NEWS

കളം പിടിച്ച് സോണിയ ,കണക്ക് കൂട്ടി കത്തെഴുതിയവർ


പാർട്ടിയിലെ ഭിന്നിപ്പിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടാൻ തന്നെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചിരിക്കുന്നത് .ഇത് കഴിഞ്ഞ ദിവസം രൂപീകരിച്ച പാർലമെന്ററി നയരൂപീകരണ സമിതികളിൽ അംഗങ്ങളെ തെരഞ്ഞെടുത്ത രീതികളിൽ നിന്ന് മനസിലാക്കാം .

പാർലമെന്റിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 10 അംഗ സമിതിയാണ് രൂപവൽക്കരിച്ചത് .ഇതിൽ കത്തെഴുതിയവരുടെ പ്രതിനിധികൾ തുലോം കുറവാണ് .സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ട ദിവസം തന്നെയാണ് പാർലമെന്ററി സമിതികൾ രൂപീകരിച്ചത് എന്നത് ശ്രദ്ധേയമാണ് .

Signature-ad

രാജ്യസഭയിലെ സമിതിയിൽ കോൺഗ്രസിനെ രാജ്യസഭയിൽ നയിക്കുന്ന ഗുലാം നബി ആസാദും ഉപനേതാവ് ആനന്ദ് ശർമയുമുണ്ട് . ബാക്കി 3 പേർ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരാണ് .ജയറാം രമേഷ് ,അഹമ്മദ് പട്ടേൽ ,കെ സി വേണുഗോപാൽ എന്നിവർ ആണവർ .അതിൽ തന്നെ ജയറാം രമേശിന് ചീഫ് വിപ്പ് സ്ഥാനവും നൽകി .

 ഒരു വർഷത്തിന് ശേഷമാണ് ലോക്സഭയിൽ ഉപനേതാവിനെ തെരഞ്ഞെടുത്തത് .അസമിൽ നിന്നുള്ള യുവനേതാവ് ഗൗരവ് ഗോഗോയ് ആണ്  ഉപനേതാവ് .രവ്‌നീത് സിങ് ബിട്ടു ,മാണിക്കം ടാഗോർ എന്നിവരാണ് വിപ്പുമാർ .അധിർ രഞ്ജൻ ചൗധരി ,ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എന്നിവരും സമിതിയിൽ ഉണ്ട് .ഇവരെല്ലാം ഗാന്ധി കുടുംബത്തോട് വിശ്വാസ്യത പുലർത്തുന്നവരാണ് .

സഭയിലെ ഏറ്റവും മികച്ച പ്രാസംഗികരായ ശശി തരൂർ ,മനീഷ് തിവാരി എന്നിവർ സമിതിയിൽ നിന്ന് പുറത്ത് നിൽക്കുന്നു എന്നത് തന്നെ ഒരു സന്ദേശം ആണ് .കഴിഞ്ഞ സമ്മേളനത്തിൽ രാഹുൽ ഗാന്ധിക്കെതിരായ ബിജെപി പരാമർശങ്ങളിൽ പ്രതിഷേധിച്ച് സസ്‌പെൻഷൻ വാങ്ങിയവരാണ് ഗോഗോയും ബിട്ടുവും .

ഇനി ഒന്നിച്ചു പ്രവർത്തിക്കാം എന്ന് സോണിയ ഗാന്ധി യോഗത്തിൽ വ്യക്തമാക്കിയെങ്കിലും ഗുലാം നബി ആസാദും  കപിൽ സിബലും പരസ്യപ്രസ്താവനകളുമായി മുന്നോട്ട് പോകുകയാണ് .രാഹുൽ ഗാന്ധി അധ്യക്ഷൻ ആകണമെന്ന് ഇവർ ആവശ്യപ്പെടുന്നുണ്ടെങ്കിലും സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യത്തിൽ നിന്ന് ഇവർ പുറകോട്ട് പോയിട്ടില്ല .എന്നാൽ ശശി തരൂർ ആകട്ടെ വെടി നിർത്തിയ മട്ടാണ് ..

Back to top button
error: