർത്തിയത് ഗുരുതര ആരോപണങ്ങൾ ആണ് .ഇത് രാഹുൽ ഗാന്ധിയുടെ അറിവോടെയാണെന്നാണ് മുതിർന്ന നേതാക്കൾ കരുതുന്നത് .

രാഹുൽ ടീമിന്റെ മർമ്മം എന്ന് പറയുന്നത് കെ സി വേണുഗോപാൽ ആണ് .കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ സി വേണുഗോപാൽ മത്സരിക്കുക ഉണ്ടായില്ല .എന്നാൽ രാഹുൽ അദ്ദേഹത്തെ സംഘടനാ ചുമതലാ ഉള്ള ജനറൽ സെക്രട്ടറി ആയി ഉയർത്തി .ഒപ്പം രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലും എത്തിച്ചു .രാജ്യസഭയിലെ നിർണായക തീരുമാനം എടുക്കുന്ന കോൺഗ്രസ്സ് ഗ്രൂപ്പിലും അംഗമാക്കി .

രാജസ്ഥാനിലെ അശോക് ഗെഹ്ലോട് – സച്ചിൻ പൈലറ്റ് പ്രശ്നത്തിലും ഇടപെടാൻ രാഹുലിനൊപ്പം കെ സി വേണുഗോപാൽ ഉണ്ടായിരുന്നു .നേതൃത്വത്തെ ചോദ്യം ചെയ്ത് 23 നേതാക്കൾ കത്തയച്ചതിനു ശേഷമുള്ള പ്രവർത്തക സമിതി യോഗത്തിനു മുന്നോടിയയായി സോണിയയ്ക്കും രാഹുലിനും പിന്തുണ തേടി നേതാക്കളെ വിളിച്ചത് കെ സി വേണുഗോപാൽ ആയിരുന്നു .

ബംഗാളിന്റെ സ്വതന്ത്ര ചുമതലയാണ് പാർട്ടി ഗൗരവ് ഗൊഗോയ്‌ക്ക് നൽകിയിരിക്കുന്നത് .ഈ വര്ഷം ആദ്യമാണ് സതവിനെ രാജ്യസഭയിൽ എത്തിച്ചത് .ഇവരെ കൂടാതെ രാഹുലിന്റെ സഹായികൾ ആയി കൂടെയുള്ളത് കനിഷ്‌കാ സിങ് ,കെ ബി ബൈജു ,കെ രാജു എന്നിവരാണ് .സച്ചിൻ റാവു ആണ് രാഹുലിന്റെ എറ്റവും പ്രധാനപ്പെട്ട ഉപദേശകൻ .കോൺഗ്രസ് പ്രവർത്തക സമിതിയിൽ അദ്ദേഹത്തിന് അംഗത്വവുമുണ്ട്.

ഒഡിഷയുടെ ചുമതലയുള്ള ജിതേന്ദ്ര സിങ് ,പാർട്ടി ട്രെഷറിയുടെ ചുമതലയുള്ള വിജേന്ദ്ര സിംഗ്ല ,എം പി മീനാക്ഷി നടരാജൻ എന്നിവരൊക്കെ ടീം രാഹുലിൽ ഉള്ളവർ ആണ് .”ഇന്ത്യയിലെ ഏക പ്രതിപക്ഷം രാഹുൽ മാത്രമാണ് .അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഒരു ചെറിയ ട്വീറ്റിന് പോലും മന്ത്രിമാർ അടക്കമുള്ളവരിൽ നിന്ന് പ്രതികരണം ഉണ്ടാകുന്നത് .”പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു നേതാവ് വ്യക്തമാക്കി .

1980 കളിലെ രാജീവ് ഗാന്ധിയുടെ വരവിനോട് അനുബന്ധിച്ചുണ്ടായ മാറ്റങ്ങൾ ആണ് ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത് .അന്ന് രാജീവ് ഗാന്ധി കൈപിടിച്ചുയർത്തിയതാണ് ഗുലാം നബി ആസാദിനെ .സീതാറാം കേസരി ,വാസുദേവ് പണിക്കർ തുടങ്ങിയവർ അന്ന് രാജീവിന്റെ മൂന്ന് അംഗ സംഘത്തിലെ ബാക്കി രണ്ടു പേർ .ആർ എൽ ഭാട്ടിയ ,നജ്മ ഹെപ്തുള്ള ,നവൽ കിഷോർ ശർമ്മ ,കെ സി പന്ത് ,ജെ വെങ്കല റാവു ,സന്തോഷ് മോഹൻദേവ് ,പി ചിദംബരം നട്വർ സിങ് എന്നിവരൊക്കെ രാജീവ് കാലഘട്ടത്തിന്റെ സൃഷ്ടിയാണ് .

യൂത്ത് കോൺഗ്രസിലും എൻ എസ് യു ഐ എന്നിവയിൽ പയറ്റിത്തെളിഞ്ഞവരെയാണ് രാഹുൽ കൂടെ കൂട്ടൂന്നത് .തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കാൻ ഈ പോഷക സംഘടനകളോട് രാഹുൽ ആവശ്യപ്പെട്ടിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: