ധ്യാന്‍ചന്ദിനെ അനുസ്മരിച്ച് മറ്റൊരു കായികദിനം കൂടി
ഇന്ന് ദേശീയ കായികദിനം. .നമ്മുടെ കായിക ലോകത്തിന്റെ പാരമ്പര്യവും പ്രൗഢിയും ഓര്‍മ്മപ്പെടുത്തുന്ന ദിനമാണിന്ന്. ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്ന് തവണ ഒളിമ്പിക്സില്‍ ഹോക്കി സ്വര്‍ണമെഡല്‍ നേടിക്കൊടുത്ത ടീമുകളിലെ പ്രധാന കളിക്കാരനായിരുന്ന ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്.
1905 ഓഗസ്റ്റ് 29-ന് അലഹബാദില്‍ ജനിച്ച ധ്യാന്‍ ചന്ദ് 1928-ലായിരുന്നു ആദ്യമായി ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയത്. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികള്‍ അദ്ദേഹത്തെ കണക്കാക്കിയത്. ധ്യാന്‍ ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1936-ലെ ഒളിമ്പിക്‌സില്‍ ജര്‍മ്മനിയെ ഇന്ത്യ തോല്‍പ്പിച്ചപ്പോള്‍, ഹിറ്റ്‌ലര്‍ നല്‍കിയ ഒരു അത്താഴവിരുന്നില്‍ ധ്യാന്‍ചന്ദ് സംബന്ധിച്ചു. ഇന്ത്യന്‍ കരസേനയില്‍ ലാന്‍സ് കോര്‍പ്പറല്‍ ആയിരുന്ന ധ്യാന്‍ചന്ദിനു ഹിറ്റ്‌ലര്‍, ജര്‍മ്മനിയില്‍ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജര്‍മ്മന്‍ ആര്‍മിയില്‍ കേണല്‍ പദവി വാഗ്ദാനം ചെയ്തു. എന്നാല്‍ ധ്യാന്‍ ചന്ദ് അത് നിരസിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജര്‍ പദവി നല്‍കുകയും 1956ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു.
1932ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സില്‍ അമേരിക്കക്കെതിരായ ഫൈനല്‍ 23 ഗോളിനു ജയിച്ചപ്പോള്‍ ധ്യാന്‍ ചന്ദിന്റെ വിഹിതം 7 ഗോളായിരുന്നു. അന്നു അമേരിക്കക്കെതിരെ ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ ലീഡ് ചെയ്തപ്പോള്‍ ഒരു അമേരിക്കന്‍ താരത്തിനു സംശയം.ധ്യാന്‍ ചന്ദിന്റെ സ്റ്റിക്ക് മാന്ത്രിക വടിയാണോ.അമ്പയര്‍ സംശയിച്ചു നില്‍ക്കേ,ധ്യാന്‍ ചന്ദ് തന്റെ സ്റ്റിക്ക് അമേരിക്കന്‍ കളിക്കാരനു നല്‍കി.പകരം അയാളുടെ സ്റ്റിക്ക് ധ്യാന്‍ചന്ദും എടുത്തു.എന്നിട്ടും രണ്ടു ഡസന്‍ ഗോളുകള്‍ വല നിറച്ചു.സ്‌കോര്‍ 24-1 ഒളിമ്പിക്‌സില്‍ ഇന്നും ഭേദിക്കപ്പെടാതെ കിടക്കുന്ന റെക്കോര്‍ഡ്. അന്ന് ഒരു പത്രം എഴുതിയത് ഇന്ത്യക്കാരെ ഇടംകൈകൊണ്ടു മാത്രം കളിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നാണ്.
അന്ന് എട്ടു ഗോളുകളോടെ അമേരിക്കന്‍ കാണികളെ തന്റെ ഹോക്കി സ്റ്റിക്കിലെ മാന്ത്രികത കൊണ്ട് അതിശയിപ്പിച്ച ആ ഇന്ത്യക്കാരന്റെ ഇന്ത്യന്‍ ഹോക്കിക്ക് പകരം വെയ്ക്കാനില്ലാത്ത നേട്ടങ്ങള്‍ സമ്മാനിച്ച അതുല്യപ്രതിഭയാണ്. 1928, 1932, 1936 തുടങ്ങി തുടര്‍ച്ചയായ മൂന്നു തവണ ഇന്ത്യയ്ക്ക് ഒളിമ്പിക്‌സ് ഹോക്കിയില്‍ സ്വര്‍ണ മെഡല്‍ നേടത്തന്ന താരം. ധ്യാന്‍ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായാണ് കണക്കാക്കപ്പെടുന്നത്.
1930ല്‍ വിയന്നയില്‍ അവിടുത്തുകാര്‍ ധ്യാന്‍ ചന്ദിന്റെ പ്രതിമ തന്നെ സ്ഥാപിച്ചു. ആ പ്രതിമയ്ക്ക് നാല് കൈകളുണ്ടായിരുന്നു. നാലു കൈകളില്‍ ഓരോ ഹോക്കിസ്റ്റിക്കു വീതവും. ഒരു സാധാരണ മനുഷ്യന്‍ രണ്ട് കൈയ്യും ഒരു വടിയും കൊണ്ട് ധ്യാന്‍ചന്ദിനെ പോലെ ഹോക്കിയില്‍ ജയിക്കാന്‍ കഴിയില്ല എന്ന വിയന്നക്കാരുടെ വിശ്വാസത്തിന്റെ തെളിവായിരുന്നു ആ പ്രതിമ.
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ഹോക്കിയില്‍ നിരവധി വിജയങ്ങള്‍ ഇന്ത്യയ്ക്കായി നേടിയ താരം നാനൂറിലേറെ ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. ഒടുവില്‍ കരളിന് കാന്‍സര്‍ ബാധിച്ച് 1979 ഡിസംബര്‍ മൂന്നിനായിരുന്നു ആ പ്രതിഭയുടെ അന്ത്യം.