TRENDING

വിമാന സര്‍വ്വീസുകളില്‍ ഭക്ഷണവിതരണം പുനരാരംഭിച്ചു; മാസ്‌ക് നിര്‍ബന്ധം

കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വിമാന സര്‍വ്വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ പതുക്കെ പതുക്കെ ഈ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍. വിമാനയാത്രയില്‍ ഭക്ഷണ വിതരണമാണ് പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി സര്‍ക്കാര്‍ അനുമതി നല്‍കി.

ആഭ്യന്തര വിമാനങ്ങളിലും രാജ്യാന്തര സര്‍വീസുകളിലും ഇനി പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളും ഊണും പാനീയങ്ങളും ചൂടുള്ള ഭക്ഷണവും വിളമ്പാം. കോവിഡ് പശ്ചാത്തലത്തില്‍ മേയ് 25ന് പുനരാരംഭിച്ച ആഭ്യന്തര വിമാനങ്ങളില്‍ ഇന്‍-ഫ്‌ളൈറ്റ് ഭക്ഷണസേവനം അനുവദിച്ചിരുന്നില്ല. രാജ്യാന്തര വിമാനങ്ങളില്‍ മുന്‍കൂറായി പായ്ക്ക് ചെയ്ത തണുത്ത ഭക്ഷണവും സ്‌നാക്‌സും മാത്രമാണു നല്‍കിയിരുന്നത്.

അതേസമയം, ഫെയ്സ് മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനക്കമ്പനികള്‍ക്കു നോ-ഫ്‌ളൈ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നും ഡയറക്ടറ്റേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പുതിയ ഉത്തരവനുസരിച്ച്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍ ട്രേ, പ്ലേറ്റ്, പാത്രങ്ങള്‍ എന്നിവ മാത്രമേ ഉപയോഗിക്കാവൂ. ഓരോ തവണയും ഭക്ഷണമോ പാനീയമോ നല്‍കിയ ശേഷം ക്രൂ പുതിയ കയ്യുറകള്‍ ധരിക്കണം. വിമാനത്തിനുള്ളില്‍ വിനോദത്തിനുള്ള സംവിധാനങ്ങളുണ്ടെങ്കില്‍ ഉപയോഗിക്കാന്‍ ഓപ്പറേറ്റര്‍മാര്‍ യാത്രക്കാര്‍ക്ക് അനുമതി നല്‍കണം. ഡിസ്‌പോസബിള്‍ ഇയര്‍ഫോണോ വൃത്തിയാക്കിയതും അണുവിമുക്തമാക്കിയതുമായ ഹെഡ്ഫോണോ യാത്രക്കാര്‍ക്ക് നല്‍കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചു.

Back to top button
error: