“സൂപ്പർ മുഖ്യമന്ത്രി ” ആയി യെദിയൂരപ്പയുടെ മകൻ ,കത്ത് പുറത്ത് വിട്ട് കോൺഗ്രസ്
കർണാടകയിൽ ബിജെപി എംഎൽഎമാരുടേത് എന്ന് പറയപ്പെടുന്ന കത്ത് പുറത്ത് വിട്ടു കോൺഗ്രസ്സ് .കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്ര സൂപ്പർ മുഖ്യമന്ത്രി ആകാൻ ശ്രമിക്കുക ആണെന്നാണ് കത്തിലെ ഉള്ളടക്കം .
സമാന്തര അധികാര കേന്ദ്രം ആയാണ് ബി വൈ വിജയേന്ദ്ര പ്രവർത്തിക്കുന്നത് എന്ന് കത്ത് ആരോപിക്കുന്നു .ബിജെപി കേന്ദ്ര നേതൃത്വത്തിന് പാർട്ടിയിലെ ഏഴു എംഎൽഎമാർ അയച്ചു എന്ന് പറയുന്ന കത്താണ് കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നത് .കോൺഗ്രസ് സംസ്ഥാന വക്താവ് എം ലക്ഷ്മണ ആണ് കത്ത് മൈസുരുവിൽ മാധ്യമങ്ങൾക്ക് കൈമാറിയത് .
സർക്കാർ കരാറുകൾക്ക് ബി വൈ വിജയേന്ദ്ര കോടികൾ കൈക്കൂലി വാങ്ങുന്നുവെന്നു കത്ത് ആരോപിക്കുന്നു .15 ശതമാനം ആണത്രേ കമ്മീഷൻ .ഇതിനെ വി എസ് ടി അഥവാ വിജയേന്ദ്ര സർവീസ് ടാക്സ് എന്നാണ് കരാറുകാർ വിളിക്കുന്നതത്രെ .പാർട്ടിയിലും സർക്കാരിലുമുള്ള 31 അംഗ സംഘമാണ് സമാന്തര ഭരണം നടത്തുന്നത് എന്ന് കത്ത് പറയുന്നു .
പാർട്ടിയെ ഓർത്താണ് പൊതുവേദിയിൽ ആരോപണം ഉന്നയിക്കാത്തത് .ബി വൈ വിജയേന്ദ്രയെ അധികാര ഇടനാഴികളിൽ നിന്ന് മാറ്റി നിർത്തണമെന്നും കത്ത് ആവശ്യപ്പെടുന്നു .മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും അഴിമതിക്ക് കൂട്ട് നിൽക്കുകയാണെന്ന ഗുരുതര ആരോപണവും കത്ത് ഉന്നയിക്കുന്നുണ്ട് .
5000 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് കത്ത് പുറത്ത് വിട്ടുകൊണ്ട് കോൺഗ്രസ് വക്താവ് എം ലക്ഷമണ മാധ്യമങ്ങളോട് പറഞ്ഞു .കൂടുതൽ തെളിവുകൾ വരുംദിവസങ്ങളിൽ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു .
എന്നാൽ ബി വൈ വിജയേന്ദ്ര ആരോപണം തള്ളി രംഗത്തെത്തി .ആരോപണങ്ങൾ കെട്ടിച്ചമച്ചത് ആണെന്നും കത്ത് വ്യാജമാണെന്നും ബി വൈ വിജയേന്ദ്ര ആരോപിച്ചു .കോൺഗ്രസിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ മുഖം എന്നാണ് ബി വൈ വിജയേന്ദ്ര കത്തിനെ വിശേഷിപ്പിച്ചത് .
മന്ത്രിസഭാ വിപുലീകരണവുമായി ബന്ധപ്പെട്ടു നിരവധി പ്രശ്നങ്ങൾ ബിജെപിയിൽ നടക്കവെയാണ് കത്ത് പുറത്ത് വന്നത് .യെദിയൂരപ്പക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമായാണ് കത്തിനെ ബിജെപിയിലെ ഒരു വിഭാഗം കാണുന്നത് .ബി വൈ വിജയേന്ദ്രയെ അടുത്തിടെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചിരുന്നു ..